അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 148/5
മുബൈ ഇന്ത്യന്‍സ് 16.5 ഓവറില്‍ 149/2.
44 പന്തില്‍ 78 റണ്‍സടിച്ച ക്വിന്‍റണ്‍ ഡീകോക്കാണ് മുംബൈയുടെ ജയം ആനായാസമാക്കിയത്.
149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ പവര്‍പ്ലേ ഓവറില്‍ 51 റണ്‍സാണ് മുംബൈ സ്‌കോര്‍ ബോര്‍ഡിലെത്തിയത്.
63 പന്തില്‍ 94 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 36 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ശിവം മാവിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സൂര്യകുമാര്‍ യാദവ് 10 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 36 പന്തില്‍ 53 റണ്‍സെടുത്ത പാറ്റ് കമിന്‍സിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പുതിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍ 29 പന്തില്‍ 39 റണ്‍സെടുത്ത് കമിന്‍സിനൊപ്പം പുറത്താവാതെ നിന്നു.
രാഹുല്‍ ത്രിപാഠി(7), ശുഭ്മാന്‍ ഗില്‍(21), നിതീഷ് റാണ(5), ദിനേശ് കാര്‍ത്തിക്ക്(4), ആന്ദ്രെ റസല്‍(12) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ കമിന്‍സും മോര്‍ഗനും ചേര്‍ന്നാണ് കൊല്‍ക്കത്തയെ 148ല്‍ എത്തിച്ചത്. മുംബൈക്കായി രാഹുല്‍ ചാഹര്‍ രണ്ടും ബോള്‍ട്ട്, ബുമ്ര, കോള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.