ഈ സീസണിലെ ഐ.പി.എല്‍ ടൂര്‍ണമെന്‍റില്‍ കളിക്കില്ലെന്നറിയിച്ച് യു.എ.ഇയില്‍ നിന്ന് സുരേഷ് റെയ്ന മടങ്ങിയതിന് പിന്നിൽ ദാരുണ സംഭവങ്ങളെന്ന് റിപ്പോർട്ട്. റെയ്നയുടെ ഉറ്റ ബന്ധുക്കള്‍ക്ക് കൊള്ളക്കാരില്‍ നിന്ന് ആക്രമണമുണ്ടായതായാണ് വാര്‍ത്തകൾ പുറത്തുവരുന്നത്. റെയ്നയുടെ ബന്ധുക്കളായ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് അജ്‍ഞാത ആയുധ സംഘം ആക്രമിച്ചത്. പഞ്ചാബിലെ പഠാന്‍കോട്ടിലായിരുന്നു ആക്രമണം. റെയ്നയുടെ പിതാവിന്റെ സഹോദരിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ പിതാവിന്റെ സഹോദരീ ഭര്‍ത്താവ് അശോക് കുമാര്‍ (58) ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിതാവിന്റെ സഹോദരി ആശാ ദേവി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട അശോക് കുമാറിന്റെ അമ്മ(80) സത്യദേവിയും അശോക് കുമാര്‍-ആശാ ദേവി എന്നിവരുടെ മക്കളായ കൗശല്‍ കുമാര്‍ (32), അപിന്‍ കുമാര്‍ (24) എന്നിവര്‍ക്കും ആക്രമണത്തില്‍ ഗുരുതര പരിക്കുണ്ട്.
ഓഗസ്റ്റ് 19നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.