135 കോടിയിലധികം ജനങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനം. വികസിത രാജ്യമാകാൻ വെമ്പൽ കൊള്ളുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് വിലയിരുത്തലെങ്കിലും ദരിദ്രകോടികൾ വസിക്കുന്ന ഇടം കൂടിയാണ് നമ്മുടെ രാജ്യം. ദരിദ്രകോടികളിൽ ഭൂരിഭാഗവും 135 കോടി ജനതയുടെ വിശപ്പകറ്റാൻ മണ്ണിൽ പണിയെടുക്കുന്ന കർഷകരാണ്. ലോകത്ത് മിക്ക ഇടത്തും കർഷകർ ഏറെ ബഹുമാനിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന വിഭാഗമാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അതല്ല സ്ഥിതി. ഇവിടെ കർഷകർ അരികുവൽക്കരിക്കപ്പെട്ടവരും പുറന്തള്ളപ്പെട്ടവരുമാണ്.
ഇന്ത്യയിലെ ആത്മഹത്യാ കണക്കെടുത്താൽ അതിൽ മുൻപന്തിയിൽ തന്നെയാണ് കർഷകരുടെ സ്ഥാനം. ലോണെടുത്തതാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം കർഷകരും കൃഷി നടത്തുന്നത്. കൃഷി ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും പരിസ്ഥിതി ആഘാതങ്ങൾ കാരണമുള്ള കൃഷി നാശവും, വെട്ടുക്കിളി പോലുള്ളവയുടെ ആക്രമണവുമെല്ലാം കർഷകർക്ക് തിരിച്ചടിയാകാറുണ്ട്. തിരിച്ചടികൾ സംഭവിക്കുന്നതോടെ ലോൺ തിരിച്ചടവ് മുടങ്ങുകയും പിന്നീട് കർഷകൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിയും വരുന്നു. അമ്പതിനായിരം രൂപയുടെ ലോൺ തിരിച്ചടക്കാനാവാതെ കർഷകൻ ആത്മത്യ ചെയ്യുന്ന നാട്ടിൽ തന്നെയാണ് വ്യവസായികളുടെ ലക്ഷം കോടികളുടെ കടം എഴുതിത്തള്ളുന്നതും.
കർഷകരോടുള്ള ഈ അവഗണനയുടെയും വ്യവസായികളോടുള്ള വിധേയത്തിന്റെയും പുതിയ ഉത്‌പന്നമാണ് പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കപ്പെട്ട കാർഷിക ബിൽ. പ്രതിപക്ഷത്തിന്റെയും കർഷക സമൂഹത്തിന്റെയും എതിർപ്പുകളെയും പ്രതിഷേധങ്ങളെയും വകവെക്കാതെ, അവ കേൾക്കാനുള്ള ജനാധിപത്യ മര്യാദ പോലും കാണിക്കാതെയാണ് നിയമം പാസാക്കിയത്. എതിർത്ത എട്ട് എംപിമാരെ പുറത്താക്കിയും ചർച്ചകൾ നടത്താതെയും നടപ്പാക്കപ്പെടുന്ന ഒരു നിയമം എത്രത്തോളം ഏകാധിപത്യപരമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
അരിയടക്കമുള്ള ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ ഒക്കെ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാരിനും അവരുടെ ഏജന്‍സികളിലുമായി നിശ്ചയിക്കപ്പെട്ട വകുപ്പുകള്‍ ഇല്ലാതാകുന്നു എന്നതാണ് ഈ നിയമത്തിന്റെ വലിയ ദോഷങ്ങളിൽ ഒന്ന്. ആര്‍ക്കും അവശ്യ വസ്തുക്കള്‍ സംഭരിച്ച് സൂക്ഷിച്ച് വിതരണം ചെയ്യാം. ഫാം കൃഷിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുതലിറക്കാം എന്നതെല്ലാം നിയമത്തിന്റെ ഭാഗമായി വരുന്നതോടെ കർഷകന്റെ സ്ഥാനം എന്നത് കേവലം കൂലിവേലക്കാരൻ മാത്രമായി മാറും.
കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന വിതയ്ക്കുമ്പോള്‍ തന്നെ വില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ഉല്പങ്ങള്‍ മുതല്‍ മുടക്കുന്ന കമ്പനിയ്ക്ക് വില്‍ക്കാം. അവര്‍ വേണ്ട സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കും, വിപണിക്കായി കര്‍ഷകര്‍ കാത്തു നില്‍ക്കേണ്ട, കൃഷിയിടത്തില്‍ നിന്നു തന്നെ കമ്പനി ഉല്പന്നങ്ങള്‍ വാങ്ങും. കേൾക്കുമ്പോൾ കർഷകരുടെ രക്ഷക്കായി എന്ന് തോന്നുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. എന്നാൽ കോർപറേറ്റുകൾക്ക് അധികാരം നൽകുന്ന ഇടങ്ങളിൽ അവർ നടത്തുന്ന ഇടപെടൽ എത്തരത്തിലാണെന്ന് നമുക്ക് മുന്നിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
വർഷങ്ങൾക്ക് മുൻപ് പല രാജ്യങ്ങളിലും നടപ്പാക്കപ്പെട്ട, പിന്നീട് കർഷക രോഷവും പ്രതിഷേധങ്ങളും ഉയർന്നതോടെ ഉപേക്ഷിക്കപ്പെട്ട ഒരു നിയമമാണ് ഇന്ത്യയിലെ കർഷകരുടെ അന്ത്യം കുറിക്കാൻ പുതിയ കുപ്പിയിൽ എത്തിക്കുന്നത്. ഇന്ത്യയിലെ കൃഷി ഭൂമി മുഴുവന്‍ പത്തോ ഇരുപതോ ശതമാനം ആളുകളുടെ കൈവശമാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രീതിയാണ് മിക്ക സംസ്ഥാനങ്ങളിലും നടന്ന് വരുന്നത്. ഭൂമിയുടെ ഉടമയുടെ കയ്യിൽ നിന്ന് ഒരാൾ പാട്ടത്തിന് എടുക്കുകയാണ് പതിവ്. ചില കർഷകർ നേരിട്ടോ ചെറിയ സംഘങ്ങൾ ആയോ ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യും. മറ്റിടങ്ങളിൽ പാട്ടത്തിന് എടുക്കുന്നത് ഒരാളും കൃഷി ചെയ്യുന്നത് മറ്റൊരാളും ആകും. ഈ രീതിയാണ് കൂടുതൽ ഉള്ളത്.
ഇവിടെ കോർപ്പറേറ്റ് ഇടപെടൽ വരുന്നതോടെ കാര്യങ്ങൾ മാറും. ഭൂവുടമയും കോർപറേറ്റുകളും തമ്മിൽ ഇടപാടുകൾ വരുന്നതോടെ കർഷകർ വെറും കൂലിവേലക്കാർ മാത്രമാകും. എന്ന് മാത്രമല്ല, പഴയ ജന്മി കുടിയാൻ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും. ലാഭം നോക്കി മാത്രം കൃഷിയിരിക്കുന്നവരല്ല ഇന്ത്യയിലെ കർഷകർ. ഇതിൽ നിന്ന് മാറി കേവലം ലാഭം മാത്രം നോക്കുന്നതോടെ ചൂഷണം നടക്കും എന്ന കാര്യത്തിൽ തർക്കമില്ല. മാത്രമല്ല, കോർപറേറ്റുകൾ ആരോഗ്യ സ്ഥിതിയും പ്രായവുമൊക്കെ കണക്കാക്കാൻ തുടങ്ങുമ്പോൾ പലർക്കും തൊഴിൽ നഷ്‍ടമാകാം. പലരും പുറന്തള്ളപ്പെടാം. ജോലിഭാരം കൂടാം. മണ്ണിനും പ്രകൃതിക്കും ചേരാത്ത കൃഷി രീതികൾ ചെയ്യേണ്ടി വന്നേക്കാം. ഇത് കർഷകരുടെ ആരോഗ്യത്തെയും ബാധിക്കാം. ബ്രിട്ടീഷുകാര്‍ നീലം കൃഷിയ്ക്കും തേയില കൃഷിയ്ക്കും ഉണ്ടാക്കിയതിന്റെ പുതു മുഖമാണ് കോര്‍പ്പറേറ്റ് ഫാമിങ്ങ് എന്നതാണ് വസ്തുത.
ഈ രീതിയിൽ ആദ്യ വര്‍ഷങ്ങളില്‍ വിപണിയിൽ വില നിലവാരത്തില്‍ വലിയ മാറ്റമുണ്ടാവില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും. ഇതോടെ ഈ നിയമം കർഷക വിരുദ്ധമാത്രമല്ല എന്ന കാര്യവും തെളിയും. പിന്നീട് ഉണ്ടാകുന്ന കാര്യം ഊഹിക്കാവുന്നതേ ഒള്ളൂ. പെട്രോളിന്റെയും ഡീസലിന്റെയും വില കോർപറേറ്റുകൾ എങ്ങിനെയാണ് നിശ്ചയിക്കുന്നതെന്നും അതിന്റെ ദുരിതങ്ങൾ നാം അനുഭവിക്കുന്നതുമാണ്. എന്നാൽ ഇതേ രീതി ഭക്ഷണത്തിന്റെ കാര്യത്തിൽ വരുന്നതോടെ ജനം പട്ടിണി കിടക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കും. ഭക്ഷണത്തിനായി ജനം നെട്ടോട്ടമോടും. തെരുവിൽ യുദ്ധം നടക്കും.
കർഷക ബിൽ പഞ്ചാബിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നുവെന്നാണ് അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദൽ വിഷയത്തിൽ പ്രതികരിച്ചത്. പഞ്ചാബിലെ കർഷകരിൽ നിന്നുള്ള ചൂട് നേരിട്ട കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ, കാർഷിക സംബന്ധിയായ ഓർഡിനൻസുകളെക്കുറിച്ച് പാർട്ടിയോട് ആലോചിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രിസഭ അടുത്തിടെ അനുമതി നൽകിയതായും ബന്ധപ്പെട്ട ബില്ലുകൾ അവതരിപ്പിച്ചതായും പറഞ്ഞു. ലോക്‌സഭ ഓർഡിനൻസുകൾ കൊണ്ടുവരുന്നതിന് മുമ്പ് കർഷകരുടെയും ദരിദ്രരുടെയും പാർട്ടിയായ എസ്എഡി (ശിരോമണി അകാലിദൾ) പോലുള്ള കക്ഷികളുമായി സർക്കാർ ആലോചിക്കേണ്ടതായിരുന്നു. ഈ ഓർഡിനൻസിനെക്കുറിച്ച് ഞങ്ങളോട് ചോദിച്ചിട്ടില്ല. ഓർഡിനൻസ് മന്ത്രിസഭയിൽ കൊണ്ടുവന്നപ്പോൾ മന്ത്രിസഭയിലെ ഞങ്ങളുടെ പ്രതിനിധി ഈ ഓർഡിനൻസുകൾ പഞ്ചാബിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നു എന്ന് പറഞ്ഞതാണ്. പക്ഷെ, പഞ്ചാബിലെ കർഷകർക്ക് ഉത്തരം ലഭിച്ചില്ല – അകാലിദൾ തലവൻ സുഖ്‌ബീർ സിംഗ് ബാദൽ പറഞ്ഞു. കേന്ദ്ര തീരുമാനത്തെ പാർട്ടി നേരത്തെ പിന്തുണച്ചിരുന്നുവെങ്കിലും കഴിഞ്ഞ ശനിയാഴ്ച അകാലിദളിന്റെ കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്ഥാനമാറ്റമുണ്ടായത്.
കർഷകരുടെ സംവരണം വരെ പാർലമെന്റിൽ അംഗീകാരത്തിനായി മൂന്ന് ഓർഡിനൻസുകൾ ഹാജരാക്കരുതെന്ന് പാർട്ടി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ശിരോമണി അകാലിദളിന്റെ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വച്ചത്.
കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുള്ള സമയമാണിത്. താങ്ങുവില പ്രഖ്യാപിച്ചും കര്‍ഷകര്‍ക്ക് സംഭരണ സൗകര്യങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനാണ് ബിജെപി സര്‍ക്കാര്‍ ഉത്സാഹം കാണിക്കുന്നതെന്നായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിഷയത്തിൽ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ആണെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
ഇതേനിലപാട് തന്നെയാണ് കോൺഗ്രസും വിഷയത്തിൽ എടുത്തത്. കർഷകരോടൊപ്പം നിൽക്കാനും സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലും കോൺഗ്രസ് മുന്നിൽ തന്നെയുണ്ട്. പ്രതിപക്ഷ പാർട്ടികൾ എല്ലാം തന്നെ പ്രതിഷേധത്തിനായി അണിനിരന്ന് കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭവും ഇന്ന് തുടങ്ങി. പാർട്ടി ജനറല്‍ സെക്രട്ടറിമാരുടെ വാര്‍ത്താ സമ്മേളനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കും. 28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ടികളും കര്‍ഷക പ്രക്ഷോഭങ്ങളില്‍ അണിനിരക്കും.
കാര്‍ഷിക ബില്ലിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത്. സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും മന്ത്രിസഭ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പ്രതിഷേധം അണപൊട്ടുകയാണ്. കേരളം പൊതുവിൽ നിശബദമാണെങ്കിലും ഉത്തരേന്ത്യയും മറ്റും പ്രതിഷേധ സ്വരങ്ങളാൽ മുഖരിതമാണ്. ഇന്ന് ദേശീയ തലത്തിൽ കർഷകരുടെ ഭാരത് ബന്ദ് നടക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലുമെല്ലാം കർഷകർ റെയിൽവേ ട്രാക്കുകളിൽ ഇരുന്ന് പ്രതിഷേധിക്കുയാണ്. ഈ പ്രതിഷേധം കർഷകരുടേത് മാത്രമായി ഒതുങ്ങിപ്പോകരുത്. ഇന്ന് പ്രത്യക്ഷത്തിൽ കർഷക വിരുദ്ധമാണെങ്കിൽ നാളെ അത് മുഴുവൻ സാധാരണക്കാരുടെയും പ്രശ്‌നമായി മാറും. അതിന് ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല. ഇപ്പോൾ ഒരുമിച്ച് നിന്ന് പ്രതികരിക്കുന്നത് നാളെയുടെ ദിനങ്ങൾ ദുരിതമാകാതെ സംരക്ഷിക്കും.