ശിവസേനയ്ക്കും ബിജെപിക്കുമിടയിലുള്ള രാഷ്ട്രീയ സ്പര്‍ദ്ധയ്ക്ക് പുതിയ മാനം നല്‍കിയ നടി കങ്കണ റണാവത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു. മൂര്‍ച്ചയുള്ള ചില വെളിപ്പെടുത്തലുകളിലൂടെ ബോളിവുഡിലെ പ്രമുഖരെ വെള്ളം കുടിപ്പിച്ച കങ്കണ ഇത്തവണ ശക്തമായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ കോവിഡിനെക്കാള്‍, തകരുന്ന സമ്പദ് വ്യവസ്ഥയെക്കാള്‍ ചൂടേറിയ ചര്‍ച്ചകള്‍ ഉരുത്തിരിയുകയാണ്. ആരു നല്‍കി ഈ താര സുന്ദരിക്ക് രാഷ്ട്രീയ പരിവേഷം? എവിടെ ചെന്ന് അവസാനിക്കും ഈ വാഗ്വാദങ്ങള്‍? വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായ കങ്കണയിലൂടെ ശിവസേനയെ കുരുക്കാനുള്ള കരുക്കള്‍ ബിജെപി നീക്കിത്തുടങ്ങിയോ? രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ തുറന്നിടുന്ന കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നം വയ്ക്കുന്നതെന്തായിരിക്കും.
കങ്കണ- ബോളിവുഡിന്‍റെ വിവാദ നായിക
ഹിറ്റുകള്‍ക്കൊപ്പം പ്രേക്ഷകര്‍ക്ക് വിവാദങ്ങളും സമ്മാനിച്ച് ത്രസിപ്പിച്ച താരമാണ് കങ്കണ റണാവത്ത്. തന്‍റെ കാമുകനും നടനുമായ ആദിത്യ പഞ്ചോളിയില്‍ നിന്ന് തുടങ്ങി ഇങ്ങ് ശിവസേനയ്‌ക്കെതിരെയുള്ള യുദ്ധ കാഹളത്തില്‍ വരെ എത്തി നില്‍ക്കുന്നു ഈ വിവാദ നായിക. പ്രമുഖനടി സറീന വഹാബിന്റെ ഭർത്താവായ, തന്നെക്കാൾ ഇരുപതുവയസ്സിന്റെ മൂപ്പുണ്ടായിരുന്ന ആദിത്യ പഞ്ചോളി, അകാരണമായി മർദ്ദിച്ചിരുന്നു വീട്ടിൽ പൂട്ടിയിട്ടിരുന്നു തുടങ്ങിയ ആരോപണങ്ങളിലൂടെയാണ് കങ്കണ ആദ്യകാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ആദിത്യക്കെതിരെ ഒരു ക്രിമിനൽ കേസും കങ്കണ ഫയൽ ചെയ്തു.
2009ല്‍ കാമുകനായിരുന്ന അധ്യയൻ സുമനുമായി ബന്ധപ്പെട്ടാണ് കങ്കണ ചര്‍ച്ചവിഷയമാകുന്നത്. കങ്കണ തന്റെ മകനെ ദുർമന്ത്രവാദം നടത്തി മയക്കിയിരിക്കുകയാണെന്ന പ്രസ്താവനയുമായി അധ്യയന്‍റെ പിതാവ് ശേഖര്‍ സുമന്‍ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പുരുഷനെ ദുരുപയോഗം ചെയ്ത് ആവശ്യം കഴിഞ്ഞാല്‍ ചവറുപോലെ വലിച്ചെറിയുന്നവളാണ് കങ്കണയെന്ന അധ്യയന്‍റെ വെളിപ്പെടുത്തല്‍ വിവാദത്തിന് ആക്കം കൂട്ടി.
നായക നടന്മാരുമായുള്ള പ്രേമ ബന്ധങ്ങളും ഗോസിപ്പുകളും തന്നെയാണ് കങ്കണയെ വിവാദങ്ങളിലേക്ക് ചാടിച്ചത്. അജയ് ദേവ്ഗണ്‍, ഋത്വിക് റോഷന്‍ തുടങ്ങിയ പ്രമുഖര്‍ ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു. അവയില്‍ ചിലത് നിയമപ്പോരാട്ടങ്ങളിലേക്ക് ചെന്നെത്തുന്നതും സ്വാഭാവികം. ‘ക്വീൻ’ സംവിധായകൻ വികാസ് ബെഹലിനെതിരെ ഒരു മീടൂ ആക്ഷേപവും കങ്കണയുടെ ഭാഗത്തുനിന്നുണ്ടായി.
‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയില്‍ കരൺ ജോഹറിനെ കടന്നാക്രമിച്ചു കൊണ്ട് ഏറെ പ്രത്യഘ്യാതങ്ങള്‍ സൃഷ്ടിച്ച വിവാദത്തിന് കങ്കണ തുടക്കം കുറിച്ചു. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന്‍റെ വക്താക്കളില്‍ പ്രധാനി കരൺ ജോഹർ ആണെന്നായിരുന്നു കങ്കണയുടെ ആക്ഷേപം. “എന്നെങ്കിലും എന്റെ ഒരു ബയോപിക് ഇറങ്ങിയാൽ നിങ്ങളായിരിക്കും അതിലെ മൂവി മാഫിയക്കാരന്റെ റോളിൽ ” എന്ന കരൺ ജോഹറിനെപ്പറ്റിയുള്ള കങ്കണയുടെ പ്രസ്താവന കോളിളക്കമുണ്ടാക്കിയിരുന്നു. സ്വജനപക്ഷപാതത്തെ എതിർക്കുന്ന വ്യക്തിയാണെന്ന കങ്കണയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്ന അഭിമുഖം പുറത്തുവന്നതോടെ വിവാദങ്ങളുടെ മട്ടും മാറി.
In 2010, #KanganaRanaut told me she does not mind the privilege (she called it “quota”) star kids have since she herself has a quota and privilege back home because her granddad was in the IAS, her mother was a teacher, Dad a businessman & great granddad a freedom fighter (Contd) pic.twitter.com/5i0KPpJ2GV
— Anna MM Vetticad (@annavetticad)
July 21, 2020
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. സ്വജനപക്ഷപാതത്തിന്റെ പേരിൽ സുശാന്തിനെ അപമാനിച്ചുവെന്നും മോശം നടനാക്കി ചിത്രീകരിച്ചുവെന്നും കങ്കണ പറഞ്ഞു. അതേ കങ്കണ തന്നെ മണികർണികയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത അഭിനേതാക്കളെ ‘വിലകെട്ടവർ’ എന്ന് ആക്ഷേപിച്ചതും ശ്രദ്ധേയം.
കങ്കണയുടെ ഇരട്ടത്താപ്പുകള്‍ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഉറഞ്ഞു തുള്ളാന്‍ കങ്കണ ആർമി സോഷ്യല്‍ മീഡിയകളില്‍ സജീവമാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സോനു സൂദിനെ സെക്സിസ്റ്റായും രൺബീർ കപൂറിനെ സീരീയൽ റേപ്പിസ്റ്റായും ദീപിക പദുക്കോണിനെ മാനസിക വെെകല്യമുള്ളയാളായും ചിത്രീകരിച്ചതും ഈ സൈബര്‍ ഗുണ്ടകള്‍ തന്നെ.
കഴിഞ്ഞ കുറച്ചുകാലമായി തീവ്രദേശീയതയുടെ പതാകവാഹകയാണ് കങ്കണ. ശബാന ആസ്മിയെയും ജാവേദ് അക്തറിനെയും ഒക്കെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് അവർ പലതവണ വളരെ രൂക്ഷമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട്. ബോളിവുഡിലെ മയക്കുമരുന്ന് ബന്ധങ്ങള്‍ സംബന്ധിച്ച പ്രസ്താവനകളാണ് വിവാദങ്ങള്‍ക്ക് കച്ചമുറുക്കിയത്. നടി റിയ ചക്രവർത്തിക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ അന്വേഷണം ആരംഭിച്ച നാര്‍ക്കോട്ടിക് ബ്യൂറോയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു കൊണ്ടായിരുന്നു നടിയുടെ രംഗപ്രവേശം. ഏതായാലും പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകളുടെ സാക്ഷാത്കാരത്തിന് കങ്കണയുടെ ട്വിറ്റര്‍ പോരാട്ടം പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്.
കങ്കണ- ശിവസേന യുദ്ധം

മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്ന കങ്കണയുടെ വിമര്‍ശനാത്മകമായ പ്രസ്താവനയില്‍ നിന്നാണ് രാഷ്ട്രീയ കോലാഹലങ്ങളുടെ തുടക്കം. സിനിമാ മാഫിയയേക്കാൾ കൂടുതൽ മുംബൈ പൊലീസിനെ ഭയപ്പെടുന്നുവെന്നായിരുന്നു നടിയുടെ ട്വീറ്റ്. സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവും റിയ ചക്രബര്‍ത്തിക്കുമേലുള്ള ആരോപണങ്ങളും പ്രസ്തുത കേസില്‍ കങ്കണയുടെ നിരന്തര പ്രസ്താവനകളും മഹാരാഷ്ട്ര സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച സാഹചര്യത്തില്‍ കടുത്ത ഭാഷയിലാണ് ശിവസേന കങ്കണയ്ക്ക് മറുപടി നല്‍കിയത്. അങ്ങനെ യഥാര്‍ത്ഥ വിഷയങ്ങളെ രാഷ്ട്രീയം വിഴുങ്ങി.
Thank you for your concern sir, I am actually more scared of Mumbai police now than movie mafia goons, in Mumbai I would need security either from HP government or directly from the Centre, No Mumbai police please https://t.co/cXEcn8RrdV
— Kangana Ranaut (@KanganaTeam)
August 30, 2020
സിറ്റി പൊലീസിനെ ഭയമാണെങ്കിൽ കങ്കണ മുംബൈയില്‍ കാലുകുത്തരുതെന്ന് മുതിർന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പ്രതികരിച്ചപ്പോള്‍ മുംബൈ പാക് അധിനിവേശ കശ്മീർ പോലെയെന്ന് കങ്കണ സമർത്ഥിച്ചു. ഇതോടെ വിഷയം പൂര്‍ണ്ണമായും ഗതിമാറി. ഇത്തരം മാനസിക രോഗികളെ ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് കൈകാര്യം ചെയ്യണമെന്നും മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തുടങ്ങി തൊട്ടാല്‍പൊള്ളുന്ന പ്രസ്താവനകള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നു.

പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേനയുടെ വനിതാ വിഭാഗം താനെയിൽ പ്രകടനം നടത്തി. പാർട്ടി ഓഫിസിനു സമീപം ഒത്തുകൂടിയ പ്രവർത്തകർ നടിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. വെല്ലുവിളി സ്വീകരിച്ച നടി ഷിംലയില്‍ നിന്ന് മുംബൈയിലെത്തിയത് കേന്ദ്രം ഏര്‍പ്പെടുത്തിയ വൈ കാറ്റഗറി സുരക്ഷയില്‍. ടിഎംസി വനിത എംപി മെഹുവ മൊയ്ത്ര ഉള്‍പ്പെടെ കേന്ദ്രത്തിന്‍റെ ഈ നടപടിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതാണ്.
വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ കങ്കണ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ രക്തം തിളച്ച ശിവസേന വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ കൈകൊണ്ടു. അനധികൃത നിർമാണമെന്നു ചൂണ്ടിക്കാട്ടി നടിയുടെ ബംഗ്ലാവിന്‍റെ ഒരു ഭാഗം ഇടിച്ചു നിരത്തി. ബിഎംസി (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചപ്പോള്‍ തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അങ്ങനെയെങ്കില്‍ ഈ പ്രതികാര നടപടി കോടതിയില്‍ ന്യായീകരിക്കാന്‍ ശിവസേന ഭരിക്കുന്ന മുംബൈ കോർപറേഷൻ (ബിഎംസി) അല്‍പ്പമൊന്ന് വിയര്‍ക്കും.

മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിച്ചും വിവാദ പരാമർശങ്ങൾ ആവർത്തിച്ചും നടി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചടിക്കുന്നതാണ് പിന്നീട് കാണാനായത്. തന്റെ ഓഫീസ് പൊളിക്കുന്നത് രാമക്ഷേത്രം പൊളിക്കുന്നതിന് സമാനമാണെന്നായിരുന്നു ഇത്തവണ കങ്കണയുടെ പ്രസ്താവന. “ബാബർ ഓർക്കുക. അവിടെ രാമക്ഷേത്രം വീണ്ടും ഉയർന്ന് വരുകതന്നെ ചെയ്യും” എന്ന വെല്ലുവിളിയും ഒരു മേമ്പൊടിക്ക് ചേര്‍ക്കാന്‍ നടി മറന്നില്ല.
Pakistan…. #deathofdemocracy pic.twitter.com/4m2TyTcg95
— Kangana Ranaut (@KanganaTeam)
September 9, 2020
Babur and his army #deathofdemocracy pic.twitter.com/L5wiUoNqhl
— Kangana Ranaut (@KanganaTeam)
September 9, 2020
ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കങ്കണയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ മറുവശത്ത് നിന്ന് വീണ്ടും പിടിമുറുക്കി. കങ്കണയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍, നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും തന്നെ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്നതായും ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുംബൈ പൊലീസിന്റെ ആന്റിനാര്‍ക്കോട്ടിക്‌സ് സെല്‍ അന്വേഷണം ആരംഭിച്ചത്. ഇതിനിടയില്‍ നടിയുടെ പഴയ വീഡിയോ ഇടിത്തീ പോലെ പൊങ്ങിവരികയും ചെയ്തു. താന്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് നടി സമ്മതിക്കുന്ന വീഡിയോ വൈറലായതോടെ പ്രശ്നം വീണ്ടും വഷളായി.
മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് തന്‍റെ ബംഗ്ലാവിന്‍റെ പൊളിച്ചുമാറ്റലെന്ന് കാട്ടി രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട കങ്കണ സുശാന്ത് കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് കടുപ്പിക്കുന്നത്. ഇതാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അസ്വസ്ഥനാക്കുന്നതെന്നും കങ്കണ തുറന്നടിച്ചു. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളെ കരിവാരിത്തേക്കാന്‍ ബിജെപി നടത്തുന്ന ഒളിയുദ്ധത്തിന്‍റെ അലയൊലികളാണിതൊക്കെയെന്ന വാദമാണ് ശിവസേന നിരത്തുന്നത്. അങ്ങനെയെങ്കില്‍ കങ്കണ ബിജെപിയുടെ സിനിമ സാംസ്കാരിക ഗുണ്ടയെന്ന് പറയേണ്ടിവരും.കങ്കണയെന്ന രാഷ്ട്രീയ തന്ത്രം

കങ്കണ- ബിജെപിയുടെ രാഷ്ട്രീയ തന്ത്രം
കഴിഞ്ഞ കുറച്ചു മാസങ്ങളായി സിനിമയെ ചുറ്റിപ്പറ്റിയാണു മഹാരാഷ്ട്ര രാഷ്ട്രീയം പ്രതിസന്ധിയിലാകുന്നത്. സുശാന്തിനും കങ്കണയ്ക്കും ‘നീതി തേടി രംഗത്തുള്ള’ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇവിടെ മുഴച്ചു നില്‍ക്കുന്നുമുണ്ട്. പല കഥാപാത്രങ്ങളെയും ഇറക്കിവിട്ട് മഹാരാഷ്ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണു ബിജെപിയെന്നും ഇത്തരം ഗൂഢനീക്കങ്ങൾ എത്രനാൾ തുടരുമെന്നുമാണ് ശിവസേനയുടെ ചോദ്യം.
മഹാവികാസ് അഘാഡി സർക്കാർ അപ്രതീക്ഷിത കൂട്ടുകെട്ടിലൂടെ പിറന്നത് തന്നെയാണ് ഇതിന്‍റെ പശ്ചാത്തലം. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായപ്പോള്‍ ബിജെപിക്ക് ക്ഷീണം അസഹനീയമായി. സുശാന്ത് സിംഗിന്‍റെ മരണവും ആരോപണങ്ങളും സർക്കാരിനെ വട്ടംചുറ്റിക്കാനുള്ള ആയുധമാകുന്നതും ഇങ്ങനെയാണ്. എന്നാല്‍ കങ്കണയെന്ന വജ്രായുധത്തിന്‍റെ പ്രയോഗം ഇത്രയ്ക്ക് പ്രചാരം നേടിയതില്‍ ബിജെപി തന്നെ അന്തംവിട്ട് കാണും.
കങ്കണയുടെ ഭാഗം വിശദീകരിക്കാൻ ആവശ്യത്തിനു സമയം നൽകാതെ പോഷ് പലി ഹില്‍ ഏരിയയിലുള്ള മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചുനീക്കാന്‍ ബിഎംസി കാണിച്ച ത്വര ദേശീയതലത്തിൽ ശിവസേനയുടെ പ്രതിഛായയ്ക്കു മങ്ങലേൽപിക്കുമെന്ന് ബിജെപി നേരത്തെ കണക്കു കൂട്ടിയിരുന്നു. കങ്കണയുടെ പാക്ക് അധിനിവേശ കശ്മീര്‍ പ്രസ്താവന വിവാദം മുറുക്കിയപ്പോള്‍ മുഖം രക്ഷിക്കാനുള്ള വഴി തേടേണ്ടിവരികയാണ് ശിവസേനയ്ക്ക്.
മുംബൈ കോർപറേഷനു കീഴിലുള്ള എല്ലാ വാർഡുകളിലെയും അനധികൃത നിർമാണങ്ങൾ കണ്ടെത്തി പുറത്തുവിടാനും ബിജെപി നീക്കം നടത്തി. കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവുമായ രാംദാസ് അത്തേവാലയെ കളത്തിലിറക്കിയാണ് ബിജെപി ശിവസേനയ്ക്കെതിരെ പരോക്ഷ ആക്രമണം ആസൂത്രണം ചെയ്തത്.
Union minister Ramdas Athawale meets Bollywood actor Kangana Ranaut at her residence in Mumbai’s Khar
— Press Trust of India (@PTI_News)
September 10, 2020
കങ്കണ തികഞ്ഞ വലതുപക്ഷ വക്താവാണെന്നതില്‍ സംശയമില്ല. വാക്കിലും പ്രവർത്തിയിലും വ്യക്തമായ രാഷ്‌ട്രീയമുണ്ട് കങ്കണയ്‌ക്ക്. തനിക്ക് രാഷ്‌ട്രീയമില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും തൻ്റെ രാഷ്‌ട്രീയം എന്താണെന്നും, നിലപാടുകൾ ആർക്കൊപ്പമാണെന്നും സമൂഹമാധ്യമങ്ങളിലെ മുൻകാല പോസ്‌റ്റുകളിൽ നിന്ന് കങ്കണ വ്യക്തമാക്കി തരുന്നുണ്ട്. വിവാദങ്ങള്‍ക്ക് തീകൊടുത്ത പാക് അധിനിവേശ കാശ്മീര്‍, ബാബറി മസ്ജിദ് പോലുള്ള പ്രസ്താവനകളും കങ്കണ രാഷ്ട്രീയ അഭയം പ്രാപിക്കുന്നതിന്‍റെ സൂചനയാണ്. അപ്പോള്‍ ഭരണകൂട പിന്തുണ ലഭിക്കുന്നതില്‍ അസ്വാഭാവികതയൊന്നും തന്നെ ചൂണ്ടിക്കാട്ടാനില്ല.
തുടർച്ചയായ ആരോപണങ്ങൾക്കൊപ്പം രാഷ്‌ട്രീയ ഇടപെടലുകൾക്കുള്ള സാധ്യതകളും കങ്കണ നിലനിര്‍ത്തുന്നുവെന്നതാണ് ശ്രദ്ധേയം. ഓഫീസ് കെട്ടിടം പൊളിച്ച നടപടിയിൽ മൗനം വെടിയണമെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതടക്കം ഇതിനോട് ചേര്‍ത്ത് വായിക്കാം. ആദിത്യ താക്കറെയ്ക്കെതിരായ ആരോപണങ്ങളും ഗൂഢലക്ഷ്യങ്ങള്‍ പേറുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ കൊള്ളേണ്ടിടത്ത് തന്നെ ചെന്ന് പതിക്കുന്നുണ്ടെന്നതിന് തെളിവാണ് സമാജ്‌വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന.
Just because there are some people, you can’t tarnish the image of the entire industry. I am ashamed that yesterday one of our members in Lok Sabha, who is from the film industry, spoke against it. It is a shame: Samajwadi Party MP Jaya Bachchan in Rajya Sabha https://t.co/cSvxi5dioc
— ANI (@ANI)
September 15, 2020
ചില വിവാദങ്ങള്‍ മറ്റു പല വിവാദങ്ങളെയും മുക്കിക്കളയാന്‍ തക്കവണ്ണം ആസൂത്രിതമായിരിക്കും. അത്തരം നീക്കങ്ങള്‍ ഇവിടെയും കാണാം. കോവിഡ് പ്രതിസന്ധികള്‍, ആശങ്കകളിലൂടെ കടന്നു പോകുന്ന അതിര്‍ത്തികള്‍, കുത്തനെ കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥ തുടങ്ങി വിവിധ കോണില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ മറച്ചുവെക്കാൻ മോദി സർക്കാരിന് കഴിയുന്നുണ്ട്. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ രജ്‌പുത് വിഭാഗത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് സുശാന്തിന്‍റെ മരണവും കേസന്വേഷണവും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം കൊട്ടിഘോഷിക്കപ്പെടുന്നതെന്ന കാര്യവും വ്യക്തം.
കങ്കണയുടെ പരാമര്‍ശങ്ങളിലെ ദൂരവ്യാപകമായ അര്‍ത്ഥതലങ്ങള്‍ ഈ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കങ്കണയ്‌ക്കെന്നപോലെ അവരുടെ പ്രസ്താവനകള്‍ക്കും വൈ കാറ്റഗറി പരിഗണന നല്‍കാന്‍ മോദിക്ക് വരുതിയിലായ മാധ്യമങ്ങളെക്കൊണ്ട് സാധിക്കുന്നു. ഈ വിഷയങ്ങളില്‍ ദേശീയ മാധ്യമങ്ങളടക്കം സ്വീകരിക്കുന്ന പ്രത്യേക താൽപ്പര്യങ്ങള്‍ തമസ്കരിക്കുന്നത് ചര്‍ച്ചാവിഷയമാകേണ്ട ഭരണ പരാജയങ്ങളെയാണെന്നത് മനഃപ്പൂര്‍വ്വം വിസ്മരിക്കപ്പെടുന്ന വസ്തുതയാണ്.