കുവൈത്ത് സിറ്റി: കുവൈത്തി സ്വദേശി വിദേശി ജന സംഖ്യയിലെ അസന്തുലിതത്വം പരിഹരിക്കുന്നതിനു നാലിന നിര്‍ദേശങ്ങളുമായി പാര്‍ലമന്റ് അംഗം സഫാ അല്‍ ഹാഷിം. ഇതുമായു ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ രൂപീകരിച്ച സംയുക്ത സമിതിയിലാണു ഇവര്‍ നിര്‍ദേശം സമര്‍പ്പിച്ചത്. 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് താമസാനുമതി പുതുക്കരുതെന്നാണ് ഇതില്‍ ഒന്നാമത്തേത്.
രാജ്യത്തെ മാനസിക ചികില്‍സാ കേന്ദ്രങ്ങളില്‍ കഴിയുന്ന വിദേശികളെയും ഭിക്ഷാടനം നടത്തുന്നവരെയും നാടു കടത്തുക എന്നീ ആവശ്യങ്ങളാണ് രണ്ടും മൂന്നും നിര്‍ദ്ദേശങ്ങളില്‍ മുന്നോട്ടു വെച്ചത്. താമസ രേഖയില്‍ സൂചിപ്പിച്ച തൊഴിലിടങ്ങള്‍ക്ക് പുറമേ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരെ കണ്ടെത്തി പിടികൂടി പിഴചുമത്തി നാടു കടത്തണമെന്നും സഫാ അല്‍ ഹാഷിം സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ വിദേശികള്‍ക്കെതിരേ നിരന്തരം പ്രസ്താവനകള്‍ നടത്തി വരുന്ന സഫാ അല്‍ ഹാഷിം, തനിക്ക് ഒരു പ്രത്യേക രാജ്യക്കാരില്‍ നിന്നു 9 തവണ വധ ഭീഷണി സന്ദേശം ലഭിച്ചതായി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.