ഷാർജ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റൺസിന്‍റെ ജയം. ഡൽഹി ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 210 റൺസേ നേടാനായുള്ളു. നിതീഷ് റാണയുടെ ചെറുത്തുനിൽപിനും അവസാന ഓവറുകളിൽ ഒയിൻ മോര്‍ഗൻ, രാഹുൽ ത്രിപാഠി എന്നിവരുടെ വമ്പൻ ഷോട്ടുകൾക്കും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ വിജയിപ്പിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പൃഥ്വിഷായുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ആണിത്.
38 പന്തുകളില്‍ നിന്നും 88 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഈ സീസണിലെ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സും ശ്രേയസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 66 റണ്‍സെടുത്ത് പൃഥ്വി ഷായും 38 റണ്‍സെടുത്ത് ഋഷഭ് പന്തും അയ്യര്‍ക്ക് മികച്ച പിന്തുണയേകി.
വിജയലക്ഷ്യമായ 229 റൺ പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് തുടക്കത്തിലെ പിഴച്ചു. ഒരു ഘട്ടത്തില്‍ വിജയം കൈവിട്ട കൊല്‍ക്കത്ത ഒയിന്‍ മോര്‍ഗന്റെയും രാഹുല്‍ ത്രിപാഠിയുടെയും അത്ഭുത ബാറ്റിങ്ങിലൂടെ തിരിച്ചുവരികയായിരുന്നു. എന്നാല്‍ അവസാനഓവറുകളില്‍ ഇരുവരുടെയും വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചു.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ഹെ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റെടുത്തു. റബാദ, സ്‌റ്റോയിനിസ്, മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.