നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തോടെ വീണ്ടും ചര്‍ച്ചാ വിഷയമാകുന്ന ആശയമാണ് സിനിമാ ലോകത്തെ സ്വജനപക്ഷപാതം അഥവ നെപ്പോട്ടിസം എന്നത്. താരസന്തതികള്‍ക്ക് കൈനിറയെ അവസരങ്ങളും, അവാര്‍ഡുകളും, അഭിനയത്തിന്‍റെ എബിസിഡി അറിയില്ലെങ്കിലും, ആദ്യ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും റെഡ് കാര്‍പെറ്റില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ വന്‍ സ്വീകരണവും ലഭിക്കുന്നത് ഒരു പുത്തന്‍ വിഷയമല്ല. അത് ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. അന്ന് നടി കങ്കണ റണാവത്തിന്‍റെ തുറന്നു പറച്ചിലായിരുന്നെങ്കില്‍ ഇന്ന് സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണമാണ് പശ്ചാത്തലം.
കരിയറിൽ പല മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ട് പോലും സുശാന്തിന് ബോളിവുഡിലെ വമ്പൻമാരുടെ പിന്തുണ ലഭിച്ചില്ലെന്നും പല അവസരങ്ങളും മറ്റു താരങ്ങളിലേക്ക് പോയെന്നുമുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ താരസന്തതികളും, ബോളിവുഡിലെ നെപോട്ടിസത്തിന്‍റെ വക്താക്കളും വെട്ടിലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വന്‍ ഫാന്‍ ഫോളോവേഴ്സുള്ള നടി ആലിയ ഭട്ട്, സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ സുശാന്തിന്‍റെ മരണത്തില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന ആരോപണത്തില്‍, നിരന്തരം പഴി കേള്‍ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലക്ഷങ്ങളാണ് ഇവരെ അണ്‍ ഫോളോ ചെയ്യുന്നത്.
ആലിയ ഭട്ടിനു പുറമെ ഡേവിഡ് ധവാന്റെ മകൻ വരുൺ ധവാൻ, നടൻ ശത്രുഗ്നൻ സിൻഹയുടെ മകൾ സൊനാക്ഷി സിൻഹ, അനിൽ കപൂറിന്‍റെ മകൾ സോനം കപൂർ, ജാക്കി ഷ്രോഫിന്റെ മകൻ ടൈഗർ, അർജുൻ കപൂർ തുടങ്ങിയ പ്രമുഖരാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടുന്നത്. കരൺ ജോഹർ അവതരിപ്പിച്ച യുവതാരങ്ങൾക്ക് മാത്രമാണ് ബോളിവുഡിൽ നിലനിൽപ്പെന്നാണ് ചിലരുടെ ആരോപണം. താര കുടുംബങ്ങളിൽ നിന്നുള്ളവരല്ലാത്ത രണ്ട് യുവതാരങ്ങളാണ് നിലവിൽ ബോളിവുഡിൽ കത്തി നിൽക്കുന്നത്. രൺവീർ സിങ്ങും കാർത്തിക് ആര്യനും. ഇരുവരും വമ്പൻമാരായ യാഷ്രാജ് ഫിലിംസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിലൂടെ ബോളിവുഡിൽ സ്വന്തമായി സ്ഥാനമുണ്ടാക്കിയവരാണ്.
അതേസമയം സുശാന്തിന് ഈ രണ്ട് പ്രൊഡക്ഷൻ കമ്പനികളുടേയും പല സിനിമകൾ നഷ്ടമാവുകയും ചെയ്തു. സംവിധായകൻ ശേഖർ കപൂറിന്‍റെ സ്വപ്നമായ പാനി എന്ന ചിത്രത്തിൽ അഭിനയിക്കവേ യാഷ് രാജ് ഫിലിംസിന്റെ രണ്ട് ചിത്രങ്ങൾ സുശാന്തിന് ചെയ്യാനാകാതെ വന്നിരുന്നു. എന്നാൽ പാനിയുടെ ചിത്രീകരണം നീളുകയും അതിന് ശേഷം സുശാന്തിന് വന്ന പല ഹിറ്റ് ചിത്രങ്ങളും രൺവീറിലേക്കും വരുൺ ധവാനിലേക്കും പോവുകയും ചെയ്തു. തനിക്ക് വന്ന ചിത്രങ്ങൾ മാറിപ്പോയത് സുശാന്തിനെ അലട്ടിയിരുന്നതായി സുഹൃത്തുക്കളും സഹപ്രവർത്തകരും വെളിപ്പെടുത്തിയിരുന്നു.
കങ്കണയുടെ തുറന്നു പറച്ചില്‍
“സുശാന്തിന് ബോളിവുഡിൽ ഗോഡ്ഫാദർമാരില്ല. സിനിമയിൽ കയറി കുറച്ചുനാൾകൊണ്ട് തന്നെ മികച്ച നടനാവുകയും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്തു. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ എത്തിയത്,” സുശാന്തിന്‍റെ മരണത്തില്‍ കങ്കണ റണാവത്ത് പ്രതികരിച്ചതിങ്ങനെയാണ്. സഞ്ജയ് ദത്ത് മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് പറയുമ്പോൾ ക്യൂട്ടായി തോന്നുന്നവർ, സുശാന്തിന്‍റെ മരണത്തെപ്പറ്റി അഭ്യൂഹങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നു എന്ന ആരോപണവുമായാണ് താരം രംഗത്തെത്തിയത്.
സ്വജനപക്ഷപാതവും, കുടുംബാധിപത്യവും ബോളിവുഡില്‍ അവസര അസമത്വത്തിന് കാരണമാകുന്നുണ്ടെന്ന പരാമര്‍ശം നടത്തി സമീപകാലത്ത് ഏറെ വിവാദങ്ങള്‍ക്ക് പാത്രമായ വ്യക്തിയാണ് കങ്കണ. ഒരു അഭിമുഖത്തിലായിരുന്നു കങ്കണയുടെ തുറന്നു പറച്ചില്‍ “പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്കൊരു വിമര്‍ശകനെ ലഭിച്ചത്. ഇതിനു മുന്‍പ് ഞാന്‍ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്നു പോലും ആരും നോക്കിയിരുന്നില്ല, നിങ്ങളുടെ വിമര്‍ശകരെ പോലും നിങ്ങള്‍ നേടിയെടുക്കേണ്ടതാണ്,” കങ്കണ പറഞ്ഞു.
ഒരു ഔട്ട്സൈഡര്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചിട്ടും എത്തിച്ചേരാന്‍ സാധിക്കാതിരുന്നിടത്ത് നിന്നാണ് നിങ്ങള്‍ തുടങ്ങുന്നതെന്ന് കങ്കണ അന്ന് താര മക്കളോട് പറഞ്ഞിരുന്നു. കരണ്‍ ജോഹറുമായി ഇതേ വിഷയത്തില്‍ താരം വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു.
എന്‍റെ കഴിവ് ഞാന്‍ എത്ര തവണ തെളിയിക്കണം- തപ്സി പന്നു
ഫിലിം ജേര്‍ണലിസ്റ്റായ അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിലാണ് സിനിമ ലോകത്തെ നെപ്പോട്ടിസമെന്ന ആശയം തന്‍റെ ആഭിനയ ജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് നടി തപ്സി പന്നു വ്യക്തമാക്കിയത്. തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും താരം അന്ന് തുറന്നടിച്ചിരുന്നു. “ആരെങ്കിലും വിളിച്ച് തന്‍റെ മകള്‍ക്കോ ബന്ധുവിനോ വേണ്ടി റോള്‍ കൊടുക്കണമെന്ന് പറയുന്നതു കാരണം, നിങ്ങളുടെ മൂക്കിന്‍റെ തുമ്പത്ത് വച്ച് അവസരങ്ങള്‍ നഷ്ടപ്പെടുന്നത് കുറച്ചു വിഷമമുണ്ടാക്കും. ഇങ്ങനെ പലപ്പോഴും നടന്നിട്ടുമുണ്ട്, ” തപ്സി പറയുന്നു.
താന്‍ നേരിട്ട അനുഭവങ്ങള്‍ താരം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. “മാഗസിനുകളുടെ കവര്‍ ഗേളാകാന്‍ എനിക്ക് കഴിവുണ്ടെന്ന് അവര്‍ ഇപ്പോഴും കരുതുന്നില്ല, നിങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കാന്‍ ഞാനെടുത്തത് അഞ്ച് വര്‍ഷമാണ്. എനിക്ക് നല്ല ജോലി ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ എത്ര തവണ തെളിയിക്കണം. അതെ സമയം ആദ്യ സിനിമയ്ക്കു മുമ്പേ ഇത്തരം ബഹുമതികള്‍ കിട്ടുന്നവരുമുണ്ട്,” തപ്സി കൂട്ടിച്ചേര്‍ത്തു.
2018ല്‍ ഷാറൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍ ഇന്ത്യയിലെ മുന്‍ നിര ഫാഷന്‍ മാഗസിനായ വോഗിന്‍റെ കവര്‍ ഗേളായത് വിവാദമായിരുന്നു. മോഡലുകള്‍ക്കും നടിമാര്‍ക്കും ഒരുപാട് ബഹുമതികള്‍ക്ക് ശേഷം ലഭിക്കുന്ന അവസരം സുഹാന എന്ന പെണ്‍കുട്ടിക്ക് ലഭിച്ചത് ഷാരൂഖ് ഖാന്‍റെ മകളായതുകൊണ്ട് മാത്രമാണെന്നായിരുന്നു അന്ന് ഉയര്‍ന്നു വന്ന വിമര്‍ശം. ഇത് തപ്സിയുടെ അനുഭവവുമായി ചേര്‍ത്ത് വായിക്കാം.
തന്‍റെ രണ്ടാമത്തെ ചിത്രം തന്നെ ബോക്സ് ഓഫീസ് വിജയമായതോടെ, ഏറെ നിരൂപക പ്രശംസ നേടിയ നടിയാണ് തപ്സി പന്നു. താരത്തിന്‍റെ ഈ അനുഭവങ്ങള്‍ അന്ന് പലര്‍ക്കും അത്ഭുതമായിരുന്നു. എണ്ണപ്പെട്ട ചിത്രങ്ങളില്‍ വ്യത്യസ്ത പ്രകടനം കാഴ്ചവെച്ചിട്ടും നടിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കാത്തതിനെതിരെ വന്‍ വിമര്‍ശനങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സാണ്ട് കി ആംഗ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുന്നത്.
താരസന്തതിയായിരുന്നെങ്കില്‍ ഞാന്‍ 22ാം വയസ്സില്‍ സിനിമയിലെത്തിയേനെ- ആയുഷ്മാന്‍ ഖുറാന
വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെ താന്‍ സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത് 27ാമത്തെ വയസ്സിലായിരുന്നെന്നും, എന്നാല്‍ ഒരു താരത്തിന്‍റെ പുത്രനോ ബന്ധുവോ ആയിരുന്നെങ്കില്‍ ഇത് 22ാം വയസ്സില്‍ നടക്കുമായിരുന്നെന്നും വ്യത്യസ്ത കഥാപാത്രങ്ങളെ അഭ്രപാളിയില്‍ ഫലിപ്പിച്ച്, കഴിവു തെളിയിച്ച ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 27ാം വയസിൽ താന്‍ കൂടുതൽ പക്വതയുള്ള നടനായിരുന്നുവെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍റെ പതിനേഴാം വയസ്സില്‍ റിലാലിറ്റി ഷോകളിലൂടെയാണ് ആയുഷ്മാന്‍ ഖുറാന ടെലിവിഷന്‍ സ്ക്രീനിലെത്തുന്നത്. 2004ല്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ റോഡീസ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ആളുകള്‍ അദ്ദേഹത്തെ അറിഞ്ഞു തുടങ്ങുന്നത്. തന്‍റെ ഗ്രാജുവേഷന്‍ പഠനത്തിന് ശേഷം 22ാം വയസ്സില്‍ ഡല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ റേഡിയോ ജോക്കിയായിരുന്നു ആയുഷ്മാന്‍. ബിഗ് സ്ക്രീനിലേക്കുള്ള ഒരു സാധാരണക്കാരന്‍റെ വഴികളാണ് ഇതൊക്കെ. ഒരു താര സന്തതി ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളാണവ.
നെപ്പോട്ടിസം കാരണം കഴിവില്ലാത്തവര്‍ സിനിമയിലെത്തുന്നു- രാജ്കുമാര്‍ റാവു
വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് ജനപ്രീതി നേടിയ നടനാണ് രാജ്കുമാര്‍ റാവു. ബോളിവുഡില്‍ ഗോഡ് ഫാദറുകളൊന്നുമില്ലാതെ സ്വന്തം കഴിവുകള്‍ തേച്ചു മിനുക്കി നടന വൈഭവം തെളിയിച്ച വ്യക്തി. സിനിമ ലോകത്ത് നിലനില്‍ക്കുന്ന നെപ്പോട്ടിസം കാരണമാണ് നല്ല നടന്‍മാരും നടിമാരും ഉണ്ടാകാത്തതെന്നും, പകരം കഴിവുകെട്ടവര്‍ ബോളിവുഡ് വാഴുന്നതെന്നുമാണ് രാജ്കുമാറിന്‍റെ അഭിപ്രായം.
പക്ഷപാതം എല്ലാ മേഖലയിലുമുണ്ട്. അത് ഒരു വലിയ പ്രശ്നമായി തോന്നുന്നില്ല, എന്നാല്‍ കഴിവില്ലാത്തവര്‍ക്ക് ഇതിന്‍റെ പേരില്‍ അവസരം കൊടുക്കുന്നത് ശരിയല്ല,” രാജ്കുമാര്‍ പറയുന്നു. കഴിവുള്ളവരെയാണ് സ്ക്രീനില്‍ കാണേണ്ടത്. അവരുടെ കുടുംബ പശ്ചാത്തലമല്ല അവിടെ വിഷയം, കഴിവാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് മാത്രമാണോ നെപ്പോട്ടിസത്തിന്‍റെ കേന്ദ്രം
വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടനും തിരക്കഥാകൃത്തുമായ നീരജ് മാധവ് രംഗത്ത് വന്നത്. “ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്,സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്,” നീരജ് മാധവ് എഴുതുന്നു.
പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു ഹൈറാര്‍ക്കി സമ്പ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍- നീരജ് ഫേസിബുക്ക് കുറിപ്പില്‍ തുറന്നടിച്ചു. തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തും നെപ്പോട്ടിസം സഹജമാണ്. അതിനുള്ള ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ഈ വിഷയം നോര്‍ത്തിലെന്ന പോലെ ഇവിടെ ചര്‍ച്ചയാകുന്നില്ല എന്നുമാത്രം.
സ്വജനപക്ഷപാതം എന്ന ആശയത്തിനുമേല്‍ എത്രമേല്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ ഉണ്ടായാലും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ആകില്ല. അത് പ്രത്യക്ഷവും പരോക്ഷവുമായി സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ കാലാകാലത്തോളം നിലനില്‍ക്കും. കഴിവുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും, അധികാരലോബിയുടെയും കുടുംബവാഴ്ചയുടെയും പേരില്‍ മുഖ്യധാരയിലെത്തുന്നവരെല്ലാം കഴിവുകെട്ടവരാണെന്ന് സ്ഥാപിക്കാന്‍ കഴിയാത്തിടത്തോളം കാലം നെപ്പോട്ടിസം തുടരും.