ക്ലീന്‍ നെന്മാറ ഗ്രീന്‍ നെന്മാറ പദ്ധതിയുടെ ഭാഗമായി നെന്മാറ ഗ്രാമപഞ്ചായത്തില്‍ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെയും പ്ലാസ്റ്റിക് സംസ്‌ക്കരണ യൂണിറ്റിന്റെയും ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. നെന്മാറ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്‍ അധ്യക്ഷതനായി.
ത്രിതലപഞ്ചായത്ത് വിഹിതമായ 60 ലക്ഷം രൂപ ചെലവഴിച്ചാണ് വക്കാവിലെ ശാന്തി ഗൃഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെയും പ്ലാസ്റ്റിക് സംസ്‌ക്കരണ യൂണിറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉറവിടമാലിന്യ സംസ്‌ക്കരണത്തിന് ഊന്നല്‍ നല്‍കി വേര്‍തിരിച്ചെടുക്കുന്ന ജൈവ മാലിന്യം ജൈവവളമാക്കിയും പ്ലാസ്റ്റിക് മാലിന്യത്തെ റീസൈക്ലിംഗിലൂടെ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളുടെ സംയുകത പദ്ധതിയായ ക്ലീന്‍ നെന്മാറ ഗ്രീന്‍ നെന്മാറയ്ക്കായി ഒരു കോടി 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയായി. നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത നാരായണന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം.എന്‍.കൃഷ്ണന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.