അന്താരാഷ്ട്രതലത്തില്‍ വന്‍ തിരിച്ചടി കിട്ടിയിരിക്കുകയാണ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്. ഇറാനെതിരെ ഏർപ്പെടുത്തിയ ആയുധ ഉപരോധം അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിക്കണമെന്ന അമേരിക്കൻ പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടതോടെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വിദേശനയങ്ങള്‍ക്കാണ് കനത്ത പ്രഹരമേറ്റിരിക്കുന്നത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ട്രംപിന്‍റെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമാക്കിയ സംഭവം ചൂടേറിയ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും വഴിതെളിക്കും.
തന്‍റെ ചീട്ടുകീറിത്തുടങ്ങിയെന്ന വസ്തുത അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ട്രംപ് ഇറാനുമേലുള്ള യുഎൻ ഉപരോധങ്ങൾ വീണ്ടും നടപ്പാക്കാനുള്ള ‘സ്നാപ്ബാക്ക്’ (തിരിച്ചു കൊണ്ടുവരല്‍ )
അവസരം ഉപയോഗിക്കുമെന്ന ഭീഷണി മുഴക്കിയാണ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ‘അടുത്തയാഴ്ച കാണാം’ എന്ന വെല്ലുവിളിയും ഉയര്‍ത്തി. ആണവ കരാർ ഇറാൻ ലംഘിക്കുന്നതായി കണ്ടാൽ കരാറിൽ ഉൾപ്പെട്ട ഏത് വൻശക്തിക്കും ഉപരോധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നതിന് അനുവാദം നൽകുന്ന വകുപ്പാണ് ‘സ്‌നാപ്‌ബാക്’. ഉപരോധത്തിന്റെ സ്നാപ്പ്ബാക്കിന് വാഷിംഗ്ടണിന് നിയമപരമായി കഴിയില്ലെന്നാണ് പല രാജ്യങ്ങളുടെയും വാദം. ട്രംപ് പ്രതീക്ഷിക്കും പോലെ ഇറാനെതിരായ നടപടികള്‍ ഇനി അത്ര എളുപ്പമല്ലെന്ന് സാരം.
ഇറാനുമേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം ട്രംപ് ഭരണകൂടത്തെ കൂടുതൽ ഒറ്റപ്പെടുത്തുകയും ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുമെന്നാണ് നയതന്ത്ര ലോകത്തിന്‍റെ വിലയിരുത്തല്‍. 2015ലെ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്‌ക്ക് ഈ വകുപ്പ് ഉപയോഗിക്കാൻ അധികാരമില്ലെന്ന് ട്രംപിന്‍റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനു വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനു പിന്നാലെ ബോള്‍ട്ടനെ പ്രശംസിച്ചു കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് രംഗത്ത് വന്നിരുന്നു. കുറഞ്ഞപക്ഷം ബോള്‍ട്ടനെങ്കിലും സ്ഥിരതയുണ്ടല്ലോ എന്നായിരുന്നു ജവാദ് സരീഫിന്‍റെ പ്രസ്താവന.
ഇറാനു മേലുള്ള ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കാന്‍, യുഎന്‍ സുരക്ഷാ സമിതിയോട് അമേരിക്കയ്ക്ക് ആവശ്യപ്പെടാനാവില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ അഭിപ്രായമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ രാഷ്ട്രീയ പ്രേരിത പ്രചരണം അഴിച്ചുവിടുകയാണ് ട്രംപ് ഭരണകൂടമെന്നും, സ്നാപ്ബാക്കിനു വേണ്ടിയുള്ള അമേരിക്കന്‍ മുറവിളികള്‍ സാർവത്രികമായി അപലപിക്കണമെന്നുമാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ അമേരിക്കയിലെ തന്നെ കടുത്ത ഇറാൻ വിരുദ്ധരിൽ ചില പ്രമുഖര്‍ ട്രംപ് സർക്കാരിന്‍റെ നീക്കത്തെ വിമര്‍ശിച്ചും ആശങ്ക പ്രകടിപ്പിച്ചും സജീവമാണ്.
ഇറാനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക കഴിഞ്ഞ ആഴ്‌ച അവതരിപ്പിച്ച പ്രമേയത്തെ 15അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങളും എതിർത്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രമാണ് അമേരിക്കയെ അനുകൂലിച്ച് വേട്ട് ചെയ്‌തത്. റഷ്യയും ചൈനയും എതിർത്ത് വോട്ട് ചെയ്‌തപ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവയടക്കം വിട്ടുനിന്ന് അമേരിക്കയെ നാണംകെടുത്തി. പ്രമേയം പാസാവാൻ വീറ്റോയില്ലാതെ ഒമ്പത് രാജ്യങ്ങളുടെ പിന്തുണ വേണമായിരുന്നു. സ്‌നാപ്‌ബാക് വകുപ്പ് ഉപയോഗിച്ച് യുഎൻ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചാൽ ആണവ പരിപാടി പുനരാരംഭിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ ഇറാൻ കാക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കാണാനിരിക്കുന്ന പൂരം കണ്ടു തന്നെ വിലയിരുത്തേണ്ടി വരും.
ഇറാനെ ആഗോള വിപണിയുമായി ബന്ധിപ്പിച്ച കരാര്‍
2002ലാണ് ഇറാൻ ആണവായുധനിർമാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്തകള്‍ പുറത്തുവരുന്നത്. അന്നുമുതൽ അമേരിക്കയും ഇസ്രയേലും എന്തുവിലകൊടുത്തും ഇറാനെ പിന്തിരിപ്പിക്കണമെന്ന് തീരുമാനിക്കുകയും അതിനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. യുദ്ധ ഭീഷണിയോടൊപ്പം അന്താരാഷ്ട്ര ആണവ ഏജൻസിയെ ഉപയോഗിച്ച് ഇറാന്റെ ആണവപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. ഇതിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും അമേരിക്കയോട് സഹകരിച്ചു. ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമെന്ന നിലയിൽ സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് അധികാരമുള്ളൂ.
ഏജൻസിയുടെ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിക്കുകയും ഈ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയെ അറിയിക്കുകയും ചെയ്തപ്പോഴാണ് സമിതി ഇറാനെതിരായി വിവിധ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത്. ഇറാന്റെ എണ്ണവ്യാപാരത്തെ തടസ്സപ്പെടുത്തുക എന്നതായിരുന്നു ഇവയിൽ പ്രധാനം. അമേരിക്ക അവരുടെതന്നെ ഉപരോധം ശക്തിപ്പെടുത്തുകയും ഇന്ത്യയെപ്പോലെ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളോട് എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇറാൻ, ഉപരോധത്തെ ചെറുത്തുനിന്നുവെങ്കിലും പോകെ പോകെ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരികയും സ്വന്തം അതിജീവനത്തിനുവേണ്ടി ആണവപ്രവർത്തനങ്ങൾ കുറയ്ക്കാൻ തയ്യാറാവുകയും ചെയ്തു.
ഇതിന്‍റെ ഫലമായി ഇറാനും ആറ് ലോകരാഷ്ട്രങ്ങളും ചേർന്ന് 2015 ജൂലൈ മാസം മുതൽ നടപ്പിൽ വരുത്തിയ കരാറാണ് ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാൻ ഓഫ് ആക്ഷൻ എന്നറിയപ്പെടുന്നത്. 12 വർഷത്തോളമായി തെഹ്റാന്റെ ആണവപദ്ധതികൾക്ക് കീറാമുട്ടിയായിരുന്ന നിരവധി പ്രശ്നങ്ങൾക്ക് ഈ കരാർ പരിഹാരം കണ്ടെത്തി. രണ്ടു വർഷത്തോളം നീണ്ട ആഴമേറിയ ചർച്ചകൾക്കു ശേഷം നിലവിൽ വന്ന കരാർ, ഇറാന്റെ ആണവപരിപാടികൾ ആണവായുധ നിർമാണത്തിലേക്ക് കടക്കുകയില്ലെന്ന് ലോകത്തിന് ഉറപ്പു നൽകി. പകരമായി ദീർഘകാലമായി ചുമത്തപ്പെട്ടിരുന്ന ഉപരോധങ്ങൾ നീക്കം ചെയ്തു.
ഈ ധാരണയുടെ പുറത്ത് ഇറാൻ തങ്ങളുടെ യുറേനിയം വിശ്ലേഷണ യന്ത്രങ്ങളിൽ മൂന്നിൽ രണ്ടിന്റെയും പ്രവർത്തനം അവസാനിപ്പിച്ചു. സമ്പുഷ്ട യുറേനിയത്തിന്റെ 98 ശതമാനവും കയറ്റി അയച്ചു. പ്ലൂട്ടോണിയം നിർമാണ റിയാക്ടർ കോൺക്രീറ്റ് നിറച്ച് നശിപ്പിച്ചു. ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ തുടർച്ചയായ വിശദ നിരീക്ഷണങ്ങൾക്ക് വിധേയമാകാമെന്നും ഇറാൻ സമ്മതിച്ചു. ഇതിനെല്ലാം പകരമായി 2016 ജനുവരിയിൽ ആണവ സംബന്ധിയായ എല്ലാ ഉപരോധങ്ങളും എടുത്തുമാറ്റപ്പെട്ടു. ഇറാൻ ആഗോളവിപണിയുമായി വീണ്ടും ബന്ധിപ്പിക്കപ്പെട്ടു.
P5+1 എന്ന പേരിൽ ആറ് പ്രധാന ആഗോളശക്തികളാണ് ഇറാനുമായുള്ള ആണവ ചർച്ചയില്‍ പങ്കെടുത്തത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നിവരോടൊപ്പം ജർമനിയും ഈ സംഘത്തിൽ അംഗമായിരുന്നു. ഈ ആണവക്കരാർ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ ഒരു പ്രമേയമായി കൊണ്ടുവന്ന് അന്താരാഷ്ട്ര നിയമങ്ങളോട് ബന്ധിപ്പിച്ചിരുന്നു. പ്രമേയത്തെ സുരക്ഷാ കൗൺസിലിലെ 15 മെമ്പർമാര്‍ ഐകകണ്ഠ്യേന പിന്തുണയ്ക്കുകയും ചെയ്തു. 13 വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഉപരോധം 2020 ഒക്‌ടോബര്‍ 18നാണ് അവസാനിക്കുന്നത്.
ഇറാനെ മുഴുവനായി ആണവപ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കുക എന്നതായിരുന്നില്ല കരാറിന്റെ ലക്ഷ്യം. മറിച്ച്, ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് കുറെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. കരാറിനുമുമ്പ് വളരെ കുറഞ്ഞ കാലഘട്ടത്തിൽ അണുബോംബ് ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടായിരുന്നപ്പോൾ കരാറിനുശേഷം ആ സാധ്യത പതിനഞ്ചുവർഷത്തിനു ശേഷമേ ഉണ്ടാകുകയുള്ളൂവെന്ന അനുമാനത്തിൽ എത്തുകയായിരുന്നു ലോകം. ഇറാൻ മുഴുവനായി ആണവപരീക്ഷണങ്ങൾ നിർത്താൻ തയ്യാറല്ലാതിരുന്ന സാഹചര്യത്തിൽ യുദ്ധം ഒഴിവാക്കാനുള്ള മാർഗ്ഗം ഇതുമാത്രമായിരുന്നു. കരാറിന്റെ അപകടങ്ങളെപ്പറ്റി അമേരിക്കയ്ക്കും ഇസ്രയേലിനും ആശങ്കയുണ്ടായിരുന്നുവെങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദ്ദം മൂലമാണ് കരാർ നിലവിൽവന്നത്.
വിനാശകരമായ കരാറെന്ന് ട്രംപ്
2016 നവംബർ മാസത്തിൽ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയം കണ്ടതോടെ ആണവക്കരാറിന്റെ ഭാവിയുടെ കാര്യത്തിൽ സംശയങ്ങളുയർന്നിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പു തന്നെ ഇക്കാര്യത്തിൽ തന്റെ വോട്ടർമാര്‍ക്ക് ട്രംപ് വാഗ്ദാനവും നൽകിയിരുന്നു. ‘ഇറാനുമായുള്ള വിനാശകരമായ കരാർ പൊളിക്കു’മെന്നായിരുന്നു പ്രഖ്യാപനം. കരാർ കൂടുതൽ തീവ്രതയോടെ നടപ്പാക്കുകയും അതോടൊപ്പം ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്ത്, തെഹ്റാൻ തന്നെ കരാറിൽ നിന്ന് പിന്തിരിയുന്ന അവസ്ഥ ട്രംപ് സൃഷ്ടിക്കുമെന്നായിരുന്നു പലരും കണക്കുകൂട്ടിയത്.
എന്നാല്‍, അധികാരത്തില്‍ വന്നതിനു ശേഷം കോൺഗ്രസ്സിന്റെ സമ്മർദ്ദത്തിൽ ഉപരോധങ്ങളിൽ ചിലത് മനസ്സില്ലാമനസ്സോടെ നീക്കം ചെയ്യാൻ ട്രംപ് നിർബന്ധിതനായി. അതോടൊപ്പം ഇതൊരു ‘അവസാനത്തെ അവസരമാണെ’ന്ന് ഇറാന് മുന്നറിയിപ്പും നല്‍കി. കരാറിലെ നിർണായകമായ ചില പഴുതുകൾ പരിഹരിക്കാൻ തനിക്കൊപ്പം ചേരണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉപരോധങ്ങൾ നീക്കം ചെയ്യാൻ കോൺഗ്രസ്സ് മുന്നോട്ടുവെച്ച അവസാന തിയ്യതി അടുക്കും മുമ്പ് കരാറിൽ നിന്നു പിന്തിരിയുന്നുവെന്ന ബോംബാണ് ട്രംപ് പിന്നീട് പൊട്ടിച്ചത്.
ട്രംപിനെ സംബന്ധിച്ചിടത്തോളം ഇറാൻ ആണവക്കരാർ ഒട്ടും പര്യാപ്തമല്ല. ഇറാന്റെ മേഖലയിലെ പെരുമാറ്റങ്ങളെയും മിസൈൽ പദ്ധതികളെയും അഭിസംബോധന ചെയ്യാൻ കരാറിന് കഴിയുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വിദേശകാര്യമന്ത്രിയായിരുന്ന മൈക്ക് പോംപിയോ തുടങ്ങി അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഇറാൻ വിരുദ്ധരാണ് ട്രംപിന്റെ ഇത്തരം നിലപാടുകൾക്ക് അന്ന് ശക്തി പകര്‍ന്നത്. ബരാക് ഒബാമയുടെ വിദേശകാര്യനയത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു ഇറാൻ ആണവക്കരാർ. ബരാക് ഒബാമ സൃഷ്ടിച്ചെടുത്ത പാരമ്പര്യത്തെ ഒന്നൊന്നായി ഉടയ്ക്കുകയാണ് ട്രംപ് എന്നതിന് മറ്റൊരുദാഹരണമായാണ് ഇറാൻ ആണവക്കരാറിൽ നിന്നുള്ള യുഎസ്സിന്റെ പിന്മാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
ഇറാന്‍- അമേരിക്ക ചിര വൈര്യം
അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തോളംതന്നെ പഴയതാണ്. അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഇറാനിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന ഷാ പഗ്‌ലവിയെ 1979-ൽ അയത്തൊള്ള ഖമേനി പുറത്താക്കിയതു മുതൽ അമേരിക്ക ഇറാനിൽ ആധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ, ഇറാനുമായി ഒരു യുദ്ധം സങ്കല്പിക്കാനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നതുകൊണ്ടാണ് അതുണ്ടാകാതിരുന്നത്.
ഇസ്ലാമിക വിപ്ലവത്തോടെ ഇറാനിൽ നിലവിൽ വന്നത് യാഥാസ്ഥിതിക ഷിയാ ഭരണകൂടമാണ്. ഇറാൻ കോണ്ട്രാ വിവാദവും ഇറാന്റെ യാത്രാവിമാനം വെടിവച്ചിട്ടതും ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന റിപ്പോർട്ടും അതിനെത്തുടർന്നുള്ള ഉപരോധങ്ങളുമൊക്കെയാണ് ഇറാൻ അമേരിക്ക ബന്ധത്തിന്റെ ചരിത്രം. ‘ചെകുത്താന്റെ അച്ചുതണ്ട്’ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ഇറാനെ വിശേഷിപ്പിച്ചിട്ടുണ്ട്.
അമേരിക്കയ്ക് മാത്രമല്ല, അറബ് രാഷ്ട്രങ്ങള്‍ക്കും പൊതുശത്രുവാണ് ഇറാൻ. അമേരിക്ക ആണവക്കരാറിൽനിന്ന് പിന്മാറിയശേഷം ഇറാനെ മേഖലയിൽ ഒറ്റപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് വാഷിങ്‌ടണിന്റെ നേതൃത്വത്തിൽ നടന്നത്. ഇറാന് ഉപരോധത്തിൽ ഇളവു നല്‍കുന്നതിനെ എതിർത്ത പ്രധാനികൾ ഇസ്രായേലും സൗദി അറേബ്യയുമാണ്. കരാറിന് കടകവിരുദ്ധമായി പ്രവർത്തിച്ച് ഇറാൻ P5+1 രാജ്യങ്ങളെ ചതിക്കുകയാണെന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറെ രേഖകൾ പുറത്തു വിട്ടിരുന്നു. എന്നാല്‍, കരാർ നിലനിർത്തേണ്ടതിന്റെ പ്രാധാന്യമാണ് പ്രസ്തുത രേഖകൾ അടിവരയിടുന്നതെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ വാദങ്ങളെ യൂറോപ്യൻ രാജ്യങ്ങൾ തള്ളി.
മേഖലയിൽ ചില തീവ്രവാദ സംഘടനകളുടെ പിന്നിൽ ഇറാനാണെന്നാണ് സൗദി വിശ്വസിക്കുന്നത്. യമനിലെ ഹൂതി തീവ്രവാദികളും ഇതിൽപ്പെടുന്നു. മേഖലയിലെ ഏക ആണവശക്തിയാണ് ഷിയാ ഭൂരിപക്ഷമായ ഇറാൻ എന്നതാണ് ഗൾഫ് രാഷ്ട്രങ്ങളെ ഏറെ അലോസരപ്പെടുത്തുന്നത്. മാത്രമല്ല, യമനിലും സിറിയയിലും ലബനനിലും മറ്റും ഇറാൻ ചെലുത്തുന്ന സ്വാധീനം സൗദിയെയും മറ്റും കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. യുഎസ് മധ്യസ്ഥതയിലുള്ള യുഎഇ–ഇസ്രയേൽ സമാധാനക്കരാറും പൊതുശത്രുവായ ഇറാനെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും ഭിന്നതകൾ മറന്ന് ഒരുമിക്കാന്‍ മുന്നോട്ട് വച്ച തന്ത്രപരമായ നീക്കത്തിന്റെ ഭാഗം തന്നെയാണ്.
എന്നാല്‍, ആയുധ ഉപരോധം നീട്ടാൻ ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അത്, യുഎസിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ 75 വർഷത്തെ ചരിത്രത്തിൽ ഇത് പോലെ യുഎസ് ഒറ്റപ്പെട്ട മറ്റൊരവസരം ചൂണ്ടിക്കാണിക്കാനില്ലെന്നാണ് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി ട്വീറ്റ് ചെയ്തത്. അമേരിക്കയുടെ ഏകദ്രുവ ലോക മോഹത്തിനും ഭീഷണിക്കും ലോകം എതിരാണെന്നതിന്‍റെ തെളിവാണ് പ്രമേയത്തിന്‍റെ ദയനീയ പരാജയമെന്നാണ് യുഎന്നിലെ ചൈനീസ് അംബാസഡർ ഴാങ് ജുൻ പറഞ്ഞത്. തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ വലയ്ക്കുന്ന പ്രതികൂല കാലാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ് ഇത്തരം പരാമര്‍ശങ്ങള്‍.
ഇറാൻ വിരുദ്ധരെ ഏകോപിപ്പിക്കുക. ശേഷം അറബ് ലോകത്ത് അമേരിക്കൻ ആയുധ പന്തയത്തിനുള്ള ശ്രമം ഇനിയും ഊർജ്ജിതമാക്കുക തുടങ്ങിയ അടവുകളാണ് ട്രംപ് ഇനി പയറ്റാനിരിക്കുന്നത്. സെക്യൂരിറ്റി കൗൺസിലിലെ ദയനീയ പരാജയം ആയുധ കച്ചവടത്തിലൂടെ വിജയമാക്കുകയെന്നതായിരിക്കും ലക്ഷ്യം. കോവിഡ് പ്രതിസന്ധിയിൽ പിന്നെയും ദുർബ്ബലമാക്കപ്പെട്ട സമ്പദ് വ്യവസ്ഥയ്ക്ക് തെല്ലെങ്കിലും ഊർജ്ജം നൽകാൻ ട്രംപ് ആശ്രയിക്കുക ആയുധക്കച്ചവടത്തെ തന്നെയായിരിക്കുമെന്നത് അവിതർക്കിതം. ഇവിടെയാണ് ഇറാന്‍ വിരുദ്ധ നീക്കത്തിലെ പാളിച്ചകള്‍ ട്രംപ് സാധ്യതകളാക്കി മാറ്റുക. ഇസ്രയേല്‍-യുഎഇ ഉടമ്പടിയില്‍ ദല്ലാളായി വര്‍ത്തിച്ചതും ഇറാൻ നീക്കത്തിലെ തിരിച്ചടി മണത്തറിഞ്ഞ് തന്നെയാണ്.