കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം നിലനിർത്തി യുഡിഎഫ്. മുന്നണിക്കുള്ളിലെ ധാരണ പ്രകാരം കോൺഗ്രസ് മേയര്‍ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 28-നെതിരെ 27-വോട്ടുകൾക്കാണ് മുസ്ലീം ലീഗിന്‍റെ സി. സീനത്ത് ജയിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലീംലീഗിന് ഒരു വനിതാ മേയർ ഉണ്ടാവുന്നത്. ഇപി ലതയായിരുന്നു എൽഡിഎഫിൻ്റെ മേയർ സ്ഥാനർത്ഥി.
അഞ്ച് വർഷത്തിനിടയിൽ കണ്ണൂർ കോർപറേഷൻ്റെ മേയറാകുന്ന മൂന്നാമത്തെ ആളാണ് സി. സീനത്ത്. മുന്നണി ധാരണ പ്രകാരം കോൺഗ്രസിൻ്റെ സുമ ബാലകൃഷ്ണൻ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ മാസം നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പി.കെ. രാഗേഷ് ജയിച്ചിരുന്നു.
അൻപത്തിയഞ്ച് അംഗ കൗൺസിലിൽ യുഡിഎഫിന് ഒരു സ്വതന്ത്രനടക്കം 28ഉം എൽഡിഎഫിന് 27ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ട്രേറ്റ് കോമ്പൗണ്ടിന് അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ കോമ്പൗണ്ടിനുള്ളിൽ പൊതുയോഗങ്ങൾക്കും, പ്രതിഷേധ പരിപാടികൾക്കും വിലക്കുണ്ട്. നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.