കണ്ണൂർ: തൊഴില്‍സ്വാതന്ത്ര്യത്തിനായി ഒറ്റയാള്‍പ്പോരാട്ടം പ്രശസ്തയായ ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ജീവ ചരിത്രം പ്രസിദ്ധീകരണത്തിന് എത്തുന്നു. KL 13 L 8527 ചിത്രലേഖയുടെ ചരിത്രം എന്ന പേരിട്ടുള്ള ജീവചരിത്രം കൊറോണയുടെ തീവ്രത കുറയുന്ന സമയത്ത് പ്രസിദ്ധീകരിക്കുമെന്ന് ചിത്രലേഖ അറിയിച്ചു. സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളോടെയാണ് പ്രസിദ്ധീകരണ വിവരം അവർ പങ്കുവെച്ചത്.
“എന്റെ ജീവ ചരിത്രം ഈ കൊറോണയുടെ കാലത്തിനു ശേഷം (തീവ്രത കുറയുമ്പോൾ) പ്രസിദ്ധീകരിക്കുന്നതാണ്. ഞാന്‍ പറഞ്ഞു കൊടുത്തത് അതേ പടി രൂപേഷേട്ടന്‍ എഴുതുകയാണ് ചെയ്തത്. എല്ലാവരും വലിയ വിപ്ലവം എന്നൊക്കെ പറഞ്ഞു കമ്മ്യൂണിസ്റ്റ് സ്വര്‍ഗ രാജ്യം എന്നൊക്കെ ഡയലോഗ് വിടുന്ന മലബാറില്‍ എനിക്കു ഒരു ഓട്ടോ ഓടിച്ചു ജീവിക്കാന്‍ സമ്മതിക്കാത്തതിന്റെ കഥയാണ് ഈ പുസ്തകം” – ചിത്രലേഖ പറയുന്നു.
“സിപിഎമ്മുകാരായ ഓട്ടോ റിക്ഷാക്കാര്‍ ‘പുലയടിച്ചി ഓട്ടോ ഓടിക്കുന്നോ? എന്നു ചോദിച്ചാണ് എന്നെ ആക്രമിച്ചത്. എന്നെ കല്യാണം കഴിച്ചതു കൊണ്ട് തിയ്യ സമുദായക്കാരനായ എന്റെ ഭര്‍ത്താവ് ശ്രീഷ്കാന്ത് വധശ്രമത്തില്‍ നിന്നു വരെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. പയ്യന്നൂരില്‍ നിന്നു പലായനം ചെയ്തു കണ്ണൂരില്‍ ഒരു വീടെടുക്കാന്‍ തുനിഞ്ഞ ഞങ്ങളെ അതില്‍ നിന്നും തടഞ്ഞു. ഇപ്പോള്‍ കണ്ണൂരില്‍ തൊഴിലില്ലാത്ത കൊറോണ കാലത്ത് വാടകയ്ക്ക് പോലും പൈസ ഇല്ലാതെ ഒരു ചോരുന്ന വീട്ടില്‍ കഴിഞ്ഞു കൂടുകയാണ്” – അവർ കൂട്ടിച്ചേർത്തു.
എല്ലാം ശരിയായ നമ്പര്‍ വണ്‍ കേരളത്തില്‍ ഓട്ടോ ഓടിച്ചു അരി വാങ്ങിക്കാന്‍ ശ്രമിച്ച ഒരു പുലയ സ്ത്രീയുടെ ചരിത്രം നിങ്ങള്‍ വാങ്ങി വായിക്കണം. സി പി എം നാളിതുവരെ എന്നോട് ചെയ്ത ക്രൂരതക്ക് ഒരു മറുപടി – ഫേസ്ബുക്ക് പോസ്റ്റിൽ അവർ കുറിച്ചു.
തൊഴില്‍സ്വാതന്ത്ര്യത്തിനായി ഒറ്റയാള്‍പ്പോരാട്ടം നടത്തിയ സ്ത്രീ എന്ന നിലയിലാണ് ചിത്രലേഖ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ദളിതയെന്ന മുദ്ര ചാര്‍ത്തി തൊഴിലിടത്തില്‍ വിവേചനം കാട്ടുന്നുവെന്നായിരുന്നു ചിത്രലേഖയുടെ ആരോപണം. ഇവരുടെ ഓട്ടോ തീയിടുകയും നിരവധി തവണ ഇവര്‍ക്കെതിരേ അതിക്രമങ്ങളുണ്ടാവുകയും ചെയ്തു. തൊഴില്‍സമത്വം നേടിയെടുക്കാനായി പല ഘട്ടങ്ങളിലായി ചിത്രലേഖ 176 ദിവസമാണ് കണ്ണൂര്‍ കളക്ടറേറ്റിനു മുന്‍പിലും സെക്രട്ടേറിയറ്റിനു മുന്‍പിലും സമരം നടത്തിയത്.