ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനംമൂലം രാജ്യത്തെ സാമ്പത്തികമേഖല പൂര്‍ണമായും നിശ്ചലമായതിനെ തുടര്‍ന്ന് കറന്റ് അക്കൗണ്ട് ബാലന്‍സ് 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജൂണ്‍ പാദത്തില്‍ മിച്ചം രേഖപ്പെടുത്തും. അസംസ്‌കൃത എണ്ണ, സ്വര്‍ണം എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്പ് 2006-07 സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തിലാണ് അവസാനമായി ബാലന്‍സ് മിച്ചം രേഖപ്പെടുത്തിയത്. 4.2 ബില്യണ്‍ ഡോളറായിരുന്നു ഇത്.
2001-02 മുതല്‍ 2003-04 സാമ്പത്തികവര്‍ഷംവരെ തുടര്‍ച്ചയായി മൂന്നുവര്‍ഷവും കറന്റ് അക്കൗണ്ട് കമ്മി പോസിറ്റീവായിരുന്നു. 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.2 ശതമാനമായി കുറഞ്ഞിരുന്നു. കമ്മി 140 ഡോളറായാണ് കുറഞ്ഞത്. 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ജിഡിപിയുടെ ഒരുശതമാനമായിരുന്നു ഇത്.
രാജ്യത്തെ വിദേശനാണ്യ കരുതല്‍ശേഖരം ആദ്യമായി 50,000 കോടി ഡോളര്‍ പിന്നിട്ടതും ഈയിടെയാണ്. രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി.