കാസർകോട്: ഏഴ് കോവിഡ് ക്ലസ്റ്ററുകളാണ് കാസർകോട് ജില്ലയിൽ ഇതുവരെ രൂപപ്പെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ചെങ്കള, മംഗൽപാടി പഞ്ചായത്തുകളിലും കാസർകോട് നഗരസഭയിലും ആണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. ചെങ്കള പഞ്ചായത്തിലെ മൂന്ന് വാർഡുകളും മംഗൽപാടി പഞ്ചായത്തിലെ രണ്ട് വാർഡുകളും കാസർഗോഡ് നഗരസഭയിലെ രണ്ട് വാർഡുകളും ക്ലസ്റ്ററുകൾ ആയിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയിൽ ഇതുവരെ 818 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 506 പേർ ഇതുവരെ രോഗമുക്തി നേടി. മൂന്നാം ഘട്ടത്തിൽ 640 പേർക്ക് രോഗബാധയുണ്ടായി. സമ്പർക്കം മൂല 194 പേർക്കാണ് മൂന്നാം ഘട്ടത്തിൽ കൊവിഡ് ബാധയുണ്ടായത്. നിലവിൽ 312 പേർ കാസർകോട് ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്.
6266 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 606 കിടക്കകൾ നിലവിൽ രോഗികൾക്കായി ഒരുക്കിയിട്ടുണ്ട്. നിർമ്മാണം അവസാനഘട്ടത്തിലെത്തിയ ടാറ്റാ ആശുപത്രി കൂടി സജ്ജമായാൽ 540 കിടക്കകൾ കൂടി കോവിഡ് ചികിത്സയ്ക്കായി ലഭിക്കും.
വരും ദിവസങ്ങളിൽ 3500 പേര്‍ക്ക് കിടത്തി ചികിത്സ സസൗകര്യമുണ്ടാക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. കോവിഡ് ചികിത്സയ്ക്കായി അധികമായി വേണ്ടത് 90 ഡോക്ടര്‍മാരെയാണെന്നാണ് കണക്ക്. ഇതോടൊപ്പം 400 നഴ്സിംഗ് ജീവനക്കാരേയും വേണ്ടിവരും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോളേജ് ഹോസ്റ്റലുകളും സ്കൂളുകളും ആശുപത്രികളാക്കാനാണ് തീരുമാനം.
കാസർകോട് കേന്ദ്ര സര്‍വകലാശാലയിലെ മൂന്ന് ഹോസ്റ്റലുകള്‍ തുടക്കത്തില്‍ ആശുപത്രിയാക്കും. ആരോഗ്യപ്രവർത്തകർക്കായി നിലവില്‍ 15000 പിപിഇ കിറ്റുകള്‍ ജില്ലയിലുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ 50000 പിപി ഇ കിറ്റുകള്‍ കൂടി വേണ്ടിവരും. നിലവിലുള്ളത് 15 വെന്റിലേറ്ററുകള്‍ ആണ്. വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടണെമെന്ന് കെജിഎംഒഎ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 25 ആംബുലൻസുകളെങ്കിലും കോവിഡ് സർവ്വീസിനായി ഓടേണ്ടി വരുമെന്നും കണക്കാക്കപ്പെടുന്നു.