ചൈനക്കെതിരെ വിമർശനവുമായി ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. കൊറോണ പ്രതിരോധത്തിനിടെ മറ്റൊരു വൈറസിനെ ചൈന തയ്യാറാക്കി നിർത്തിയിരിക്കുകയാണ് എന്നാണ് ഹർഭജൻ പറയുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹർഭജൻ ചൈനക്കെതിരെ രംഗത്തെത്തിയത്. ചൈനയിൽ നിന്ന് മറ്റൊരു വൈറസ് കണ്ടെത്തി എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കൊവിഡ് 19നെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ശ്രമിച്ചുകൊണ്ടിരിക്കെ അവർ നമുക്കായി മറ്റൊരു വൈറസ് തയ്യാറാക്കിക്കഴിഞ്ഞു.’- ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.
While the whole world is still struggling to deal with Covid 19 they have made another virus ready for us.. https://t.co/kCBwajGD2n
— Harbhajan Turbanator (@harbhajan_singh)
June 30, 2020
മുൻപും ചൈനക്കെതിരെ വവിമർശനവുമായി ഹർഭജൻ രംഗത്തെത്തിയിരുന്നു. ചൈന കൊവിഡ് പടർത്തിയത് മനപൂർവമാണെന്ന് ആദ്യം ആരോപിച്ച അദ്ദേഹം പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
2009 ൽ ലോകത്ത് പടർന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ജി 4 എന്നാണ് പുതിയ വൈറസിന് നൽകിയിരിക്കുന്ന പേര്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നൽകില്ലെന്നും ഗവേഷകർ പറയുന്നു. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.
















