കൊച്ചി: കോവിഡ് മഹാമാരിയെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണ് ലോകം മുഴുവനുമുള്ള ജനങ്ങൾ. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാതിനെ തുടർന്ന് രാജ്യത്ത് ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൊറൊട്ടോറിയം കാലാവധി തീരുന്നത് വരെ ലോണുകളുടെ തിരിച്ചടവ് ഈ പ്രഖ്യാപനം വഴി നീട്ടിവെച്ചിരുന്നു. എന്നാൽ കെഎസ്എഫ്ഇ ലോണുകളുടെ പരിധിയിൽ വരാത്ത ചിട്ടികളുടെ തിരിച്ചടവ് പിരിച്ചെടുക്കുകയാണ് ഈ ദുരിതകാലത്തുമെന്ന് ആരോപണം ഉയരുന്നു.
ചിട്ടികളുടെ തിരിച്ചടവ് കെഎസ്എഫ്ഇ ആവശ്യപ്പെട്ടത് മുതൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് സംസ്ഥാനത്തെ സാധാരണക്കാരായ വലിയൊരു വിഭാഗം ആളുകൾ. കെഎസ്എഫ്ഇ ചിട്ടികളിൽ നല്ലൊരു ശതമാനവും സാധാരണക്കാരായ ആളുകളാണ്. നാട്ടിലെ കൂലി വേലക്കാരും, കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടെയുള്ള ജനങ്ങളുമാണ് ചിട്ടികളിൽ ചേർന്നിട്ടുള്ളവരിൽ അധികവും.
മാർച്ച് അവസാന വാരം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മുതൽ ഇപ്പോൾ വരെ കൃത്യമായ ജോലികൾ സാധാരണക്കാരായ ഈ ജനങ്ങൾക്ക് ഇല്ല. അതിനുപുറമെ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ജോലി ഇല്ലാത്തത് കൊണ്ട് മറ്റു സാമ്പത്തിക ബാധ്യതകളും ഇവർക്ക് ഉണ്ടായിട്ടുണ്ട്. ഈ ദുരിതങ്ങളെല്ലാം മുന്നിൽ നിൽക്കുമ്പോഴാണ് നേരത്തെ പിടിച്ച ചിട്ടികളുടെയും അടവ് ബാക്കിയുള്ള ചിട്ടികളുടെയും പണം കെഎസ്എഫ്ഇ ആവശ്യപ്പെടുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളുടെ ദുരിതഭാരം വർധിപ്പിക്കുകയാണ്.
സാധാരണ ജനങ്ങൾ കഴിഞ്ഞാൽ കെഎസ്എഫ്ഇ ചിട്ടികളിൽ അധികവും ചേർന്നിട്ടുള്ളത് ചെറുകിട – ഇടത്തരം സ്ഥാപന ഉടമകളും മറ്റുമാണ്. ലോക്ക് ഡൗൺ കാലത്ത് സ്ഥാപനങ്ങൾ അടച്ചിടുകയും ഉത്പാദനം നിർത്തിവെക്കേണ്ടിയും വന്നതോടെ ഇത്തരം സ്ഥാപനങ്ങളിൽ പലതും അടച്ചുപൂട്ടലിന്റെ പോലും ഭീഷണിയിലാണ്. ലോക്ക് ഡൗൺ ഇളവ് വന്നതോടെ ചില സ്ഥാപനങ്ങൾ തുറന്നെങ്കിലും കാര്യമായ കച്ചവടം ഇപ്പോഴും വന്ന് തുടങ്ങിയിട്ടില്ല.
അവശ്യ സാധനങ്ങൾ അല്ലാതെയുള്ള മറ്റു വസ്തുക്കൾ ഒന്നും ആളുകൾ വാങ്ങിത്തുടങ്ങിയിട്ടില്ല എന്നതിനാൽ പല കച്ചവടങ്ങഉം മന്ദഗതിയിലാണ് നീങ്ങുന്നത്. മിക്ക സ്ഥാപനങ്ങളും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുകയാണ്. പലരും മറ്റു ലോണുകൾ എടുക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ചിട്ടി അടവ് കൂടി അടക്കണം എന്നത് ഇവരെ സംബന്ധിച്ച് താങ്ങാൻ ആവാത്ത സ്ഥിതിയാണുള്ളത്.
അതേസമയം തന്നെ പല സ്ഥാപനങ്ങൾക്കും ലോക്ക് ഡൗൺ ഇളവ് ഇതുവരെ ബാധകമായിട്ടില്ല. ജിംനേഷ്യം, ബ്യുട്ടി പാർലർ, ട്രെയിനിങ് സെന്ററുകൾ, ഡ്രൈവിംഗ് സ്‌കൂളുകൾ, കോച്ചിങ് സെന്ററുകൾ, മാളുകളും സിനിമാ തിയേറ്ററുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷോപ്പുകൾ, ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് സെന്ററുകളും കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളും ഒന്നും ഇനിയും പ്രവർത്തന ക്ഷമമായിട്ടില്ല. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ആളുകളും പല സ്ഥാപന ഉടമകളും ഇത്തരം ചിട്ടികളിൽ അംഗങ്ങളാണ്. ഇവർക്കും ഈ ദുരിത സമയത്തുള്ള തിരിച്ചടികൾ വലിയ ബാധ്യതയാകും.
മഹാമാരിയെ തുടർന്ന് ജനം ഏറെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ ചിട്ടി അടവുകൾക്ക് വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ കെഎസ്എഫ്ഇ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നിർത്തിവെക്കണമെന്നാണ് ജനങ്ങളിൽ നിന്നും ആവശ്യമുയരുന്നത്. സർക്കാരും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു.