ഏഷ്യ-പസഫിക് മേഖല പ്രത്യാക്രമണ സജ്ജമാകുമ്പോള്‍

യുഎസ് സഖ്യകക്ഷികളായ ഓസ്ട്രേലിയയുടെയും ജപ്പാന്‍റെയും പ്രതിരോധ നടപടികള്‍ ഏഷ്യ-പസഫിക് മേഖലയെ പിരിമുറുക്കത്തിലാക്കുന്നു. പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആക്രമണാത്മക സൈനിക നിലപാട് സ്വീകരിക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനങ്ങളാണ് ലോകം ഇന്ന് ആശങ്കയോടെ ഉറ്റുനോക്കുന്നത്. ചൈനയുടെ അതിവേഗ സൈനിക വിപുലീകരണത്തിൽ നിന്ന് സ്വയം പരിരക്ഷ നേടുക എന്നതാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം.

പ്രതികരണങ്ങള്‍ക്ക് സജ്ജമായി ഓസ്ട്രേലിയന്‍ സൈന്യം

സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രതിരോധ മേഖലയില്‍ 40 ശതമാനം അധിക ചിലവ് വിലയിരുത്തിയതായി ജൂണ്‍ അവസാന വാരത്തോടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചത്. കോവിഡാനന്തര ലോകം, ദരിദ്രവും അപകടകരവും ക്രമക്കേടുകള്‍ നിറഞ്ഞതുമായിരിക്കും, ഈ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ രാജ്യം തയ്യാറാകേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

ജൂലൈ 1 ന് കാൻബെറയിലുള്ള ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ് അക്കാദമിയിൽ വച്ച് രാജ്യത്തിന്‍റെ പ്രതിരോധ നടപടികള്‍ സംബന്ധിച്ച് സംസാരിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ

യുഎസുമായുള്ള സഹകരണമാണ് ഓസ്ട്രേലിയയെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് പ്രാപ്തമാക്കുന്നത്. ഇന്‍റലിജന്‍സിലുള്ള പങ്കാളിത്തം, ആയുധ ഇടപാടുകള്‍ തുടങ്ങി വിവിധ തലങ്ങളില്‍ ഓസ്ട്രേലിയ അമേരിക്കയുടെ സഹകരണം ആവശ്യപ്പെടുന്നുണ്ട്. ചൈനയ്ക്കെതിരെയുള്ള തന്ത്രപരമായ നടപടികളിലും ഇരു രാജ്യങ്ങളും സമാനത പുലര്‍ത്തുന്നു.

കോവിഡ് ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടതിനു പിന്നാലെ ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ ചൈനീസ് വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയയില്‍ പഠനത്തിനയക്കുന്നത് പുനഃപരിശോധിക്കുമെന്ന് വരെ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിറക്കി. ചൈനയിലെ വിനോദ സഞ്ചാരികളോട് ഓസ്‌ട്രേലിയ ഒഴിവാക്കാന്‍ ചൈനീസ് അധികൃതര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ബീഫ് ഇറക്കുമതിയും ചൈന വിലക്കിയിരുന്നു. അതെ സമയം, ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് ചൈന.

ഓസ്‌ട്രേലിയക്കു നേരെ അടുത്തിടെ നടന്ന വമ്പന്‍ സൈബര്‍ ഹാക്കിംഗിന് പിറകില്‍ ചൈനയാണെന്ന അഭ്യൂഹങ്ങളും ഇതോടൊപ്പം പരന്നിരുന്നു. കൂടാതെ തായ്‌വാനു സമീപം ദക്ഷിണ ചൈന കടലിലും, ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ചൈനീസ് സൈന്യം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത് പ്രതിരോധ നടപടികള്‍ കടുപ്പിക്കാന്‍ ഓസ്ട്രേലിയയെ പ്രേരിപ്പിച്ചു.

തങ്ങളുടെ സൈന്യത്തെ ക്രമാനുഗതമായി നവീകരിക്കുകയാണ് ഓസ്ട്രേലിയ. ഫ്രഞ്ച് അന്തർവാഹിനികളും, അമേരിക്കൻ ജെറ്റുകളും സ്വീകരിച്ച് നൂതനമായ നാവിക ശക്തി വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നത്. രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് പുതിയ പ്രതിരോധ ഫണ്ടുകളിൽ ഭൂരിഭാഗവും നാവികസേനയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


കഴി‍ഞ്ഞ ഫെബ്രുവരി മാസത്തില്‍, ഉയർന്ന മൂല്യമുള്ള, ലോംഗ്-റേഞ്ച് ആന്‍റി-ഷിപ്പ് മിസൈലുകൾ ഓസ്ട്രേലിയയ്ക്ക് വിൽക്കാൻ യുഎസ് സമ്മതിച്ചിരുന്നു. ടാർഗെറ്റുകളെ ആക്രമിക്കാന്‍ കഴിവുള്ള ഈ മിസൈലുകള്‍ക്ക്, ഓസ്‌ട്രേലിയ നിലവില്‍ ഉപയോഗിക്കുന്ന ഹാർപൂൺ മിസൈലിന്റെ മൂന്നിരട്ടി ശേഷിയാണുള്ളത്. കൂടാതെ വിമാനത്തിൽ നിന്നോ കപ്പലിൽ നിന്നോ വിക്ഷേപിക്കാനും സാധിക്കും.

നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെ ആക്രമിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിലും ഗവേഷണം നടന്നുവരികയാണ്. ശത്രുവിന്റെ പ്രതിരോധത്തെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് നിലവില്‍ നാവികസേനയുടെ കൈവശമുള്ള സംവിധാനങ്ങള്‍ പുതിയ അണ്ടർവാട്ടർ ഡിറ്റക്ഷൻ നെറ്റ് ഉപയോഗിച്ച് വിപലീകരിക്കാനും നീക്കങ്ങള്‍ നടക്കുന്നു. ഉപരിതല കപ്പലുകളെയോ അന്തർവാഹിനികളെയോ കുറിച്ച് ഓസ്‌ട്രേലിയൻ പ്രതിരോധ സേനയ്ക്ക് മതിയായ മുന്നറിയിപ്പുകള്‍ നൽകുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം. കൂടാതെ ദീർഘദൂര സ്ട്രൈക്ക് ആയുധങ്ങൾ, ഹൈപ്പർസോണിക് ആയുധങ്ങൾ എന്നിവ പ്രകോപനങ്ങളുണ്ടാവുകയാണെങ്കില്‍ എത്രയും പെട്ടെന്ന് പ്രതികരിക്കാന്‍ സൈന്യത്തെ സഹായിക്കുകയും ചെയ്യും.


‘ഗെയിം ചേഞ്ചര്‍’ ആകുന്ന ജപ്പാന്‍

രണ്ടാം ലോക മഹായുദ്ധാനന്തരം രൂപംകൊണ്ട സമാധാനപരമായ ഭരണഘടന നിലനിർത്തിക്കൊണ്ടുതന്നെ ആക്രമണകാരികളിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്താന്‍ ജപ്പാൻ, സഖ്യകക്ഷിയായ യുഎസിനെ പലപ്പോഴും ആശ്രയിച്ചിരുന്നു. അമേരിക്കന്‍ പിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും സൈനിക നിലപാടില്‍ മാറ്റം വരുത്തിക്കൊണ്ട് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍.

ജപ്പാനിലെ സൈനിക ബജറ്റ് തുടർച്ചയായ എട്ടാം വർഷവും 48 ബില്യൺ ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഎസില്‍ നിന്ന് എഫ് 35, വാര്‍ണിങ് എയര്‍ക്രാഫ്റ്റ് എന്നിവ സ്വന്തമാക്കി വ്യോമസേനയെ നവീകരിക്കാനുള്ള ശ്രമമാണ് നിലവില്‍ പുരോഗമിക്കുന്നത്.


ചൈന ഉയര്‍ത്തുന്ന ഭീഷണിക്കൊപ്പം, തങ്ങളുടെ ദീർഘദൂര മിസൈലുകൾ വീണ്ടും പരീക്ഷിക്കാനൊരുങ്ങുന്ന ഉത്തരകൊറിയയും ജപ്പാന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ കയ്യടക്കാനുള്ള ആയുധ ശേഖരമാണ് രാജ്യം ആഗ്രഹിക്കുന്നത്.

‘എജിസ് അഷോർ’ എന്ന പ്രതിരോധ സംവിധാനം റദ്ദാക്കിയത്, ജപ്പാന്‍ പ്രതിരോധത്തില്‍ നിന്ന് ആക്രമണ നടപടികളിലേക്ക് വ്യതിചലിച്ചതിനുള്ള സൂചനയായാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കര അടിസ്ഥാനമാക്കിയുള്ള ഈ മിസൈൽ ഇന്റർസെപ്റ്റർ സംവിധാനം, ജപ്പാനീസ് നഗരങ്ങളെയും രാജ്യത്ത് നിലയുറപ്പിച്ച 50,000 യുഎസ് സൈനികരെയും ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് വാങ്ങിയത്. വിലപിടിപ്പുള്ള ഈ സംവിധാനം നൂറുശതമാനം പ്രതിരോധം തീര്‍ക്കാന്‍ പ്രാപ്തമല്ലെന്നുകാട്ടിയാണ്, ബദൽ മാർഗങ്ങൾ തേടാൻ പ്രധാനമന്ത്രി ഷിൻസോ ആബെ തീരുമാനിച്ചത്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ ആബെ

സ്വയം പ്രതിരോധ സേനയായി മാറാനുള്ള ജപ്പാന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ്, രാജ്യത്തിന്‍റെ ഹെലികോപ്റ്റർ കാരിയറായ ‘ഇസുമോ’, പരിഷ്‌ക്കരിച്ച് വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്നത്. കൂടാതെ, ബഹിരാകാശവും സൈബർ ഇടങ്ങളുമായിരിക്കും ഭാവിയിലെ പ്രധാന യുദ്ധക്കളങ്ങളെന്ന ദീര്‍ഘവീക്ഷണം ഉപഗ്രഹ കവറേജും സൈബർ-യുദ്ധ ശേഷിയും ഉയർത്താന്‍ ജപ്പാന് പ്രേരണയായി.


അതെസമയം ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങി ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ജപ്പാൻ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം, ചൈനയിൽ നിന്നുള്ള ആക്രമണത്തെ ചെറുക്കാൻ യുഎസിന്റെ സഹായത്തോടെ ഒരു സഖ്യം രൂപീകരിക്കുന്നതിനാവശ്യമായ സഹകരണവും രാജ്യം മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, വിവിധ രാജ്യങ്ങളുടെ സൈനിക വിപുലീകരണം ചൈനയെ ആക്രമണാത്മക നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ദരുടെ ആശങ്ക.