രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ജൂൺ 15നു ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനു പിന്നാലെ ‘ബോയ്കോട്ട് ചൈന’ പ്രചാരണങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ മുഴങ്ങി കേട്ടിരുന്നു. അങ്ങനെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ മുതല്‍ ആരും അധികം കേട്ടിട്ടുപോലുമില്ലാത്ത കുഞ്ഞനാപ്പുകള്‍ക്ക് വരെ നിരോധനമേര്‍പ്പെടുത്തി 30 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കാനും ദേശീയ വികാരം കാത്തു സൂക്ഷിക്കാനും രാജ്യം മുന്‍കൈയ്യെടുത്തിരിക്കുന്നു.
ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കത്തിന്റെ ജയപരാജയ സാധ്യതയെക്കുറിച്ചാണ് നിലവില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്. പൂട്ടുവീണ ആപ്പുകളിലെ എറ്റവും പ്രധാനി ടിക് ടോക് തന്നെയാണ്, രണ്ടാമന്‍ ഹലോയും. ഇവയുടെ വെബ്സൈറ്റുകളില്‍ ഇപ്പോള്‍ പ്രവേശിച്ചാല്‍ നിരോധനത്തെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ കാണാം. ഇവ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
ടിക്‌ടോക്കിന് ഇന്ത്യയിൽ ഏതാണ്ട് ഇരുപതുകോടിയോളം ഉപയോക്താക്കളുണ്ട്. അതിൽ പന്ത്രണ്ടു കോടിയോളം ആക്റ്റീവ് യൂസേഴ്‌സാണ്. അതായത് അവരുടെ ജീവിതം അവർ ക്രമീകരിച്ചിരുന്നത് ടിക്ടോക്കിനു ചുറ്റുമാണെന്ന് സാരം. ഈ പന്ത്രണ്ടു കോടി എന്നത് ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ പത്തു ശതമാനമാണ്. തങ്ങളുടെ വിനോദോപാദി ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും വിടവാങ്ങിയെന്നത് അത്തരക്കാര്‍ക്ക് തീര്‍ച്ചയായും അസഹനീയം തന്നെ. ഇനി എന്താണ് ഇതിനൊരു പോംവഴി? പ്രമുഖമായ ഈ ആപ്പുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ത്യയില്‍ അനുവദനീയമായതും ഇന്ത്യന്‍ ജീനിലുള്ളതുമായ ആപ്പുകള്‍ വേറെയും നിലവിലുണ്ട്. അവയ്ക്ക് ഈ ചൈനീസ് വമ്പന്മാരുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.
ടിക് ടോക്കിന്‍റെ ഇന്ത്യന്‍ അപരന്മാര്‍
2016 സെപ്റ്റംബറില്‍ ഡൗയിന്‍ എന്ന പേരില്‍ ജന്മമെടുത്ത ആപ്പാണ് ടിക് ടോക്ക്. ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായാണ് വിശ്വ വിഖ്യാതമായ ടിക് ടോക്ക് എന്ന പേര് സ്വീകരിക്കുന്നത്. ഷാങ്ഹായ് അധിഷ്ഠിതമായ മ്യൂസിക്കലിയെ ഏറ്റെടുത്ത് കൊണ്ട് 2017 നവംമ്പര്‍ 9നാണ് ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക് ചുവടുറപ്പിച്ചത്. കൗമാരക്കാരുടെ സ്വകേന്ദ്രീകൃത സൗന്ദര്യ ബോധത്തെയും അടിച്ചുപൊളി മനോഭാവത്തെയും മുതലെടുത്തായിരുന്നു ആപ്പിന്‍റെ തുടക്കമെങ്കിലും സമീപകാലത്ത് ഒരു പുത്തന്‍ ബിസിനസ് മോഡലിലേക്കാണ് ടിക് ടോക് കടന്നത്.
ടിക് ടോക്കിന്‍റെ ഗുണഗണങ്ങളുള്ള ചില വിരുതര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. എന്നാല്‍ ടിക് ടോക്കെന്ന മലവെള്ളപ്പാച്ചിലില്‍ നാം ശ്രദ്ധിക്കാതെ പോയതാണ്. ബോലോ ഇന്ത്യയാണ് ഒരു ഉദാഹരണം. നിലവിൽ രാജ്യത്ത് 100,000ത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്ക് ഇതര വീഡിയോ ആപ്പാണ് ബോലോ ഇന്ത്യ. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ അപ്ലിക്കേഷൻ സ്റ്റോറിലും ഇത് ലഭ്യമാണ്. ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ രാത്രി തന്നെ ബോലോ ഇന്ത്യയുടെ സ്ഥാപകന്‍ വരുൺ സക്‌സേന, അതിവേഗം വളരുന്ന ബോലോ ഇൻഡ്യ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ഇന്ത്യയിൽ നിന്നുള്ള എല്ലാ ടിക് ടോക്ക് താരങ്ങളെയും ക്ഷണിക്കുകയുണ്ടായി. ദശലക്ഷക്കണക്കിന് ടിക് ടോക്ക് താരങ്ങളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ സാധിക്കുന്നതിലെ സന്തോഷവും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചതാണ്. യുജിസി പ്ലാറ്റ് ഫോമുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഗവണ്‍മെന്‍റ് നിഷ്കര്‍ഷിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഡാറ്റാ സുരക്ഷ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.
ഒരു കോടിയിലധികം ഉപയോക്താക്കളുള്ള മറ്റൊരു വീഡിയോ ആപ്പാണ് മിട്രോണ്‍. വെറും 4 എംബി മാത്രമുള്ള ഈ ആപ്പ് ടിക് ടോക്കിനു സമാനമായ ഫീച്ചറുകളുമായാണ് ഡിജിറ്റല്‍ രംഗത്ത് കാലെടുത്ത് വെച്ചത്. അക്കൗണ്ട് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ ടിക് ടോക്ക് പോലെ തന്നെ കമന്‍റ് ചെയ്യാനും, ഫോളോ ചെയ്യാനും, വീഡിയോകള്‍ ചെയ്യാനും മിട്രോണ്‍ അനുവദിക്കുന്നുണ്ട്. “ഇന്ത്യൻ ഉപയോക്താക്കളെ ടാർഗെറ്റുചെയ്യുന്ന ഏതൊരു അപ്ലിക്കേഷനും പ്രാദേശിക കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളോട് സംവേദനക്ഷമത പുലർത്തുകയും പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും വേണം. മിട്രോണ്‍ ഇത് കൃത്യമായി പാലിക്കുന്നുണ്ട്,” ടിക്‌ടോക്ക് നിരോധനം സംബന്ധിച്ച് മിട്രോൺ ആപ്പ് സഹസ്ഥാപകൻ അനിഷ് ഖണ്ടേൽവാളിന്‍റെ വാക്കുകളാണിവ.
ഒരു നിശ്ചിത കാലയളവിൽ നിരവധി ഉപയോക്താക്കളെ നേടിയ മറ്റൊരു ഇന്ത്യൻ വീഡിയോ പ്ലാറ്റ്‌ഫോമാണ് റോപോസോ. ഗൂഗിൾ പ്ലേ സ്റ്റോറിലെ ഒന്നാം നമ്പർ വീഡിയോ ആപ്ലിക്കേഷൻ എന്ന നിലയിൽ ടിക് ടോക്കിന്‍റെ അസാന്നിദ്ധ്യം നികത്താന്‍ റോപോസോയ്ക്ക് കഴിയുമെന്നായിരുന്നു, ആപ്പുകള്‍ നിരോധിച്ച സന്ദര്‍ഭത്തില്‍ റോപോസോയുടെ മാതൃസ്ഥാപനമായ ഇൻമോബി ഗ്രൂപ്പിന്‍റെ സ്ഥാപകനും സിഇഒയുമായ നവീൻ തിവാരി പറഞ്ഞത്. 65 ദശലക്ഷം ഉപയോക്താക്കളാണ് ഈ ഇന്ത്യന്‍ ആപ്പിനുള്ളത്. പ്ലേ സ്റ്റോറില്‍ നിന്ന് ഈ അപ്ലിക്കേഷൻ 50,000,000ത്തിലധികം ഉപയോക്താക്കൾ ഇതിനോടകം ഡൗൺലോഡു ചെയ്‌തു കഴിഞ്ഞു.
സീ5, ടിക് ടോക്കിന് എതിരാളിയായി അവതരിക്കുമെന്ന് നേരത്തെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇത് അടുത്തമാസം കളത്തിലിറങ്ങും. ഇതു കൂടാതെ മള്‍ട്ടി നാഷണല്‍ സോഷ്യല്‍ നെറ്റ്‌വർക്കായ ഷെയര്‍ ചാറ്റ്, ചിങ്കാരി തുടങ്ങിയ ഇന്ത്യന്‍ ആപ്പുകളും ടിക് ടോക്കിന്‍റെ നഷ്ടം നികത്താന്‍ രംഗത്തുണ്ട്.
എക്സെന്‍ഡറിനു പകരക്കാര്‍
വലിയ വലിയ ഫയലുകള്‍ സുഖമായി കൈമാറാന്‍ ഉപയോഗിച്ചിരുന്ന ആപ്പുകളാണ് ഷെയറിറ്റും എക്‌സ് സെന്‍ഡറും. ഒരു പക്ഷേ നിരോധിക്കപ്പെട്ടെങ്കിലും ഇനിയുമേറെ കാലം ഉപയോഗിക്കപ്പെടാന്‍ പോകുന്ന ആപ്പുകള്‍ ഇവയായിരിക്കും. എന്നാല്‍ ഇവയ്ക്കുമുണ്ട് പകരക്കാര്‍. ഫയല്‍സ് ഗോ, സെന്‍ഡ് എനിവേര്‍, ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്സ് എന്നിവയാണ് ഇന്ത്യയില്‍ നിലവിലുള്ള പ്രധാന ഷെയറിങ് ആപ്പുകള്‍.
ഫയൽ ബ്രൗസിംഗ്, ഓഫ് ലൈനായുള്ള ഫയല്‍ കൈമാറ്റം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആപ്പാണ് ഫയല്‍സ് ഗോ. 90 ഭാഷകളിൽ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ മാത്രമാണ് ഈ ആപ്പ് നിലവിലുള്ളത്. ഏത് വലുപ്പത്തിലും തരത്തിലുമുള്ള ഫയലുകൾ നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ സൗജന്യമായി അയക്കാന്‍ സഹായിക്കുന്ന ആപ്പാണ് സെന്‍ഡ് എനിവേര്‍. ഷെയര്‍ ഓള്‍, ജിയോ സ്വിച്ച്, സ്മാര്‍ട്ട് ഷെയര്‍ എന്നിങ്ങനെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകളും ഫയലുകളുടെ സുരക്ഷിതമായ കൈമാറ്റത്തിന് സഹായിക്കുന്നുണ്ട്.
യുസി ബ്രൗസര്‍ പോയാലെന്ത്?
കാലങ്ങളായി കുപ്രസിദ്ധി പേറുന്ന ചൈനീസ് ആപ്പുകളിലൊന്നാണ് യുസി ബ്രൗസര്‍. ക്യാം സ്‌കാനറും, ഡിയു ആപ്പുകളും, ചീറ്റാ മൊബൈലിന്റെ ക്ലീന്‍ മാസ്റ്റര്‍ കുടുംബത്തില്‍ പെട്ട ആപ്പുകളുമാണ് മറ്റ് വിവാദ നായകര്‍. എന്നാല്‍, 2009 മുതല്‍ ഇന്ത്യയില്‍ സജീവമായ യുസി ബ്രൗസറിന് വലിയ ആരാധക പിന്തുണയുണ്ട്. ഗൂഗിള്‍ ക്രോം അടക്കി ഭരിക്കുന്ന മൊബൈല്‍ ബ്രൗസര്‍ രംഗത്ത് രണ്ടാം സ്ഥാനക്കാരനാണ് യുസി. ക്രോമിന് ഇതിനേക്കാള്‍ പതിന്മടങ്ങ് ഉപഭോക്താക്കളുണ്ടെങ്കിലും ഈ രണ്ടാം സ്ഥാനം അത്ര ചെറുതല്ല. പ്രസിദ്ധമായ ആലി ബാബ ഗ്രൂപ്പിന്റെ ഉത്പന്നമാണ് യുസി എന്നതാണ് പ്രത്യേകത.
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്ലൂസ്‌കി ഇൻവെൻഷന്‍സ് വികസിപ്പിച്ചെടുത്ത ഭാരത് ബ്രൗസറാണ് യുസിക്ക് ഒരു പകരക്കാരന്‍. വെറും 8എംബിയുള്ള ഈ ബ്രൗസര്‍ കുറഞ്ഞ ചെലവിലുള്ള ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ബിസിനസ് സംരംഭകനായ അലോക് ഭരദ്വാജ് ബെംഗളൂരുവിൽ സ്ഥാപിച്ച ഹിഡൻ റൈഫ്ലെക്സ് എന്ന വെബ് ആപ്ലിക്കേഷൻ കമ്പനി വികസിപ്പിച്ചെടുത്ത ‘എപ്പിക് പ്രൈവസി’ ബ്രൗസറാണ് മറ്റൊന്ന്. ക്രോമിയം പ്രോജക്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഈ ബ്രൗസർ, ഫിംഗർപ്രിന്റിംഗ് പരിരക്ഷണം, എൻക്രിപ്റ്റുചെയ്‌ത കണക്ഷൻ മുൻഗണന എന്നിവ പോലുള്ള സവിശേഷതകൾ ഉപയോഗിച്ച് സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നതാണ് പ്രത്യേകത.
4 ജി നെറ്റ്‌വർക്ക് ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത ‘ഇന്ത്യന്‍ ബ്രൗസര്‍’ ആണ് മറ്റൊന്ന്. റിലയന്‍സ് പുറത്തിറക്കിയ ജിയോ ബ്രൗസര്‍, ഒമിഗോ എന്നിവയാണ് യുസിക്ക് പകരമാകുന്ന ഇന്ത്യന്‍ ബ്രൗസറുകള്‍. കൂടാതെ ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ്, ഒപേര തുടങ്ങിയ ആപ്പുകള്‍ ഇപ്പോഴും നിലവിലുണ്ട്.
ഷോപ്പിംഗ് ചെയ്യാന്‍ ക്ലബ് ഫാക്ടറി മാത്രമല്ല
ഷെയ്ൻ, ക്ലബ് ഫാക്ടറി, തുടങ്ങിയ ഷോപ്പിംഗ് ആപ്പുകള്‍ നിരോധിക്കപ്പെട്ടെങ്കിലും മിന്ത്ര, ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, ലൈംറോഡ് തുടങ്ങിയ ആപ്പുകള്‍ സമാന സേവനങ്ങള്‍ ചെയ്ത് സഹായിക്കും. അതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രേമികള്‍ക്ക് ആപ്പുകളുടെ നിരോധനം ഒരു പ്രശ്നമാകുന്നില്ല.
യൂ ക്യാം വേണ്ട B612 ഉണ്ടല്ലോ
ഫോട്ടോ എഡിറ്റ് ചെയ്ത് സുന്ദരമാക്കുന്ന കാക്കത്തൊള്ളായിരം ആപ്പുകളുണ്ടെങ്കിലും യൂ ക്യാമിന് സുന്ദരന്‍മാരുടെയും സുന്ദരിമാരുടെയും മനസില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. യൂ ക്യാമിലെ ഓഫ് ലൈന്‍ ഫീച്ചറുകള്‍ തുടര്‍ന്നുപയോഗിക്കാമെങ്കിലും, നിരോധനത്തോട് കൂടി ഇനി സെക്യൂരിറ്റി അപ്‌ഡേറ്റുകളടക്കം നില്‍ക്കുന്ന സാഹചര്യമായതിനാല്‍ ഈ ആപ്പുകള്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. പക്ഷെ, B612 ബ്യൂട്ടി ആന്‍ഡ് ഫില്‍ട്ടര്‍ ക്യാമറ യൂ ക്യാമിന്‍റെ വിടവ് നികത്താന്‍ സഹായിക്കും.
വാര്‍ത്തയറിയാന്‍ വേറെ വഴികള്‍
ന്യൂസ്‌ഡോഗ്, യുസി ന്യൂസ്, ക്യുക്യു ന്യൂസ്‌ഫീഡ് എന്നീ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചെങ്കിലും ഗൂഗിള്‍ ന്യൂസ്, ആപ്പിള്‍ ന്യൂസ്, ഇന്‍ഷോര്‍ട്ട് തുടങ്ങി വാര്‍ത്തയറിയാന്‍ വേറെയും വഴികളുണ്ട്. പോരാത്തതിന് അന്തര്‍ദേശീയ തലത്തിലുള്ള വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലെത്തിക്കാന്‍ നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഡിജിറ്റല്‍ മാധ്യമ രംഗത്ത് സജീവമാണ്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ വളരെ പ്രചാരത്തിലുള്ളതിനാല്‍ വി മീറ്റ്, വി ചാറ്റ് തുടങ്ങിയ ആപ്പകളുടെ നിരോധനം ഇന്ത്യയില്‍ സാരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കില്ല. എം ഐ കമ്മ്യൂണിറ്റി ആപ്പിനെയും, എം ഐ വീഡിയോ ചാറ്റ് ആപ്പിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്, ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലെ നിലവിലെ രാജാക്കന്‍മാരായ ഷവോമിക്ക് ഒരു ചെറിയ അടിയായിട്ടുണ്ട്. വൈകാതെ തന്നെ ഇതിലൊരു തീരുമാനവും അറിയാം.
ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കൈകടത്തുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിട്ടുള്ള ആപ്പുകളാണ് നിരോധിച്ചവയില്‍ മിക്കതും. എന്നാല്‍ അന്ന് നടപടിയെടുക്കാതിരുന്നതെന്താണ്? ഈ 59 ആപ്പുകളേക്കാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആപ്പുകള്‍ വേറെയുമുണ്ട്, ഈ ആപ്പുകളില്‍ ഇപ്പോള്‍ ശേഖരിച്ച് വെച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കും… തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം വേണ്ടത്.