ലണ്ടന്‍: അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന ഭരണകൂടങ്ങള്‍ക്ക് ബ്രിട്ടീഷ് സർക്കാർ വയർടാപ്പുകൾ, സ്പൈവെയർ തുടങ്ങി ടെലികമ്മ്യൂണിക്കേഷൻ ഇന്റർസെപ്ഷൻ ഉപകരണങ്ങൾ നല്‍കുന്നത് ചര്‍ച്ചയാകുന്നു. 2015 മുതല്‍ ചൈന, സൗദി അറേബ്യ, ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി പതിനേഴോളം രാജ്യങ്ങളുമായി 11.5 മില്യണ്‍ ഡോളറിന്‍റെ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആഭ്യന്തര അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്ന രാജ്യങ്ങളിലേക്ക് സുരക്ഷാ വസ്തുക്കള്‍ കയറ്റുമതി ചെയ്യരുതെന്ന നിയമം യുകെയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുകെയുടെ വിദേശ നയം ചോദ്യം ചെയ്യപ്പെടുന്നത്. സ്വതന്ത്ര രാജ്യങ്ങള്‍ക്കു പുറമെ ഹോങ്കോങ്ങ് പോലെ ഭരണ അനിശ്ചിതത്വം നിലനില്‍ക്കുന്നയിടങ്ങളിലേക്കും യുകെയില്‍ നിന്ന് നിരീക്ഷണ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു ആശങ്ക.
ഹോങ്കോങ്ങില്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ കൊടുംമ്പിരികൊള്ളുമ്പോഴും, കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 2 മില്യണ്‍ ഡോളറിന്‍റെ ഇടപാടുകളില്‍ യുകെയുമായി ഒപ്പുവച്ചതായാണ് വിവരം. നിയമവിരുദ്ധമായ കസ്റ്റഡി മരണങ്ങള്‍ക്ക് പേരുകേട്ട ഫിലിപ്പൈന്‍സും,നിരീക്ഷണ ഉപകരണങ്ങളുടെ ബിസിനസില്‍ യുകെയുമായി സജീവ പങ്കാളിത്തം തുടര്‍ന്നു പോരുന്നുണ്ട്.
“ബ്രിട്ടനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ആഭ്യന്തര അടിച്ചമർത്തലിനായി മറ്റ് രാജ്യങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന് നിയമപരവും ധാർമ്മികവുമായ കടമയുണ്ട്. ഇത്തരം കേസുകളിലെ അപകടസാധ്യതകൾ എങ്ങനെ വിലയിരുത്തിയെന്നും കയറ്റുമതി ചെയ്ത ഉപകരണങ്ങള്‍ ആത്യന്തികമായി ഉപയോഗിച്ചതെങ്ങനെയെന്നും സർക്കാർ അടിയന്തിരമായി വ്യക്തമാക്കേണ്ടതുണ്ട്,” ലേബര്‍ പാര്‍ട്ടി നേതാവും, ഷാഡോ ഇന്റർനാഷണൽ ട്രേഡിന്‍റെ സ്റ്റേറ്റ് സെക്രട്ടറിയുമായ എമിലി തോൺബെറി പറഞ്ഞതായി ദ ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സർക്കാർ അതിന്റെ കയറ്റുമതി സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുന്നുണ്ടെന്നും, കർശനമായ ലൈസൻസിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ കയറ്റുമതി ലൈസൻസുകളും വിലയിരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചതായും ദ ഇന്‍ഡിപെന്‍ഡന്‍റ് കൂട്ടിച്ചേര്‍ത്തു.
അതെസമയം, ഇത്തരം ഉപകരണങ്ങൾ വിൽക്കുമ്പോൾ യുകെ ശരിയായ അപകടസാധ്യതകൾ വിലയിരുത്തുന്നതായി തോന്നുന്നില്ലെന്നാണ് യുകെയിലെ ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സൈനിക, സുരക്ഷ, പോലീസ് കാര്യങ്ങളുടെ പ്രോഗ്രാം ഡയറക്ടർ ഒലിവർ ഫീലി-സ്പ്രാഗ് അഭിപ്രായപ്പെടുന്നത്. ഉപകരണങ്ങൾ കയറ്റുമതിചെയ്യപ്പെട്ട രാജ്യങ്ങള്‍ അവ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് യുകെ ഭരണകൂടത്തിന് തെളിയിക്കാൻ കഴിയാത്തതുവരെ ഈ കണക്കുകൾ ആശങ്കയ്ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശങ്ങളെക്കാൾ ആയുധ കയറ്റുമതിക്ക് മുൻഗണന നൽകുന്ന, അപകടകരവും കപടവുമായ വിദേശനയമാണ് യുകെ സ്വീകരിക്കുന്നതെന്ന് ആയുധ വ്യാപാരത്തിനെതിരായ പ്രചാരണത്തിന്‍റെ ആസൂത്രകരില്‍ ഒരാളായ ആൻഡ്രൂ സ്മിത്ത് പറയുന്നു. സൗദി അറേബ്യയിലേക്കുള്ള ആയുധ കയറ്റുമതി യുകെ പുനരാരംഭിക്കുമെന്ന് ഈ ആഴ്ച അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു. യെമനില്‍ സൗദി സൈന്യം അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചുവെന്ന വാദങ്ങള്‍ അവലോകനം ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.