ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവരായി ആരുമുണ്ടാകില്ല. ഇത് ഓരോരുത്തരിലും ഓരോതരം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. തലവേദന രണ്ടു തരത്തിലുള്ളതാണ്. ഒന്ന് പ്രൈമറി ഹെഡ്എയ്ക്ക്, അതായത് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന തലവേദന. ഉദാഹരണത്തിന് – മൈഗ്രേന്‍, ടെന്‍ഷന്‍ ടൈപ്പ് ഹെഡ് ഏയ്ക്ക്, ക്ലസ്റ്റര്‍ ഹെഡ് ഏയ്ക്ക് തുടങ്ങിയവ. 90% തലവേദനയും ഈ തരത്തില്‍ പെടുന്നു. രണ്ടാമത്തേത് – സെക്കന്‍ററി ഹെഡ് ഏയ്ക്ക് – ഇവിടെ തലവേദന ഉണ്ടാകാന്‍ മറ്റു കാരണങ്ങള്‍ ഉണ്ടാകും.
പ്രൈമറി ഹെഡ് ഏയ്ക്ക്
മൈഗ്രേന്‍
ചെന്നിക്കുത്ത് അഥവാ കൊടിഞ്ഞി എന്നാണ് അറിയപ്പെടുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ – തലയുടെ ഒരു വശത്തോ, രണ്ടു വശത്തോ, കണ്ണിന് ചുറ്റുമായോ ആരംഭിക്കുന്ന തലവേദന. ഒരു വശത്ത് നിന്ന് തുടങ്ങി പതുക്കെ വേദന തലയില്‍ മുഴുവനായി പടരുന്നു. തലവേദനയോടു കൂടി ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നു. ശബ്ദത്തിനോടും വെളിച്ചത്തിനോടും വെറുപ്പ് ഉണ്ടാകുന്നു. ഇവ ഒഴിവാക്കി ഇരുട്ടുമുറിയില്‍ കിടന്നുറങ്ങാനുള്ള താല്‍പര്യം 4 മുതല്‍ 72 മണിക്കൂര്‍ വരെ നിലനില്‍ക്കും. ഉറങ്ങി എഴുന്നേള്‍ക്കുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം കിട്ടുന്നു. കഴുത്തിലെ പേശികളില്‍ വേദനയും വഴക്കമില്ലായ്മയും അനുഭവപ്പെടുന്നു.
രണ്ടു തരം മൈഗ്രേന്‍ ഉണ്ട്; മൈഗ്രേന്‍ വിത്ത് ഓറ, മൈഗ്രേന്‍ വിത്തൗട്ട് ഓറ
വിഷ്വല്‍ ഓറ താല്‍ക്കാലികമായി ചില അടയാളങ്ങള്‍ ദൃശ്യമാകും പോലെയും കറുത്ത പാടുകള്‍, നിറമുള്ള പാടുകള്‍, മിന്നല്‍ വെളിച്ചം, വരകള്‍ എന്നിവ കാണും പോലെ തോന്നും.
സെന്‍സറി ഓറ കൈകാലുകള്‍ക്കും മുഖത്തിനും മരവിപ്പ് അനുഭവപ്പെടുക, സ്പര്‍ശന ശേഷിക്കുറവ് തോന്നുക
മോട്ടോര്‍ ഓറ തലവേദനയ്ക്കു മുന്‍പായി കൈകാലുകളുടെ ഭാരം വര്‍ധിക്കുന്നതായി തോന്നുക, തളര്‍ച്ച അനുഭവപ്പെടുക
വെസ്റ്റിബുലാര്‍ ഓറ തലചുറ്റല്‍, നടക്കാന്‍ ബാലന്‍സ് കിട്ടാതാവുക, ചെവിയില്‍ മൂളല്‍ കേള്‍ക്കുക.
ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ ഓറ ഛര്‍ദ്ദി, വയറുവേദന, വയറ്റില്‍ ഉരുണ്ടു കയറ്റം, ഗ്യാസ് ട്രബിള്‍, വയറിളക്കം, കൂടുതല്‍ മൂത്രമൊഴിക്കുക.
മൈഗ്രേന്‍ ബാധിച്ചിട്ടുള്ള 70 ശതമാനം ആളുകള്‍ക്കും ഓറ ലക്ഷണങ്ങള്‍ കാണാറില്ല. മൈഗ്രേന്‍ ലക്ഷണങ്ങള്‍ മുഖത്തും ഉണ്ടാകാം. അത് സൈനസൈറ്റിസ് ആണെന്ന് കരുതി ആന്‍റിബയോട്ടിക്സും വേദനസംഹാരികളും കഴിക്കുന്നത് മൈഗ്രേന്‍ വര്‍ധിപ്പിക്കുകയേ ഉള്ളു.
ടെന്‍ഷന്‍ ടൈപ്പ് ഹെഡ് ഏയ്ക്ക്
തുണി അല്ലെങ്കില്‍ ബെല്‍റ്റ് തലയ്ക്ക് ചുറ്റും കെട്ടി മുറുക്കിയ അവസ്ഥയായിരിക്കും. മൈഗ്രേന്‍ തലവേദനയെ അപേക്ഷിച്ച് ഇതിന് വിങ്ങല്‍ കുറവായിരിക്കും. ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവ അധികമായാണ് ഇത്തരം തലവേദന ഉണ്ടാകുന്നത്.
ക്ലസ്റ്റര്‍ ഹെഡ് ഏയ്ക്ക്
അതിശക്തമായ തലവേദനയോടൊപ്പം മൂക്കിലും കണ്ണില്‍ നിന്നും വെള്ളം വരികയും കണ്ണ് ചുമക്കുകയും ചെയുന്ന അവസ്ഥയാണിത്.
സെക്കന്‍ററി ഹെഡ് എയ്ക്ക്
തലവേദനയുടെ കൂടെ പനി, കഴുത്ത് വേദന, ഛര്‍ദ്ദി എന്നിവ തലച്ചോറിലെ ഇന്‍ഫെക്ഷന്‍റെ ഭാഗമായിരിക്കും. ജീവിതത്തില്‍ ആദ്യമായി അതികഠിനമായ തലവേദന അനുഭവപ്പെടുകയും അത് തീവ്രതയില്‍ എത്തുന്നത് 60 സെക്കന്‍റിനുള്ളിലുമാണെങ്കില്‍ തണ്ടര്‍ ക്ലാപ്പ് ഹെഡ് ഏയ്ക്ക് എന്നു പറയും.
തലവേദനയോടൊപ്പം ഒരു ഭാഗം തളര്‍ന്നു പോവുക, ചിറി കോടി പോവുക, രണ്ടായി കാണുക, ബാലന്‍സില്ലായ്മ തുടങ്ങിയവ സ്ട്രോക്കിന്‍റെ ലക്ഷണമാകാം.