കൊളംബോ: 2011 ലോകകപ്പ് ഒത്തുകളി വിവാദത്തില്‍ ശ്രീലങ്കന്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ വീണ്ടും ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെ രംഗത്ത്. ഫൈനല്‍ ഒത്തുകളിയാണെന്ന് തെളിയിക്കാനുള്ള നിരവധി തെളിവുകൾ താൻ െഎ.സി.സിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അലുത്ഗമാഗെ അറിയിച്ചു.
ഇന്ത്യയ്ക്ക് ലോകകപ്പ് ശ്രീലങ്ക വിട്ടുനല്‍കുകയായിരുന്നുവെന്ന ആരോപണത്തില്‍ വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് മന്ത്രി മഹിന്ദാനന്ദ അലുത്ഗമേഗ കൂടുതല്‍ തെളിവ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
ഇപ്പോഴത്തെ െഎ.സി.സി അഴിമതി വിരുദ്ധ സമിതി തലവനായ അലക്സ് മാർഷലിന് ഒത്തുകളിയുമായി ബന്ധപ്പെട്ട് വിവരം നൽകിയിരുന്നു. മത്സരം ലങ്ക ഇന്ത്യക്ക് വിറ്റതാണെന്നതിനുള്ള തെളിവുകളും വാഗ്ദാനം ചെയ്തു. പോലീസ് താൻ നൽകിയ പരാതി അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടതോടെ, ലങ്കൻ പ്രസിഡൻറിനോട് കേസ് പുനഃപരിശോധിക്കാൻ െഎ.സി.സിയിൽ സമ്മർദ്ദം ചെലുത്താനും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ശ്രീലങ്കന്‍ മാധ്യമായ ന്യൂസ് ഫസ്റ്റിനോട് പറഞ്ഞു. കേസ് അന്വേഷണം പെട്ടന്ന് തീർക്കാനായി ഉന്നതരിൽ ചിലർ ഭീമൻ തുകയിറക്കിയിട്ടണ്ടെന്നും അലുത്ഗമാഗെ ആരോപിച്ചു.
അതേസമയം, ഒത്തുകളിയാരോപണത്തിൽ അന്വേഷണം നടത്തില്ലെന്നാണ് െഎ.സി.സി അറിയിച്ചത്. മതിയായ തെളിവുകൾ ഇതുവരെ ആർക്കും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അവർ വ്യക്തമാക്കിയത്.