സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട പതിനായിരക്കണക്കിന് ജീവനുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വീണ്ടുമൊരു അഭയാര്‍ത്ഥി ദിനം കൂടി. അതിര്‍ത്തികള്‍ കടന്ന് അഭയ കേന്ദ്രങ്ങള്‍ തിരഞ്ഞുകൊണ്ട് ഇന്നും ഒരു കൂട്ടം ജനത ജീവന്മരണ പോരാട്ടത്തിലാണെന്ന വേദനിപ്പിക്കുന്ന കണക്കുകളാണ് വര്‍ഷാ വര്‍ഷം ഈ ദിനം സമ്മാനിക്കുന്നത്.
എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള മാറ്റങ്ങളാണ് ലോകത്ത് ഉണ്ടാകേണ്ടത് എന്നതാണ് ഇത്തവണ അഭയാര്‍ത്ഥി ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന ആശയം. പീഡനം, അക്രമം, യുദ്ധം, ക്ഷാമം, ദാരിദ്ര്യം, മറ്റ് മൗലികാവകാശ ലംഘനങ്ങൾ എന്നിവയിൽ നിന്ന് ഒളിച്ചോടുന്നത് ആഗോള ജനസംഖ്യയുടെ ഒരു ശതമാനത്തോളം അതായത് ഏകദേശം എണ്‍പത് മില്യണ്‍ ജനങ്ങളാണ്.
1951ലെ അഭയാര്‍ത്ഥി കണ്‍വന്‍ഷന്‍ പ്രകാരം വംശം, മതം, സാമൂഹ്യസംഘടനകളിലെ അംഗത്വം, ദേശീയത എന്നിവ മൂലം താന്‍ ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടി വരുന്നവരെയാണ് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥികളെന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2000 ഡിസംബര്‍ നാലിനാണ് അഭയാര്‍ത്ഥികളുടെ നില പരിശോധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഒരു പ്രമേയം പാസാക്കിയത്. അന്ന് മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കാനും തീരുമാനിച്ചു. അഭയാര്‍ത്ഥികളുടെ പിന്‍വാങ്ങലുകളെ മാനിക്കാനും ഇതേക്കുറിച്ച് ബോധവത്ക്കരണം നടത്താനും ലക്ഷ്യമിട്ടാണ് ദിനാചരണത്തിന് തുടക്കമിട്ടത്.
യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്‌സിആർ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 10 മില്യൺ അഭയാർഥികളാണ് ഈ വര്‍ഷമുള്ളത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കൂടുതലാണിത്. ആട്ടിപ്പായിക്കപ്പെടുന്ന ഒരു ജനതയുടെ അനിശ്ചിതത്വം നിറഞ്ഞ ഭാവി മാത്രമല്ല ഈ കണക്കുകള്‍ മുന്നോട്ടുവെക്കുന്ന ആശങ്ക, ഒപ്പം ആഗോള തലത്തില്‍ രാഷ്ട്രീയ പരാജയങ്ങളുടെ വെളിപ്പെടുത്തല്‍ കൂടിയാണ്.
യുഎൻഎച്ച്‌സിആർ റിപ്പോർട്ട് അനുസരിച്ച് പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗവും സിറിയയിൽ നിന്നും വെനിസ്വേലയിൽ നിന്നുമാണ്. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ഉപരോധങ്ങളുടെ കയ്പേറിയ അനുഭവങ്ങള്‍ പേറുന്ന രാജ്യങ്ങളാണിവ. യുദ്ധങ്ങളുടെയും, യുദ്ധാനന്തരം പൊട്ടിപ്പുറപ്പെടുന്ന പട്ടിണിയുടെയും പരിവട്ടങ്ങളുടെയും നടുവില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ജനതയാണവര്‍.
“പലായനം ചെയ്തതിനു ശേഷം സ്വന്തം നാട്ടിലേക്കു മടങ്ങുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ കുറേ വർഷങ്ങളായി ക്രമാനുഗതമായി കുറയുകയാണ്. 1990 കളിൽ ഓരോ വർഷവും ഏകദേശം 15 ദശലക്ഷം അഭയാർഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തിയതായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ, പ്രതിവർഷം 400,000-ൽ താഴെ ആളുകളാണ് മടങ്ങിയെത്തുന്നത്,” അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ സാരമായ വര്‍ദ്ധനവ് വിശദീകരിച്ചുകൊണ്ട് യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറയുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി പറത്തു വിടുന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച കണക്കുകള്‍ അടിയന്തിര സഹായം ആവശ്യമായി വരുന്ന ജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐക്യരാഷ്ട്ര സഭയ്ക്ക് അവസരം നല്‍കുന്നുണ്ട്. പക്ഷെ പലപ്പോഴും ഇതൊരു ആചാരമായി മാത്രം നിലകൊള്ളുന്നു എന്നതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് 19 പകര്‍ച്ചവ്യാധിയെ ഭയന്ന് ലോകരാജ്യങ്ങള്‍ പ്രതിരോധ നടപടികള്‍ അവലംബിക്കാനുള്ള തത്രപ്പാടിലാണ്. വൈറസ് വ്യാപനത്തെ നിരന്തരം നിരീക്ഷിക്കുന്നു, രാജ്യമൊട്ടാകെ അടച്ചിട്ട് സമ്പര്‍ക്ക സാധ്യത കുറയ്ക്കുന്നു, മാസ്കുകളും പ്രതിരോധ ഷീല്‍ഡുകളും അവതരിപ്പിച്ച് സുരക്ഷാ കവചം തീര്‍ക്കുന്നു, ദുര്‍ബ്ബലമാകുന്ന സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്താന്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍, ഈ മഹാമാരിയുടെ കാലത്ത് അഭയാര്‍ത്ഥികളുടെ പുനരധിവാസവും സംരക്ഷണവും എന്തുകൊണ്ട് ചര്‍ച്ചാ വിഷയമാകുന്നില്ല? എന്ന ചോദ്യത്തിനുള്ള സ്വീകാര്യമായ ഉത്തരമായിരിക്കട്ടെ ഈ വര്‍ഷം അഭയാര്‍ത്ഥി ദിനത്തെ വേറിട്ടു നിര്‍ത്തുന്നത്.