ഇന്ന് കായിക ലോകം ഉറ്റുനോക്കുന്നത് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ മടങ്ങി വരവാണ്. ഏഴു കൊല്ലത്തെ വിലക്ക് അവസാനിക്കുന്നതോട് കൂടി ശ്രീ ഈ വർഷം രഞ്ജിയിൽ കളിക്കുമെന്ന് കെസിഎ ഇന്ന് അറിയിച്ചിരുന്നു. സെപ്റ്റംബറിലാണ് ശ്രീയുടെ വിലക്ക് തീരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരില്‍ ഒരാളാണ് .ശ്രീശാന്ത്. എന്നാല്‍ കളത്തിലും കളത്തിനു പുറത്തും എപ്പോഴും എല്ലാവരും ഈ കളിക്കാരന് കല്‍പിച്ചുനല്‍കിയത് അഹങ്കാരിയുടെ പരിവേഷമാണ്. ടീം ഇന്ത്യയില്‍ കളിക്കുന്ന ഗര്‍വാണ് ആ കളിക്കാരന് അഹങ്കാരഭാവം നല്‍കിയത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് വാതുവയ്പിന് ശ്രീശാന്ത് അറസ്റ്റിലായെന്ന വാര്‍ത്ത കേട്ടപാതി എല്ലാവരും വിശ്വസിച്ചതും.
ദക്ഷിണ ഇന്ത്യക്കാരോട് നോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബിയുടെ അവഗണ പലപ്പോഴും ചര്‍ച്ചയായ കാര്യമാണ്. അതില്‍ തന്‍റെ ഏഴു വര്ഷം ഹോമിക്കേണ്ട വന്ന താരമാണ് ശ്രീ. കരിയറില്‍ മികച്ച ഫോമില്‍ നില്‍കുന്ന സമയത്താണ് വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന്‍ ശ്രീ പുറത്ത് പോകുന്നത്. പിന്നീട് കോടതി കുറ്റ വിമുകതനക്കിയപ്പോഴും ബിസിസിഐ ശ്രീക്ക് മുന്നിലുള്ള വാതിലുകള്‍ കൊട്ടിയടച്ചിരുന്നു.
നേരിടുന്ന വെല്ലുവുളികള്‍
ഇപ്പോള്‍ 36വയസുള്ള ശ്രീശാന്തിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ശ്രമകരമാണ്. എന്നിരുന്നാലും ശ്രീശാന്ത് പ്രതീക്ഷ കൈവിട്ടിട്ടില്ല. ശാരീരികക്ഷമത തെളിയിക്കണമെന്ന കടമ്പ മാത്രമാണ് ശ്രീശാന്തിന് മുമ്പില്‍ ഇനിയുള്ളത്.
നീണ്ട വിലക്കിനുശേഷമുള്ള തിരിച്ചുവരവ് ബൗളിങ് മികവ് വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ശ്രീയുടെ ദിവസേനയുള്ള ക്രിക്കറ്റ് പരിശീലവും ഫിറ്റ്‌നസും ക്രിക്കറ്റിലുള്ള അര്‍പ്പണബോധവും ശ്രീയെ കരുത്തനാക്കും.
തന്റെ മടങ്ങിവരവിനു പ്രായമൊരു പ്രശ്‌നമാവില്ലെന്ന്‍ ശ്രീശാന്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പ്രതികരിച്ചത്. ലിയാണ്ടര്‍ പേസിനെയാണ് താന്‍ മാതൃകയാക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹം നിലനിര്‍ത്തുന്ന ഫിറ്റ്‌നസ് തന്നെയാണ് കാരണം.
2016ലെ ടി20 ലോകകപ്പില്‍ 38ാം വയസ്സിലാണ് ആശിഷ് നെഹ്‌റ ഇന്ത്യക്കു വേണ്ടി കളിച്ചത്. തനിക്കു പ്രായം 36 ആയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ മടങ്ങിവരാന്‍ ഒരു വര്‍ഷം കൂടി തനിക്കു മുന്നിലുണ്ടെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
മാതൃകയാക്കേണ്ടത് മുഹമ്മദ് ആമിറിനെയോ?
വിലക്ക് കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ പാകിസ്താന്റെ യുവ പേസര്‍ ആണ് മുഹമ്മദ് ആമിര്‍. അന്താരാഷ്ട്ര മത്സരത്തില്‍, ഒത്തു കളിച്ചു എന്നതിന്റെ പേരില് ടീമില്‍ നിന്നും ഒഴിവാക്കപെടുകയും, അഞ്ചു വര്‍ഷത്തെ വിലക്കും, ആറു മാസത്തെ ജയില്‍ ശിക്ഷയും ഒക്കെ ഏറ്റു വാങ്ങിയ ശേഷം അന്താരാഷ്ട്ര മത്സരത്തിലേക്ക് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ആമിര്‍ തിരിച്ചു വന്നത്.
കേവലം പതിനേഴാം വയസ്സില്‍, ദേശീയ ടീമില്‍ എത്തി ചേര്‍ന്ന താരമാണ് മുഹമ്മദ് ആമിര്‍. 2009 ല്‍ 20-20 ലോകകപ്പ് പാക്കിസ്ഥാന് നേടിക്കൊടുത്തതില്‍ തുടക്കകാരന്‍ ആയ ആമിറിന്റെ പങ്കു ചെറുതായിരുന്നില്ല. എന്നാല്‍ പിന്നീട് ഒത്തുകളിയില്‍ പിടിക്കപെട്ടു ജയിലിലാകുകയായിരുന്നു.
എന്നാല്‍, ആമിറിന്റെ പ്രതിഭ അറിയാമായിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, അയാള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. വിലക്ക് നേരിട്ട കാലത്ത് പോലും, പരിശീലനം നടത്തുവാന്‍ അയാള്‍ക്ക് അതിലൂടെ കഴിഞ്ഞു. ഒപ്പം, ആറു മാസത്തെ ജയില്‍ ശിക്ഷ, ബോര്‍ഡ് ഇടപെട്ടു മൂന്നു മാസമായി കുറച്ചു. അഞ്ചു വര്‍ഷത്തെ വിലക്ക് നീങ്ങാന്‍ പത്ത് മാസം ബാക്കി നില്‍ക്കെ, ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആമിറിനെ അനുവദിക്കുകയും ചെയ്തു. ശ്രീക്ക് ലഭിക്കാതെ പോയതും ഈ പിന്തുണ തന്നെയാണ്.
ആമിറിനെ മാതൃകയാക്കാനാണ് ശ്രീശാന്ത് ശ്രമിക്കേണ്ടതെന്നു ഇന്ന് വിരേന്ദര്‍ സെവാഗ് പറഞ്ഞിരുന്നു. ആമിറിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനൊപ്പം പാകിസ്താനില്‍ എന്തു വേണമെങ്കിലും നടക്കുമെന്ന് സെവാഗ് തമാശയായി പറയുകയും ചെയ്തു.
അതേസമയം, ഇംഗ്ലീഷ് താരം ജിമ്മി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും 37-ാം വയസിലും ആൻഡേഴ്സന് സ്ഥിരതയോടെ പന്തെറിയാൻ സാധിക്കുന്നുണ്ടെങ്കിൽ തനിക്കും അതിന് സാധിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.
ഏഴു വര്‍ഷത്തെ ലോക്ക്ഡൌണ്‍
ലോക്ക്ഡൗൺ കാലത്ത് സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, “എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാൻ എെൻറ പ്രഫഷനൽ ജീവിതത്തിൽ ആറര വർഷമായി ലോക്ഡൗണിലാണ്. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട് മാത്രമാണ് ഇക്കാലയളവിൽ ഞാൻ പ്രവർത്തിച്ചത്. ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് എന്നിൽ നിന്ന് പറിച്ചുമാറ്റപ്പെട്ടു. അതെന്നോെടാപ്പമില്ലായിരുന്നു”, എന്ന് ശ്രീശാന്ത് പ്രതികരിച്ചിരുന്നു.
ശ്രീശാന്ത് എന്ന പ്രതിഭ
2007ലെ ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ പിഴുതെറിഞ്ഞ ശ്രീശാന്ത് , 2007ലെ ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്റെ അവസാന ക്യാച്ചെടുത്ത ശ്രീശാന്ത്, ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയത്തിന് വഴിയൊരുക്കിയ ശ്രീശാന്ത്, ജാക് കാലിസിനെതിെര എറിഞ്ഞ പന്ത് ക്രിക്കറ്റ് ലോകം കണ്ട മികച്ച പന്തുകളിലൊന്നായി. കെവിന്‍ പീറ്റേഴ്സിനെ ഭീതിയിലാക്കിയ ബീമര്‍, ജൊഹാനാസ്ബര്‍ഗില്‍ സിക്സറടിച്ചുള്ള വാര്‍ഡാന്‍സ് അങ്ങനെ എത്രയെത്ര മനോരഹര നിമിഷങ്ങളാണ് താരം നമുക്ക് നല്‍കിയത്.
2005ല്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനം. തുടര്‍ന്ന് 53 ഏകദിനങ്ങളില്‍ നിന്ന് നേടിയത് 75വിക്കറ്റ്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം. 27 ടെസ്റ്റില്‍ നിന്ന് നേടിയത് 87 വിക്കറ്റുകള്‍. ടെസ്റ്റില്‍ മൂന്നുവട്ടവും ഏകദിനത്തില്‍ ഒരു വട്ടവും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് ടീം ഇന്ത്യയ്ക്കായി ഇത്രയും കാലം കളിച്ച വേറൊരു താരമില്ല. കേരളത്തില്‍ നിന്ന് രാജ്യാന്തര ട്വന്റി 20കളിച്ച ആദ്യതാരം.
2013 ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല. ഇതോടെ ശ്രീശാന്ത് നീതി തേടി സുപ്രിം കോടതിയിലെത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താരത്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമായി ചുരുക്കിയത്.