തളരുന്ന രോഗിയുടെ മാനസികാവസ്ഥയ്ക്കും തകരുന്ന ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ സന്തുലിതാവസ്ഥയ്ക്കും താങ്ങാകുന്ന ചാലക ശക്തിയാണ് പാലിയേറ്റീവ് കെയര്‍ അഥവ സാന്ത്വന പരിചരണം. രോഗ തീവ്രതയ്‌ക്കോ ചികിത്സാ വിധികള്‍ക്കോ അപ്പുറം വേദന, മാനസിക സമ്മർദ്ദം, ഏകാന്തത തുടങ്ങി രോഗാനുബന്ധമായ അസ്വസ്ഥതകളാണ് നിരാലംബരായ രോഗികളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. കാരുണ്യത്തിന്‍റെ കരങ്ങള്‍ നീട്ടി, ഈ പ്രതിസന്ധികളെ വ്യര്‍ത്ഥമാക്കുന്ന മനുഷ്യസ്നേഹത്തിന്റെയും അനുകമ്പയുടേയും ഉദാത്ത മാതൃകയാണ് സാന്ത്വന പരിചരണം ലക്ഷ്യമിട്ടുള്ള സന്നദ്ധ സംഘടനകള്‍.
വേദനയുടെയും ഒറ്റപ്പെടലിന്റെയും ലോകത്ത് താങ്ങായെത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ലോകത്ത് ഉടനീളമുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ, കഴിഞ്ഞ പതിനേഴ് വര്‍ഷക്കാലം രോഗികള്‍ക്ക് കൂട്ടായും അസുഖങ്ങളെ മറികടക്കാന്‍ തുണയായും സാന്ത്വന പരിപാലന രംഗത്ത് സജീവമാണ്. ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ പാലിയം ഇന്ത്യ സവിശേഷമായ ഒരു പരിപാടിയുമായാണ് ഇത്തവണ പാലിയേറ്റീവ് കെയര്‍ ദിനം സമ്പൂര്‍ണ്ണമാക്കാന്‍ ഒരുങ്ങുന്നത്.
“ഇ-മഞ്ഞുതുള്ളി 2020” എന്ന പേരില്‍ ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനവും വില്‍പനയുമാണ് പാലിയം ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിലൂടെ, സാന്ത്വന പരിപാലനത്തില്‍ സമൂഹത്തിന്‍റെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുകയാണ് പാലിയം ഇന്ത്യ. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നുള്ള ചിത്രകാരന്മാരും ഫോട്ടോഗ്രാഫര്‍മാരും സംഭാവന ചെയ്ത കലാസൃഷ്ടികള്‍ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിലൂടെ വില്‍പന നടത്തുകയും അതിന്‍റെ വരവ് പാലിയേറ്റീവ് കെയറിലെ അന്തേവാസികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയുമാണ് “മഞ്ഞുതുള്ളി” എന്ന ഈ ഉദ്ദ്യമത്തിന്‍റെ ലക്ഷ്യം.
അന്തേവാസികളുടെ ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പാലിയം ഇന്ത്യയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ചിത്ര പ്രദര്‍ശനം എന്ന ആശയം അവതരിപ്പിക്കുന്നത്. “മഞ്ഞുതുള്ളി” എന്ന പേരില്‍ 2014 മുതല്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. എന്നാല്‍ ലോകം കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ഓണ്‍ലൈന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. പാലിയേറ്റീവ് കെയര്‍ ദിനമായ നാളെ വൈകിട്ട് 5ന് സിനിമ താരം മമ്മൂട്ടി “ഇ-മഞ്ഞുതുള്ളി” ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണി ഗായിക ചിത്ര ആശംസകള്‍ അര്‍പ്പിക്കും. https://facebook.com/palliumindia എന്ന ലിങ്കിലൂടെ തത്സമയ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാം.
“ആരോഗ്യമെന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യമാണ് അത് കിട്ടണമെങ്കില്‍ സമൂഹം ഒന്നിച്ചു നില്‍ക്കണം. രോഗികളുടെ മാത്രമല്ല അശരണരായ കുടുംബാംഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതും ഞങ്ങളുടെ ചുമതലയാണ്. മഞ്ഞുതുള്ളി എന്ന പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന തുക മഴുവനായും ഇത്തരം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ ആശയം കൊണ്ടുവന്നതും നടത്തുന്നതുമൊക്കെ ഞങ്ങളുടെ സന്നദ്ധ പ്രവര്‍ത്തകരാണ്. അവരോട് തീര്‍ത്താല്‍ തീരാത്ത സ്നേഹവും ബഹുമാനവുമാണ് ഈ അവസരത്തില്‍ അറിയിക്കാനുള്ളത്”, പാലിയം ഇന്ത്യയുടെ ചെയര്‍മാന്‍ പത്മശ്രീ ഡോ എം രാജഗോപാല്‍ പറയുന്നു.
“ഇ-മഞ്ഞുതുള്ളി 2020” ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ആശംസകളും സഹകരണവുമായി സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് രാഗത്തെത്തിയിട്ടുള്ളത്. ചിത്രകാരന്മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമൊപ്പം മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍ ഐഎഎസ്, സിനിമ താരം ഷീല, ലിസ്സി ജേക്കബ് ഐഎഎസ്, കോട്ടയം നസീര്‍, തുടങ്ങി പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ തങ്ങളുടെ കലാസൃഷ്ടികള്‍ സംഭാവന ചെയ്ത് ഈ ഉദ്ദ്യമത്തിന് മികവേകുന്നു. മൂന്നര വയസ്സു മുതലുള്ള കുട്ടികളില്‍ നിന്നടക്കം കലാസൃഷ്ടികള്‍ ലഭിച്ചതായി സംഘാടകര്‍ വ്യക്തമാക്കുന്നു. എഴുന്നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ അണിനിരക്കുക. ഡിസംബര്‍ 10 വരെ പ്രദര്‍ശനം നീളും. അങ്ങനെ സാന്ത്വന പരിചരണ രംഗത്ത് മഞ്ഞുതുള്ളി ഒരു നനുത്ത തലോടലായി യാത്ര തുടരും.