കോവിഡിൽ നടുവൊടിഞ്ഞ സാധാരണക്കാർക്ക് ഭക്ഷണം ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ അടുത്ത നാല് മാസത്തേക്ക് കൂടി സൗജന്യ കിറ്റുകൾ നൽകാൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ സമയത്തായിരുന്നു സർക്കാർ ആദ്യ സൗജന്യ ഭക്ഷണ കിറ്റ് റേഷൻ കടകൾ വഴി വിതരണം ചെയ്‌തത്. പിന്നീട് ഈ ഓണക്കാലത്തും കിറ്റ് നൽകി. കോവിഡ് മൂലം ജോലി നഷ്ടമായവർക്കും വരുമാനം ഇല്ലാതായവർക്കും ഏറെ സഹായകരമായിരുന്നു ഈ കിറ്റുകൾ. എന്നാൽ ഈ രണ്ട് കിറ്റുകളിൽ നിന്നും വ്യത്യസ്തമായാണ് അടുത്ത നാല് മാസത്തേക്കുള്ള കിറ്റ് വരുന്നത്. ഇതോടെ സർക്കാർ കിറ്റുകൾക്കായി ചെലവഴിക്കുന്ന പണം നേരിട്ട് നൽകിക്കൂടെ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ലോക്ക് ഡൗൺ സമയത്തെ ഏകദേശം ആയിരം രൂപയോളം വില വരുന്ന കിറ്റുകൾ ഏറെ സമയമെടുത്താണ് ജനങ്ങളിലേക്ക് എത്തിയത്. ഓണത്തിന് വിതരണം ചെയ്യാനുള്ള സ്‌പെഷ്യൽ കിറ്റ് ആകട്ടെ ഓണം കഴിഞ്ഞാണ് പലർക്കും ലഭിച്ചത്. ഏറെ അധ്വാനം വേണ്ട ജോലി ആയതിനാൽ കിറ്റുകൾ വിതരണം ചെയ്യുന്നതിൽ കാലതാമസം എടുക്കുന്നുണ്ട്. ഓണകിറ്റുകൾ ഇപ്പോഴും ലഭിക്കാത്ത സ്ഥലങ്ങളിൽ വിതരണം തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ സർക്കാർ കിറ്റുകൾക്കായി ചെലവഴിക്കുന്ന പണം ജനങ്ങൾക്ക് നേരിട്ട് അനുവദിച്ചാൽ ഈ സമയ നഷ്‌ടവും ഇതിനായി ചെലവഴിക്കുന്ന ഭാരിച്ച അധ്വാനവും ഒഴിവാക്കാം.
സർക്കാർ അനുവദിക്കുന്ന കിറ്റിൽ പലപ്പോഴും ചിലർക്കെങ്കിലും ആവശ്യമില്ലാത്ത വസ്‌തുക്കൾ കൂടി കയറികൂടാറുണ്ട്. ഉഴുന്ന്, പരിപ്പ്, ചെറുപയർ, സൺഫ്ളവർ ഓയിൽ തുടങ്ങിയവ പലർക്കും വേണ്ടാത്ത വസ്തുവാണ്. പക്ഷേ, കിറ്റിന്റെ കൂടെ ലഭിക്കുന്നതിനാൽ ആവശ്യമില്ലെങ്കിലും ഇതെല്ലാം വാങ്ങേണ്ട അവസ്ഥയിലാണ് ജനം. എന്നാൽ കിറ്റിന്റെ പണം നേരിട്ട് അനുവദിച്ചാൽ ജനങ്ങൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സാധിക്കും. പലയിടങ്ങളിലും സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണ വസ്‌തുക്കൾ എത്തിച്ച് നൽകുന്നുണ്ട്. ഇത്തരക്കാർക്ക് ആവശ്യം മരുന്നോ മാറ്റുമോ ആയിരിക്കും. ഇത്തരക്കാർക്ക് ഈ ആവശ്യങ്ങൾക്കായി ഈ പണം ഉപയോഗിക്കാം എന്ന ഗുണവും കിറ്റിന് അനുവദിച്ച തുക പണമായി നൽകുന്നതിലൂടെ ഉണ്ട്.
ഓണക്കാലത്ത് വിതരണം ചെയ്‌ത കിറ്റിലെ ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാരത്തെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ പരാതി ഉയർന്നത് ശർക്കരയെ കുറിച്ചായിരുന്നു. ശർക്കരയിൽ ലഹരി വസ്‌തുക്കളുടെ പാക്കറ്റുകൾ കണ്ടെത്തിയ സംഭവം വരെ ഉണ്ടായി. പരാതി ഉയർന്നതോടെ പലയിടത്തും കിറ്റിൽ നിന്ന് ശർക്കര മാറ്റി പകരം പഞ്ചസാര നൽകുന്ന സംഭവവുമുണ്ടായി. എന്നാൽ കിറ്റുകൾ ഒഴിവാക്കി പണം നൽകുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ദുരിതകാലത്ത് ജനങ്ങളെ സഹായിക്കാനായി ചെലവഴിക്കുന്ന പണം കൃത്യമായി ചെലവഴിക്കപ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
ഇടനിലക്കാർ വഴിയാണ് സാധനങ്ങൾ എത്തിക്കുന്നത്. പിന്നീട് സപ്ലൈകോ വഴി താൽകാലിക ജീവനക്കാർ പാക്ക് ചെയതാണ് കിറ്റുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിന് പിന്നിൽ വലിയ അധ്വാനവും മറ്റു ചെലവുകളും വരുന്നുണ്ട്. ഈ ചെലവുകൾ ഒഴിവാക്കാനും ആ പണം കൂടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും സാധിക്കും. നാല് മാസം മുൻപ് വിതരണം ചെയ്‌ത ആദ്യ കിറ്റ് പാക്ക് ചെയ്‌ത ആളുകൾക്ക് ഇതുവരെ അതിന്റെ വേതനം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് സർക്കാർ അടുത്ത നാല് മാസത്തേക്ക് കൂടി കിറ്റ് ആയി വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്.
പണം ബാങ്കുകൾ വഴി അല്ലാതെ റേഷൻ ഷോപ്പുകൾ വഴിയോ നിലവിൽ പെൻഷൻ നൽകുന്ന രീതിയിലോ നൽകാവുന്നതാണ്. കൃത്യമായി ഗൃഹനാഥയുടെ കയ്യിൽ തന്നെ പണം എളുപ്പത്തിൽ എത്തിക്കാനും സാധിക്കും. അതിനാൽ പണം മറ്റു മാർഗങ്ങളിൽ പെട്ട് കുടുംബത്തിന് ഉപകാരപ്പെടില്ല എന്ന ആക്ഷേപവും ഇല്ലാതാകും.