ആഷൈം: ജർമൻ ധനകാര്യ കമ്പനി വയർ കാർഡ് എൻറോണിൻ്റെ വഴിയേ. കമ്പനിയുടെ ആസ്തിയും വരുമാനവും പെരുപ്പിച്ച് കാണിച്ച് വിവാദമായതിന് തൊട്ടുപിന്നാലെ വയർ കാർഡ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. വയർ കാർഡിലെ ഉദ്യോഗസ്ഥർ നിയമകുരുക്കിലുമായി. വയർകാർഡിലെ രണ്ട് മുൻ എക്‌സിക്യൂട്ടീവുകൾ ക്കൂടി ജൂലായ് 22ന് അറസ്റ്റിലായി. ആദ്യം അറസ്റ്റിലായ മുൻ സിഇഒ ജൂഡിഷ്യൽ കസ്റ്റഡിയിലുമാണെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ജർമ്മനിയിലെ ജനപ്രിയ ധനകാര്യ കമ്പനിയായിരുന്നു വയർകാർഡ്. പക്ഷേ അക്കൗണ്ടിങ്ങിലെ കള്ളക്കളികൾ പുറത്തു വന്നതോടെ വയർ കാർഡിൻ്റെ സ്വീകാര്യത കുത്തനെ ഇടിഞ്ഞു. വയർ കാർഡ് പപ്പരായി. രണ്ട് പതിറ്റാണ്ടു മുമ്പ് എൻറോണിന്റെ തകർച്ചയെ ഓർമ്മപ്പെടുത്തുകയാണ് വയർ കാർഡിൻ്റെ തകർച്ച. ഊർജ്ജോപ്പാദന മേഖലയിലെ ആഗോള ഭീമനായിരുന്ന എൻറോണിൻ്റെ തകർച്ച കേരളത്തിലെ ഉത്തര മലബാറിലെ എൻറോൺ പൗവ്വർ പ്രോജക്ടിന് അന്ത്യംകുറിച്ചുവെന്നതും ഇതോടൊപ്പം ചേർത്തുവായിക്കുക.
കമ്പനിയുടെ ബാലൻസ് ഷീറ്റ് പെരുപ്പിച്ച് കാണിച്ച് 3.2 ബില്യൺ യൂറോ (3.7 ബില്യൺ ഡോളർ) നിക്ഷേപം തരപ്പെടുത്തി. നിക്ഷേപകരെ വഞ്ചിച്ചു. ഇതിൽ മുൻ വയർകാർഡ് മാനേജർമാർ സംശയത്തിൻ്റെ മുൾമുനയിലാണ്. ജൂലായ് 22ന് അറസ്റ്റിലായ രണ്ട് മുൻ ഉദ്യോഗസ്ഥരിലൊരാൾ 2017 അവസാനം വരെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ. മറ്റൊരാൾ കമ്പനിയുടെ മുൻ അക്കൗണ്ടിങ് മേധാവിയുമാണെന്ന് മ്യൂണിച്ച് പ്രോസിക്യൂട്ടർ ആൻ ലീഡിംഗ് പറഞ്ഞു.
കേസിൽ ആദ്യമേ അറസ്റ്റ് ചെയ്യപ്പെട്ട മുൻ സിഇഒ മർകസ് ബ്രൗ ണിനെതിരായ കേസ് വിപുലീകരിച്ചു. ബ്രൗണിനെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടതായും ലീഡിംഗ് പറഞ്ഞു. തെറ്റായ സാമ്പത്തിക കണക്കുകൾ ചമച്ച് വിപണിയിൽ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിന് കഴിഞ്ഞ മാസം തുടക്കത്തിലാണ് ബ്രൗൺ അറസ്റ്റിലായത്. കമ്പനിയുടെ മറ്റൊരു മുൻ എക്സിക്യൂട്ടീവായ ദുബായ് സബ്സിഡിയറി മേധാവി ജൂലൈ ആദ്യവാരത്തിൽ അറസ്റ്റിലായി.
അറസ്റ്റിലായ നാല് പ്രതികൾ മറ്റുള്ളവരുമൊത്ത് 2015 ൽ വയർകാർഡിന്റെ ബാലൻസ് ഷീറ്റ് പെരുപ്പിച്ചുകാണിക്കുന്നതിനായി ഗൂഡാലോചന നടത്തിയതായി പ്രോസിക്യൂട്ടർമാർ വിശ്വസിക്കുന്നുവെന്ന് ലീഡിങ് പറഞ്ഞു.
2015 മുതൽ തന്നെ വയർ കാർഡിൻ്റെ സാമ്പത്തിക ഭദ്രത താളം തെറ്റിയിരുന്നതായി സംശയിക്കപ്പെടുന്നുണ്ട്. എന്നാൽ യഥാർത്ഥ വസ്തുത മറച്ചുവച്ചു. പകരം ഇല്ലാത്ത വരുമാന കണക്കുകൾ പെരുപ്പിച്ച് നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു വയർ കാർഡ് – ലീഡിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വയർകാർഡിൻ്റെ പതനം ജർമ്മൻ സാമ്പത്തികക്കാര്യ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കയുർത്തിയിട്ടുണ്ട്. ജർമ്മൻ പാർലമെന്റിന്റെ ധനകാര്യ സമിതി ജൂലായ് 29 ന് ഒ പ്രത്യേക യോഗം ചേരുന്നുണ്ട്. ധനകാര്യ – സാമ്പത്തിക മന്ത്രിമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാൻസലർക്കാര്യാലയം വയർകാർഡ് ഉപദേഷ്ടാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അധികൃതർ സമ്മതിച്ചിട്ടുണ്ട്.
ജർമ്മൻ നിക്ഷേപ കാലാവസ്ഥയ്ക്ക് തിരിച്ചടിയായാണ് വയർ കാർഡ് തിരിമറിയെ കാണുന്നത്. അതേ സമയം കുറ്റമറ്റ നിക്ഷേപ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായുമിതിനെ കാണുന്നു.
ഇതിനിടെ കഴിഞ്ഞ മാസം വയർകാർഡിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജാൻ മാർസലെക്ക്എവിടെയാണെന്നതിൽ വ്യക്തതയില്ല. അദ്ദേഹം ബെലാറസിലേക്കോ റഷ്യയിലേക്കോ പലായനം ചെയ്തിരിക്കാമെന്ന് സമീപകാല മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.