കോവിഡ്-19 വിദ്യാഭ്യാസ രംഗത്തെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 190 രാജ്യങ്ങളിലായുള്ള 1.6 ബില്ല്യൺ വിദ്യാർത്ഥികളുടെയും പഠനത്തെ കോവിഡ് പ്രതിസന്ധിയിലാക്കി. എന്നാൽ, ഈ പ്രതിസന്ധി വിദ്യാഭ്യാസ മേഖലയെ പുതിയ പരീക്ഷണങ്ങൾ നടത്താൻ പ്രേരിപ്പിച്ചു. അദ്ധ്യാപകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയുമായി 2020 കടന്നു വന്നപ്പോൾ അതിനു മുന്നിൽ തലതാഴ്ത്താതെ വിദ്യ പകർന്നു നൽകാൻ പുതിയ വഴികൾ കണ്ടെത്താൻ ആയിരുന്നു അവരുടെ തീരുമാനം. ഈ അധ്യാപക ദിനത്തിൽ, രാഷ്ട്രനിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളായ അധ്യാപകർ, ഈ പ്രതിസന്ധിയെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേരിടുന്നതിന് നാം സാക്ഷിയായി.
പുതിയ തലമുറയുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവ അധ്യാപകരുടെ ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിന്‍റെ ശില്പികളാണിവര്‍. അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോള്‍, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തെ അദ്ധ്യാപകര്‍ എങ്ങനെ തരണം ചെയ്യുന്നു. കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ മാഗി ജോസഫൈന്‍ സംസാരിക്കുന്നു.
വെര്‍ച്വല്‍ ക്ലാസ്സ് മുറികളിലെ അനുഭവം
വെർച്ചൽ ക്ലാസ് റൂം എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത്ര പെട്ടെന്ന് അങ്ങനെ ഒരു മാറ്റം വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അതിലേക്ക് മാറാൻ നിർബന്ധിതരായപ്പോള്‍ അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു തുടങ്ങി. പിന്നീട അതിലേക്ക് പൊരുത്തപ്പെടുകയായിരുന്നു. സാധാരണ ക്ലാസ് മുറികളില്‍ നമുക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ സാധിക്കും. കുട്ടികളുടെ മുഖത്ത് നിന്ന് തന്നെ അവരുടെ പ്രതികരണം അറിയാന്‍ സാധിക്കും. എന്നാൽ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇന്ട്രാക്ഷന്‍ ഉണ്ടെങ്കിലും കുട്ടികൾ അവരെ തന്നെ ലിമിറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. നേരിട്ട് ഉള്ള ഒരു സ്വാതന്ത്ര്യം അവർക്ക് നഷ്ടപ്പെട്ടതുപോലെ തോന്നാറുണ്ട്.
തയ്യാറെടുപ്പുകൾ
സാധാ ക്ലാസ്മുറിയില്‍ ഉള്ളതിനേക്കാള്‍ കുറച്ചുകൂടി നല്ല തയ്യാറെടുപ്പുകൾ നമ്മൾ നടത്തേണ്ടിവരും. ഒരു മണിക്കൂർ ക്ലാസ്സ് പറഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾ ഏകദേശം ഒരു 40 മിനിറ്റ് സംസാരിക്കേണ്ടി വരും. അപ്പോള്‍ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം. പിന്നെ സ്ലൈഡുകള്‍ ഉണ്ടെങ്കിൽ കൃത്യമായി അവ തയ്യാറാക്കും. പിന്നെ അത് കഴിഞ്ഞ് ലാസ്റ്റ് ഒരു ഇന്ററാക്ടീവ് സെക്ഷൻ വെയ്ക്കും. ആ രീതിയിലാണ് ഇപ്പോള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതില്‍ പരിജ്ഞാനം കുറവുള്ള അധ്യാപകർ ക്ലാസിനു മുമ്പ് തന്നെ തടസ്സങ്ങൾ ഒന്നും വരാത്ത രീതിയിൽ ക്ലാസ് അറേഞ്ച് ചെയ്യും. ടെക്നോളജി പരമായ ബുദ്ധിമുട്ട് തുടക്കത്തിൽ ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ചെയ്യുന്നത്, ഇത് നമുക്ക് ശരിയാകുമോ എന്ന് ഉള്ള പേടിയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായപ്പോൾ നമ്മളും അതുമായി പൊരുത്തപ്പെട്ടിട്ടുണ്ട്.
നേരിടുന്ന വെല്ലുവിളികൾ
എല്ലാ കുട്ടികളും ക്ലാസ്സ് അറ്റൻഡ് ചെയ്യണം എന്ന്‍ നമുക്ക് നിർബന്ധം പിടിക്കാൻ പറ്റില്ല. പല സാമൂഹിക പശ്ചാത്തലത്തിൽ നിന്നും വരുന്ന കുട്ടികളുണ്ട്. അപ്പോൾ അവരെയൊക്കെ മുന്നിൽകണ്ടുകൊണ്ടാണ് നമ്മള്‍ ക്ലാസ്സ് തുടങ്ങുന്നത്. അപ്പോൾ തുടക്കത്തിലെ നമ്മള്‍ ഒരു ടൈംടേബിൾ തയ്യാറാക്കി സിസ്റ്റമാറ്റിക് ആയിട്ടാണ് ക്ലാസ് നടത്തുക. നമ്മുടെ ഡിപ്പാർട്ട്മെന്റില്‍ നാല് അധ്യാപകരുണ്ട്. അപ്പോൾ ഓരോ അധ്യാപകരും ആഴ്ചയിൽ ഓരോ ദിവസം ക്ലാസ്സ് കൊടുക്കുന്ന രീതിയായിരുന്നു.
തുടക്കത്തിൽ 23 കുട്ടികളുള്ള ഒരു ബാച്ചിൽ ഏകദേശം ഇരുപതോളം കുട്ടികൾ പങ്കെടുക്കുമായിരുന്നു. എന്നാല്‍ അവസാനം ഞാൻ ക്ലാസെടുത്തു നിർത്തിയപ്പോൾ എന്‍റെ ക്ലാസ് ഉണ്ടായിരുന്നത് ആകെ എട്ട് കുട്ടികള്‍ മാത്രമാണ്. എല്ലാ അധ്യാപകരുടെ ക്ലാസിലും ഇതേ അവസ്ഥ തന്നെയാണ്.
ഇൻറർനെറ്റ് കണക്ടിവിറ്റി ഒരു പ്രശ്നം തന്നെയാണ്. ശരിയായ കമ്മ്യൂണിക്കേഷൻ ഓൺലൈൻ പഠന മുറികൾ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ നമുക്ക് അത് കൃത്യമായിപറയാൻ പറ്റില്ല. ചില കുട്ടികള്‍ കൃത്യമായി അത് ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് അവര്‍ അത് അവരുടെ ഫീഡ്ബാക്കില്‍ പറയും. ഞങ്ങള്‍ ചില ചോദ്യങ്ങള്‍ തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് അയച്ച് കൊടുത്തിട്ട് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എടുക്കാറുണ്ട്. അതില്‍ നിന്നും പിന്നീട് എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് തീരുമാനിക്കും.
പഠനം നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നുവോ?
കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം എന്നത് ഒരുപാട് പ്രാക്ടിക്കൽ വർക്കുകൾ ഉള്ള കോഴ്സ് ആണ്. അത് ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ട്. ഇപ്പോള്‍ ഡോക്യുമെന്ററി പ്രോഡക്ഷന്‍ എന്നൊരു വിഭാഗം പഠനവിഷയത്തില്‍ ഉണ്ട്. കുട്ടികൾക്ക് ഗ്രൂപ്പ് ആയിട്ടാണ് ഈ അസൈമെൻറ് കൊടുക്കുന്നത്. അഞ്ചോ ആറോ കുട്ടികൾക്ക് ചേര്‍ന്ന ഒരു ഗ്രൂപ്പാണ് ഈ ഡോക്യുമെൻററി ചെയ്യേണ്ടത്. പക്ഷെ ഈ ഒരു പശ്ചാത്തലത്തിൽ എന്തായാലും അത് നടക്കില്ല. പകരം കുട്ടികളോട് മൊബൈലിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. എന്നാല്‍ യാതൊരു കാരണവശാലും വീടിനു പുറത്തു പോയി ഷൂട്ട് ചെയ്യരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവരെ കൊണ്ട് പറ്റുന്ന രീതിയിൽ ഒരു മെസ്സേജ് കണ്‍വെ ചെയ്യുന്ന ഒരു വീഡിയോ ആയിരിക്കണം എന്ന് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ
വിദ്യാർത്ഥികൾ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് നമ്മളോട് ക്ലാസ് റൂമിൽ പറയുന്നത് പോലെ ഓൺലൈൻ ക്ലാസിൽ പറയാറില്ല. അതില്‍ കുട്ടികള്‍ വളരെ വിമുഖത കാണിക്കാറുണ്ട്. പിന്നെ നമ്മൾ തിരിച്ചു എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കും. അണ്‍ ഒഫീഷ്യൽ ആയിട്ട് ക്ലാസ് റൂം അല്ലാത്ത അവസരത്തിൽ ഇരിക്കുമ്പോൾ അവർ എന്തൊക്കെയാണ് ബുദ്ധിമുട്ടുകള്‍ എന്ന് പറയും.
കോവിഡ് കാലത്തെ ഉന്നത വിദ്യാഭ്യാസ രീതി
വിദ്യാര്‍ത്ഥികള്‍ ഇനിയും ഒരു രണ്ടുമാസത്തേക്ക് കൂടി ഇതുപോലെ പോകേണ്ടി വരുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ലൈബ്രറി ഫെസിലിറ്റീസ് ഒന്നും കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താൻ ആകുന്നില്ല എന്നത് ഒരു പ്രശനമാണ്. ഇങ്ങനെയൊരു രീതി അവലംബിക്കേണ്ടി വന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്. പക്ഷേ ഇത് സ്ഥിരം ആയി ഉണ്ടാകുമോ എന്ന് ചോദിച്ചാൽ, കുറച്ചു ഭാഗം എങ്കിലും ഇതിലേക്ക് മാറാൻ നമ്മൾ നിർബന്ധിതരാകും. അപ്പോൾ കുട്ടികളും അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തും. അധ്യാപകരും തയ്യാറെടുപ്പുകൾ നടത്തേണ്ടിവരും.
പിന്നെ ഈ പഠനരീതിയില്‍ നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട്. ഇങ്ങനെയൊരു സാഹചര്യം ആയതുകൊണ്ട് നമ്മൾ ഓണ്‍ലൈന്‍ പഠനരീതി ഉപയോഗിക്കാൻ നിർബന്ധിതരായി. അപ്പോൾ അതിലെ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. നേരത്തെ നമുക്കൊരു സ്മാർട്ട് ക്ലാസ് റൂം ഉണ്ടായിരുന്നെങ്കിലും ചില സ്ലൈഡുകള്‍ കാണിക്കാനും മറ്റ് ചില കാര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.
പിന്നെ യൂണിവേഴ്സിറ്റി തലത്തിൽ ഏകദേശം 250 ടീച്ചര്‍മാര്‍ക്ക് കേരള സർവകലാശാല ഒരുമിച്ച് ഓൺലൈൻ ക്ലാസ്സ് തന്നിരുന്നു. നേരത്തെയുള്ള രീതിയിലാണെങ്കിൽ നമ്മൾക്ക് അത് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല. 250 പേരും കൃത്യ സമയത്ത് പങ്കെടുക്കുകയും ഈ പറയുന്ന അസൈന്‍മെന്റുകൾ എല്ലാം ചെയ്യുകയും ചെയ്തു. സന്തോഷകരമായ ഒരു അന്തരീക്ഷത്തിലൂടെയാണ് നമ്മൾ കടന്നു പോയത്. മാത്രമല്ല അധ്യാപനത്തിന് ഈ ഒരു രീതിയിൽ അവലംബിക്കാൻ പറ്റുന്ന ഒരുപാട് ടൂൾസ് ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു.
അധ്യാപകദിനത്തിൽ കുട്ടികളുടെ നേരിട്ടുള്ള ആശംസകൾ മിസ്സ് ചെയ്യുന്നുണ്ടോ?
കുട്ടികള്‍ നേരിട്ട് വന്ന് ആശംസകള്‍ പറയുന്നില്ല എന്ന സങ്കടം ഒന്നും എനിക്കില്ല, അങ്ങനെയുള്ള നിർബന്ധവുമില്ല. നമ്മൾ സ്നേഹിക്കുന്ന കുട്ടികളാണെങ്കിൽ ലോകത്തിൽ എവിടെയാണെങ്കിലും, അവര്‍ക്ക് നമ്മളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ചെയ്തിരിക്കും. പലപ്പോഴും എനിക്കത് അനുഭവപ്പെട്ടിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് പഠനത്തിനായി നേരിട്ട് വരാൻ പറ്റുന്നില്ല എന്ന് ഒരു ഒരു പ്രശ്നമാണുള്ളത്. അത് വേണ്ട രീതിയിൽ പരിഹരിക്കപെടുമെന്നാണ് കരുതുന്നത്.