ന്യൂ ഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിലെ സീറ്റ് ധാരണയിൽ നേട്ടം കോൺഗ്രസിന്. 2015-ലെ തെരഞ്ഞെടുപ്പിൽ 41 സീറ്റിൽ മത്സരിച്ച പാർട്ടി ഇക്കുറി 70 സീറ്റ് ചോദിച്ചുവാങ്ങി. പുറമേ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാല്‌മീകിനഗർ സീറ്റും.
ആർജെഡിയുമായി സീറ്റ് ധാരണ തുടങ്ങിയശേഷം ഏറ്റവും കൂടുതൽ സീറ്റ് വീതമാണ് ഇത്തവണ കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. 58 സീറ്റിലധികം കോൺഗ്രസിന് നൽകാനാവില്ലെന്ന തീരുമാനത്തിലായിരുന്നു നേരത്തേ ആർജെഡി.
144 സീറ്റിൽ ആർജെഡിയും 19 സീറ്റിൽ സിപിഐഎംഎലും ആറു സീറ്റിൽ സിപിഐയും നാല് സീറ്റിൽ സിപിഎമ്മും മത്സരിക്കും. ധാരണയിൽ അതൃപ്തിപ്രകടിപ്പിച്ച് ഘടകകക്ഷിയായ വികാസ് ശീൽ ഇൻസാൻ പാർട്ടി (വിഐപി) മഹാസഖ്യം വിട്ടു.
25 സീറ്റും ഉപമുഖ്യമന്ത്രിപദവും ആർജെഡി തനിക്ക് നേരത്തേ ഉറപ്പു നൽകിയിരുന്നതാണെന്ന് പാർട്ടി നേതാവ് മുകേഷ് സാഹ്നി പറഞ്ഞു. ബോളിവുഡിലെ സെറ്റ് ഡിസൈനറായ സാഹ്നി 2018-ലാണ് വിഐപി രൂപവത്‌കരിച്ചത്.
ചെറുകിട പാർട്ടികൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ആർജെഡിയും തേജസ്വി യാദവും ഇത്തവണ സ്വീകരിച്ചത്. കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരുമായുള്ള പരമ്പരാഗത കൂട്ടുകെട്ടാണ് രാഷ്ട്രീയമായി ഗുണംചെയ്യുകയെന്നാണ് തേജസ്വിയുടെ നിരീക്ഷണം.