ന്യൂ ഡല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
കോവിഡ് ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ആളുകള്‍ പങ്കെടുത്തുകൊണ്ടുള്ള രാഷ്ട്രീയ റാലികള്‍ നിയന്ത്രിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
28 സീറ്റുകളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി, ഒരു സ്ഥാനാര്‍ത്ഥിക്കും രാഷ്ട്രീയ പാര്‍ട്ടിക്കും പൊതുസമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതിയിലെ ഗ്വാളിയര്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് വോട്ടെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ മധ്യപ്രദേശ് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിക്കാന്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ രണ്ട് റാലികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു.
നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന് 28 സീറ്റുകളും വിജയിക്കേണ്ടതുണ്ട്. എന്നാല്‍ 230 അംഗ സഭയില്‍ 116 എന്ന ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് ഒമ്പത് സീറ്റുകള്‍ മതി.