ആഗോളതലത്തില്‍ രണ്ട് ചരിത്ര സ്മാരകങ്ങളെ പ്രതി ചൂടേറിയ ചര്‍ച്ചകള്‍. അയോദ്ധ്യ രാമക്ഷേത്രം. ഹാഗിയ സോഫിയ. വിവാദങ്ങളുടെ ഈ ചരിത്ര സ്മാരകങ്ങള്‍ തമ്മിലുള്ള ദൂരം തിട്ടപ്പെടുത്തേണ്ട സമയമാണിത്. ഇന്ത്യയിൽ കേന്ദ്രഭരണം നേടുന്നതിന് സംഘപരിവാർ സംഘടനകൾ സമര്‍ത്ഥമായി ഉപയോഗിച്ച വിഷയമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രനിർമാണം. വർഷങ്ങൾ നീണ്ട വിഷലിപ്‌തമായ വർഗീയ പ്രചാരണത്തിന്‍റെയും രഥയാത്രയുടെയും ആത്യന്തിക ഫലമായി ബാബറി മസ്ജിദ് തകര്‍ക്കുകയും, നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍, പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകള്‍ക്ക് വിധേയപ്പെട്ട ഉന്നത നീതിപീഠത്തിന്‍റെ വിധി പ്രകാരം രാമ ക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ആദ്യപടിയായ ഭൂമി പൂജ നടത്തുകയും ചെയ്തിരിക്കുന്നു. ഇതിനു സമാനമായി തുര്‍ക്കിയിലെ ചരിത്ര പ്രാധാന്യമുള്ള ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലീം പള്ളിയായി മാറ്റിയിരിക്കുകയാണ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഭരണകൂടം.
വൈദേശിക ആക്രമണത്തിലൂടെ നഷ്ടമായ ചരിത്രവും സംസ്‌കാരവും തിരിച്ചുപിടിക്കണമെന്ന് ഇന്ത്യന്‍ മത-ദേശീയ വാദികള്‍ മുറവിളി കൂട്ടുമ്പോള്‍, ഏറെക്കുറെ സമാനമായ ആശയപ്രചാരണമാണ് തുര്‍ക്കിയിലെ മത-ദേശീയവാദികളും മുന്നോട്ടുവെക്കുന്നത്. 85 വര്‍ഷത്തിലധികം ചരിത്രസ്മാരകമായി മാത്രം നിലകൊണ്ട ഹാഗിയ സോഫിയയുടെ മ്യൂസിയമെന്ന പദവി എടുത്തുകളഞ്ഞ് മുസ്ലീം പള്ളിയായി പ്രഖ്യാപിച്ച, തുര്‍ക്കി ഭരണാധികാരി റജബ് ത്വയ്യിബ് എര്‍ദോഗന്‍റെ നടപടി ഇരു രാഷ്ട്രങ്ങളുടെയും ഭരണാധികാരികളുടെ ചിന്താധാരകളിലെ സമാനതകള്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളുടെ മാനസപുത്രനും നവലിബറൽ നയങ്ങളുടെ വക്താവുമായ തുര്‍ക്കി ഭരണാധികാരി റജബ് ത്വയ്യിബ് എര്‍ദോഗനും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വ്യക്തിപരമായും തൊഴില്‍ പരമായും നിലനില്‍ക്കുന്ന സാമ്യതകള്‍, നേരത്തെ തന്നെ വിവിധ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുള്ളതാണ്. ബഹുസ്വരതയ്ക്കും മതേതരത്വത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ ഇരു നേതാക്കളുടെയും അധികാരമുഷ്കിന്‍റെ അടിസ്ഥാന സ്വഭാവമാണ്. തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം തുടങ്ങി രാഷ്ട്രീയ പ്രതിസന്ധികള്‍ക്കു നടുവില്‍ രാജ്യം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ തുര്‍ക്കിയിലെ ജനങ്ങള്‍ക്കു മുന്നില്‍ എര്‍ദോഗന്‍ അവതരിപ്പിച്ച തുറുപ്പ് ചീട്ടാണ് ഹാഗിയ സോഫിയ. രാമജന്മഭൂമി വീണ്ടെടുത്ത്, ഇന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്ക് മുന്നിൽ രക്ഷകന്‍റെ വേഷം ചമയുന്ന നരേന്ദ്ര മോദിയുടെ ചിത്രം, ഇരു നേതാക്കളുടെയും ത്രാസ് വീണ്ടും തുല്യമാക്കി.
ജനപ്രീതിയിലുണ്ടായ ഇടിവ് പരിഹരിക്കാൻ തീവ്രമതവാദം ഉയർത്തിപ്പിടിക്കുകയും ജുഡീഷ്യറിയെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും മാധ്യമങ്ങളെയും മതവൽക്കരിക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്ന എര്‍ദോഗന്‍ ഭരണകൂടം, പ്രതിഷേധിക്കുന്ന പുരോഗമനവാദികളെയും സംഘടനകളെയും ജയിലിലടച്ചും മർദിച്ചും നിശ്ശബ്‌ദമാക്കുന്ന നീക്കങ്ങളാണ് അവലംബിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയെയും സ്ഥാപനങ്ങളെയും കാവിയണിയിക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്.
ബാബറി മസ്ജിദിനു കീഴെ ഏതോ സങ്കല്പ കാലത്തെ രാമജന്മ ഭൂമിയുണ്ടെന്നു പറഞ്ഞു മഹത്തായൊരു ചരിത്ര സൗധത്തെ തകർക്കുകയും കലാപങ്ങളിലൂടെ അധികാരം നേടുകയും ചെയ്ത ഹിന്ദുത്വ രാഷ്ട്രീയത്തിന് സമാനമാണ് തുര്‍ക്കിയില്‍ എർദോഗന്റെയും നിലപാട്. ഇതിനു കയ്യടിക്കുമ്പോള്‍ പ്രതിധ്വനിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഭിന്നിച്ചു ഭരിക്കാനുള്ള കുടില തന്ത്രങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ്. അമ്പലമാക്കി മാറ്റേണ്ട പളളികളുടെയും സ്മാരകങ്ങുടെയും ലിസ്റ്റുമായി ഇന്ത്യന്‍ മത-ദേശീയ വാദികള്‍ പ്രചാരണം നടത്തുന്നതുപോലെ തന്നെയാണ് തുര്‍ക്കിയിലെയും സ്ഥിതിവിശേഷം. ചരിത്ര സ്മാരകം പളളിയാക്കി മാറ്റുന്നതിലൂടെ എർദോഗനും, രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ മോദിയും ആധുനിക സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്? ഇതാണ് ചോദ്യം…
ആരാധനാലയങ്ങള്‍ തര്‍ക്ക ഭൂമികളാകുമ്പോള്‍…
എഡി 537ൽ റോമാചക്രവർത്തിയായ ജസ്‌റ്റീനിയൻ ഒന്നാമൻ നിർമിച്ച ക്രിസ്‌ത്യൻ പള്ളിയായിരുന്നു ഹാഗിയ സോഫിയ. ബൈസാന്റയിൻ സംസ്കാരത്തിന്റെ മികച്ച ഈടുവയ്‌പുകളിൽ ഒന്നായി പരിഗണിക്കപ്പെട്ട ആരാധനാലയമാണിത്. 1453ല്‍ ബൈസാന്റയിൻ സാമ്രാജ്യത്തെ ഓട്ടോമൻ തുർക്കികൾ കീഴ്‌പ്പെടുത്തിയപ്പോഴാണ് ഹാഗിയ സോഫിയ ഒരു മുസ്ലിം പള്ളിയായി മാറ്റപ്പെട്ടത്. എന്നാൽ, തുർക്കിയിൽ ദേശീയബോധം ശക്തിപ്പെടുകയും ‘യങ് ടർക്കു’കളുടെ നേതാവായ മുസ്‌തഫ കെമൽപാഷയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടുകയും ചെയ്‌തപ്പോൾ ഹാഗിയ സോഫിയ ഒരു മ്യൂസിയമായി മാറുകയുമായിരുന്നു. തുർക്കികളുടെ പിതാവ് എന്ന അർഥം വരുന്ന അത്താതുർക്ക് എന്ന് വിളിക്കപ്പെട്ട കെമൽപാഷയുടെ കാലത്ത് തുർക്കിയിൽ നടപ്പാക്കിയ ആധുനികവൽക്കരണത്തിന്റെയും മതനിരപേക്ഷ സംസ്‌കാരത്തിന്റെയും ഭാഗമായിട്ടാണ് ഹാഗിയ സോഫിയ ചരിത്ര സ്മാരകമാക്കപ്പെട്ടത്.
ക്രിസ്‌ത്യാനികളും മുസ്ലിങ്ങളും ഒരുപോലെ വിലമതിക്കുന്ന ആരാധനാലയം എന്നതിനാലാണ് അതിനെ ഒരു തർക്കവിഷയമായി മാറ്റാതെ മ്യൂസിയമാക്കി മാറ്റാൻ അത്താതുർക്ക് തയ്യാറായത്. അത്താതുർക്കിന്റെ ഈ തീരുമാനത്തെ തുർക്കിയിലെ ജനങ്ങളും ലോകവും വലിയ എതിർപ്പൊന്നുമില്ലാതെയാണ് അംഗീകരിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽപ്പെട്ട ഹാഗിയ സോഫിയ കഴിഞ്ഞ എട്ട് ദശകമായി ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. കഴിഞ്ഞ വർഷംമാത്രം 37 ലക്ഷം ടൂറിസ്‌റ്റുകളാണ് ഇവിടം സന്ദര്‍ശിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മ്യൂസിയമാക്കിക്കൊണ്ടുള്ള 1935ലെ ഉത്തരവ് തുര്‍ക്കി കോടതി റദ്ദാക്കിയതിന് പിന്നാലെയാണ്, മതമൗലികവാദിയായ എര്‍ദോഗന്‍ ഹാഗിയ സോഫിയ പള്ളിയായി പ്രഖ്യാപിച്ചത്. സുല്‍ത്താന്‍ മെഹ്മദ് രണ്ടാമന്‍ പണം കൊടുത്തു വാങ്ങിയതാണ് ഹാഗിയ സോഫിയയെന്നും അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് പ്രധാന വാദം. തുര്‍ക്കിയിലെ മത-ദേശീയ വാദികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുകയും എർദോഗന് വിധേയപ്പെട്ട കോടതികള്‍ അംഗീകരിക്കുകയും ചെയ്ത വാദമാണിത്. ഉന്നത കോടതിയും ഇത് ശരിവച്ചതോടെ സ്മാരകത്തെ പളളിയായി പ്രഖ്യാപിച്ച് കെട്ടിടത്തിന്റെ ചുമതല സാംസ്‌കാരിക വകുപ്പില്‍ നിന്ന് മതകാര്യവകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ് എര്‍ദോഗന്‍.
ഭൂരിപക്ഷത്തിന്റെയും ഭരിക്കുന്നവരുടെയും സ്വാധീനത്തിന് നീതിപീഠം വഴങ്ങിയപ്പോള്‍ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കോടതി വിധിയിലെ അനീതി ഹാഗിയ സോഫിയയുടെ കാര്യത്തിലുമുണ്ടായി. കോടതി വിധി വന്നയുടന്‍ ഹാഗിയ സോഫിയക്ക് മുന്നില്‍ മത ദേശീയവാദികള്‍ തക്ബീര്‍ മുഴക്കി ആഹ്ളാദ പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ബാബറി മസ്ജിദ് വിധി വന്നയുടന്‍ അയോദ്ധ്യയില്‍ മധുര പലഹാര വിതരണം ചെയ്ത് നടത്തിയ ആഹ്ളാദ പ്രകടനങ്ങള്‍ക്ക് സമാനമാണ്. ഹാഗിയ സോഫിയ പളളിയാക്കി മാറ്റുന്നതിനെതിരെ പ്രതികരിക്കുന്നവര്‍ രാജ്യതാല്‍പര്യത്തിന് എതിര് നില്‍ക്കുന്നവരാണെന്ന് എര്‍ദോഗന്‍ ഭരണകൂടം മുദ്രകുത്തുന്നത്, ഇന്ത്യയില്‍ രാജ്യദ്രോഹിയെന്ന വിശേഷണത്തിനും ശിക്ഷാവിധികള്‍ക്കും തുല്യം.
പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മതം കൊണ്ട് കളിക്കുന്ന എർദോഗന്‍റെ ഭരണത്തിന് കീഴില്‍ പളളിയാക്കി മാറ്റപ്പെടുന്ന നാലാമത്തെ ചരിത്രസ്മാരകമാണ് ഹാഗിയ സോഫിയ. കഴിഞ്ഞ നവംബറില്‍ ഇസ്താംബൂളിലെ തന്നെ കരിയേ (കോറ) മ്യൂസിയം പള്ളിയാക്കിയത്, ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കുന്നതിന്‍റെ മുന്നോടിയാണെന്ന് മതേതര വാദികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാഗിയ സോഫിയ പോലെ തന്നെ ബൈസാൻറയിൻ കാലത്ത് ക്രിസ്ത്യന്‍ ദേവാലയവും ഓട്ടോമന്‍ ഭരണകാലത്ത് പളളിയുമായിരുന്നു ആയിരം വര്‍ഷത്തോളം പഴക്കമുളള കരിയേ. ഹാഗിയ സോഫിയയിലേതു പോലെ കുംഭഗോപുരങ്ങളിലും ചുവരുകളിലും ക്രിസതുവിന്റെയും കന്യാമറിയത്തിന്‍റെയും മൊസൈക് ചിത്രങ്ങളുളള കരിയേ, 75 കൊല്ലക്കാലം മ്യൂസിയമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
800 കോടി രൂപയലധികം ചെലവിട്ട് എർദോഗന്‍ തന്നെ പണിത തുര്‍ക്കിയിലെ ഏറ്റവും വലിയ പളളിയുള്‍പ്പെടെ നിരവധി മുസ്ലിം ആരാധനാലയങ്ങള്‍ ഇസ്താംബൂളിലുളളപ്പോഴാണ് ചരിത്ര സ്മാരകങ്ങള്‍ മതാചാരങ്ങള്‍ക്കും ആരാധനകള്‍ക്കുമുള്ള കേന്ദ്രങ്ങളായി മാറ്റപ്പെടുന്നത്. ചരിത്രത്താളുകള്‍ പുറകോട്ടു മറിക്കുമ്പോള്‍ ഹാഗിയ സോഫിയ ഏറ്റവും കൂടുതല്‍ കാലം നിലനിന്നത് ക്രിസ്ത്യന്‍ ദേവാലയമായിട്ടാണെന്ന് കാണാം. 500 വര്‍ഷത്തോളം മാത്രമാണ് മുസ്‌ലിം ആരാധനാലയം എന്ന നിലയിലുളള പാരമ്പര്യം പറയാനുളളതെങ്കില്‍, ക്രിസ്ത്യന്‍ ദേവാലയമെന്ന നിലയില്‍ 900 വര്‍ഷത്തെ ചരിത്രം പറയാനുണ്ട് ഹാഗിയ സോഫിയക്ക്. മുസ്ലീംങ്ങള്‍ക്കെന്ന പോലെ ക്രിസ്ത്യാനികള്‍ക്കും ചരിത്രാവകാശമുളള പ്രശസ്ത സ്മാരകത്തെ ഒരു വിഭാഗത്തിന്റെ ആരാധന കേന്ദ്രമാക്കുന്നതിലൂടെ പ്രതാപമാണോ, അപമാനമാണോ എര്‍ദോഗന്‍ നേടുന്നതെന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതാണ്.
തുര്‍ക്കികള്‍, ആര്‍മേനിയക്കാര്‍, അറബികള്‍, ജൂതന്മാര്‍, ബള്‍ഗേറിയക്കാര്‍, കുര്‍ദുകള്‍, ഗ്രീക്കുകാര്‍, ജപ്പാന്‍കാര്‍ തുടങ്ങി വിഭാഗീയതകളില്ലാതെ ജനം തിങ്ങിപ്പാര്‍ക്കുന്ന ബഹുസ്വരതയുടെ നഗരമാണ് ഏഷ്യാ-യൂറോപ് ഭൂഖണ്ഡങ്ങളുടെ സംഗമകേന്ദ്രമായ ഇസ്താംബൂള്‍. ആ ബഹുസ്വരതയെ പരിപോഷിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും പകരം തീവ്ര മതവികാരങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നത് താല്‍ക്കാലിക രാഷ്ട്രീയലാഭം നേടാനിടയാകുമെങ്കിലും രാഷ്ട്രത്തിന് തീരാ കളങ്കമായി മാറുക തന്നെ ചെയ്യും. മതേതരത്വ ജനാധിപത്യാശയങ്ങളില്‍ അധിഷ്ടിതമായ ഭരണഘടനാ മൂല്യങ്ങള്‍ കശാപ്പു ചെയ്യപ്പെടുന്നത് ഇന്ത്യയെന്ന വികാരത്തിന് വിലങ്ങു തടിയാകുന്നതും ഇതുപോലെ തന്നെ.
മതത്തിനുമേല്‍ കെട്ടിപ്പടുത്ത നേതൃത്വങ്ങള്‍
റിസ് തെരുവുകളില്‍ നാരങ്ങാവെള്ളവും പലഹാരങ്ങളും വിറ്റ് ജീവിച്ചിരുന്ന എര്‍ദോഗനും, വട്‌നഗര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ചായക്കടയില്‍ അച്ഛനെയും സഹോദരനെയും സഹാച്ചിരുന്ന നരേന്ദ്ര മോദിയും സ്വയം നിര്‍മ്മിച്ചെടുത്ത വ്യക്തിത്വങ്ങളാണ്. മതപരമായ വിശ്വാസങ്ങളുടെ പുറത്ത് കെട്ടിപ്പടുത്ത ഇവരുടെ രാഷ്ട്രീയ ജീവിതത്തിന് രൂപം നല്‍കിയത് മതമെന്ന സചേതമായ ഘടകം തന്നെയാണ്. എര്‍ദോഗന്‍റെ ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടിയായാലും മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയായാലും മതം തിരുകിക്കയറ്റിയ ഒരു ദേശീയബോധമാണ് പ്രചരിപ്പിക്കുന്നത്. പടിഞ്ഞാറന്‍ പ്രചോദനമുള്‍ക്കൊണ്ട മതേതര പ്രത്യയശാസ്ത്രത്തേക്കാള്‍ കൂടുതല്‍ ആധികാരികം ഇതാണെന്ന് ഇരുവരും വാദിക്കുകയും ചെയ്യുന്നു.
പ്രസിഡന്റിനെയും ഡെപ്യുട്ടിയേയും തിരഞ്ഞെടുക്കുക മാത്രമല്ല മറിച്ച് നമ്മുടെ രാജ്യത്തിന്റെ വരും നൂറ്റാണ്ടുകള്‍ എങ്ങനെയാവണമെന്ന തിരഞ്ഞെടുപ്പുകൂടിയാണ് നടത്തുന്നതെന്ന് പറഞ്ഞുകൊണ്ട് എര്‍ദോഗന്‍ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യത്തെ പുകഴ്ത്തുമ്പോള്‍, പൗരാണിക ഇന്ത്യയുടെ നേട്ടങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മികച്ച ഭാവി സൃഷ്ടിക്കാനെന്ന പേരില്‍ ആ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയാണെന്ന് മോദിയും അവകാശപ്പെടുന്നു. പാരമ്പര്യത്തെ മഹത്വവത്കരിച്ചുകൊണ്ട് അധികാരമുറപ്പിക്കുകയാണ് ഇരു നേതാക്കളും. വ്യവസ്ഥാപിത മതേതര പ്രമാണിവര്‍ഗത്തിനെതിരെയുള്ള വിദ്വേഷവും, മതമേല്‍ക്കോയ്മ ചര്‍ച്ചയും, ചരിത്രത്തെ തിരുത്തുന്ന നടപടികളുമെല്ലാം മധ്യവര്‍ഗത്തിന്റെ ശബ്ദമായി അവരെ ഉയര്‍ത്തി.
പ്രാദേശിക ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിദേശ നയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും, പ്രവാസ സമൂഹത്തിന്റെ പിന്തുണ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര തലത്തില്‍ ഇരു നേതാക്കളും വച്ചു പുലര്‍ത്തുന്ന സമാനതയാണ്. യുഎസിനെയും യൂറോപ്പിനേയും എതിര്‍ ചേരിയില്‍ നിര്‍ത്തി എര്‍ദോഗന്‍ പ്രസംഗിക്കുമ്പോള്‍ വിദേശ സന്ദര്‍ശനങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ നാട്ടിലെ കേള്‍വിക്കാരെക്കൂടി ലക്ഷ്യമിട്ടുള്ളതാണ് മോദിയുടെ പ്രസംഗങ്ങള്‍.
മതപരമായ സ്വത്വം, ഭൂരിപക്ഷ അധീശത്വം, അതി ദേശീയത, സ്വേച്ഛാധികാരം, മാധ്യമങ്ങള്‍ക്കുമേലുള്ള നിയന്ത്രണം, ശക്തമായ സാമ്പത്തിക വളര്‍ച്ച, ശ്രദ്ധയാകര്‍ഷിക്കുന്ന പേഴ്‌സണല്‍ ബ്രാന്റ് എന്നിവയുടെയെല്ലാം ശക്തമായ മിശ്രണമാണ് എര്‍ദോഗന്‍റെ രാഷ്ട്രീയ ഫോര്‍മുല. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ കാലത്ത് തുര്‍ക്കിക്കുണ്ടായിരുന്ന പ്രതാപവും ശക്തിയുമൊക്കെ തിരിച്ചുകൊണ്ടു വരികയാണെന്ന വ്യാജമായ അഭിമാനബോധമാണ് എർദോഗന്‍ അനുയായികള്‍ക്ക് നല്‍കുന്നത്. അതിലൂടെ, ശക്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായയുണ്ടാക്കി രണ്ട് പതിറ്റാണ്ടിനപ്പുറത്തേക്ക് അധികാരം കയ്യാളാനാണ് എർദോഗന്‍റെ ശ്രമം. ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ മോദി സ്വീകരിച്ചിരിക്കുന്നതും ഇതേ ഫോര്‍മുലയാണ്. മുസ്ലീങ്ങളെ അരികുവത്കരിച്ചുകൊണ്ട് ഹിന്ദു മേധാവിത്വം ശക്തിപ്പെടുത്തുന്ന തന്ത്രമാണിത്. ന്യൂനപക്ഷങ്ങളെ ശത്രുതകൊണ്ട് വളയുന്ന രാഷ്ട്രീയ നീക്കം.
മതേതര തുര്‍ക്കികള്‍ കരയുന്നു…
ജൂലൈ 24 ന് മുസ്ലീം മതാധിഷ്ടിതമായ പ്രാര്‍ത്ഥനകള്‍ക്കായി ഹാഗിയ സോഫിയ തുറന്നപ്പോള്‍ നിരവധി വിവക്ഷിതാര്‍ത്ഥങ്ങളാണ് രൂപം കൊണ്ടത്. കാലാന്തരത്തില്‍ അവയില്‍ പലതും തുര്‍ക്കിക്ക് ദോഷമായി ഭവിക്കുമെന്നതില്‍ തര്‍ക്കവുമില്ല. പല രാഷ്ട്രീയ നേതൃത്വങ്ങളും എര്‍ദോഗന്‍റെ നടപടിയെ വളരെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു കഴിഞ്ഞു. അമേരിക്കയും, റഷ്യയും, ഗ്രീസും, സൈപ്രസ്സും, യുറോപ്യന്‍ യൂണിയനും, ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വരെ ഇതില്‍പ്പെടുന്നു. “നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ മതേതര രാഷ്ട്രമല്ലാതാവുകയാണ്, എന്നെപ്പോലെ ദശലക്ഷക്കണക്കിന് മതേതര തുര്‍ക്കികള്‍ ഇപ്പോള്‍ കരയുകയാണ്, പക്ഷെ അവരുടെ ശബ്ദം കേള്‍ക്കുന്നില്ല,” എന്നായിരുന്നു ലോക പ്രശസ്ത തുര്‍ക്കിഷ് സാഹിത്യകാരന്‍ ഒര്‍ഹാന്‍ പാമുക്കിന്‍റെ പ്രതികരണം.
ഇസ്ലാമിനെയും തുര്‍ക്കിഷ് ദേശീയതയെയും അധികാര കേന്ദ്രീകരണത്തിനുള്ള കേവല മാര്‍ഗ്ഗമായാണ് എര്‍ദോഗന്‍ സമീപിക്കുന്നത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയാകുന്ന ഈ നടപടികളെ അനുകൂലിക്കുകയും, എര്‍ദോഗനെ ഇസ്ലാമിക സ്വത്വത്തിന്‍റെ ഭാഗമായി കാണുകയും ചെയ്യുന്ന പ്രവണത കേരളത്തിലുമുണ്ട്. 14-15 നൂറ്റാണ്ടുകളില്‍ സ്പെയിനിലെയും പോര്‍ച്ചുഗലിലെയും മുസ്ലീം പള്ളികള്‍ ചര്‍ച്ചുകളാക്കി മാറ്റിയ ചരിത്ര സത്യങ്ങള്‍ ചികഞ്ഞെടുത്ത്, യൂറോപ്പിലെ ഇസ്ലാമോഫോബിയക്ക് തുർക്കിയിൽ പകരം ചോദിക്കുമെന്ന പൊള്ളയായ വാദങ്ങള്‍ നിരത്തുകയാണ് ചിലര്‍. മദ്ധ്യകാലഘട്ടത്തിലെ പടയോട്ടത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ദേശരാഷ്ട്ര രൂപീകരണാനന്തരം അപ്രസക്തമായെന്നത് മനഃപ്പൂര്‍വ്വം വിസ്മരിച്ചുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍. ഇനി എന്തൊക്കെ വാദങ്ങള്‍ നിരത്തി ന്യായീകരിക്കാന്‍ ശ്രമിച്ചാലും ഭരണാധികാരികളുടെ ദുഷ്പ്രഭുത്വത്തിന്‍റെ പേരിലായിരിക്കും ഇത്തരം നടപടികള്‍ ചരിത്രം അടയാളപ്പെടുത്തുന്നത്. അതിന് ഹിന്ദുവെന്നോ, ക്രിസ്ത്യനെന്നോ, മുസ്ലീമെന്നോ, ഇന്ത്യയെന്നോ, തുര്‍ക്കിയെന്നോ വകഭേദമുണ്ടാകില്ല.