ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും മൂന്ന് താരങ്ങൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അറിയിച്ചു.
മൻപ്രീതിനെ കൂടാതെ ഡിഫൻഡർ സുരേന്ദർ കുമാർ, ജസ്കരൺ സിങ്, വരുൺ കുമാർ എന്നിവർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതായും സായി ക്യാമ്പസിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും മൻപ്രീത് പ്രസ്താവനയിൽ വ്യക്തമാക്കി.
അധികാരികൾ ഈ സാഹചര്യം കൈകാര്യം ചെയ്തതിൽ സന്തുഷ്ടനാണെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൻപ്രീത് കൂട്ടിച്ചേർത്തു.