ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് റണ്‍സ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഷെയ്ന്‍ വാട്ട്‌സണെ (1) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. പിന്നാലെ അമ്പാട്ടി റായുഡു എട്ടു റണ്‍സുമായി മടങ്ങി. 22 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി (22) കൂടി പുറത്തായതോടെ ചെന്നൈ കടുത്ത പ്രതിരോധത്തിലായി. പിന്നാലെ മൂന്നു റണ്‍സുമായി കേദാര്‍ ജാദവും മടങ്ങി. രവീന്ദ്ര ജഡേജയും എം.എസ് ധോനിയും പൊരുതി നോക്കിയെങ്കിലും സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
35 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സെടുത്തു. 36 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയം ഏഴു റണ്‍സ് അകലെയായി. സാം കറന്‍ അഞ്ചു പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിരുന്നു.
യുവതാരങ്ങളായ പ്രിയം ഗാര്‍ഗ് – അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 22 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ പ്രിയം ഗാര്‍ഗ് 26 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നു. താരത്തിന്റെ ആദ്യ ഐ.പി.എല്‍ അര്‍ധ സെഞ്ചുറിയാണിത്. 24 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.