പാതിരാത്രി വാട്‌സാപ്പ് മെസേജ്: നിങ്ങള്‍ക്കു കിട്ടിയോ ?; വോട്ടുപിടുത്തത്തിന്റെ കുതന്ത്രമോ ? (സ്‌പെഷ്യല്‍ സ്റ്റോറി)

വോട്ടു പിടുത്തത്തിന്റെ തന്ത്രപരമായ മറ്റൊരു വേര്‍ഷനായിരുന്നു വികസിത് ഭാരത് സമ്പര്‍ക്ക് എന്ന പേരിലുള്ള വാട്‌സാപ്പില്‍ നിന്നും ഇന്ത്യാക്കാരായ എല്ലാവരിലേക്കും എത്തിയ മെസേജ്. ഒറ്റ നോട്ടത്തില്‍ സാധാരണ ജനങ്ങള്‍ക്ക് അത് മനസ്സിലാകില്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസ്സിലാകും അതിന്റെ പരിണിത ഫലമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള തന്റെ വഴി കൂടുതല്‍ സുഗമമാക്കാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് നരേന്ദ്രമോദി എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരന്റെ അവസാന അടവാണ് വാട്‌സാപ്പ് മെസേജായി എത്തിയത്. 

ഇവിടെ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. എങ്ങനെയാണ് 140 കോടി ജനങ്ങളുടെയും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ലഭിച്ചത് എന്ന്. നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥി കൂടിയാകുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്പോള്‍ സ്ഥാനാര്‍ത്ഥി തന്നെ സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തത് എങ്ങനെയാണ്. കഴിഞ്ഞ 16ന് വൈകിട്ട് 3 മണിക്കാണ് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. അന്നു തന്നെ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. അതിനു ശേഷം സ്ഥാനാര്‍ത്ഥികളോ, മന്ത്രിമാരോ, സര്‍ക്കാരുകളോ, രാഷ്ട്രീയ പാര്‍ട്ടികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ പ്രഖ്യാപനങ്ങളോ, സമ്മാനങ്ങളോ നല്‍കാന്‍ പാടില്ല.

എന്നാല്‍, പ്രധാനമന്ത്രിയുടെ വോട്ടു പിടുത്തത്തിന്റെ തന്ത്രപരമായ നീക്കത്തിന്റെ മെസേജ് വന്നത് 16-ാം തീയതി പുലര്‍ച്ചെ 12.39നാണ്. പുതിയ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിച്ചത് കേന്ദ്രസര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍, പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ഏതെന്ന് പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കാണ് ആദ്യം അറിയാന്‍ കഴിയുക. തെരഞ്ഞെടുപ്പ് എന്നാണ് പ്രഖ്യാപിക്കേണ്ടതെന്ന് പ്രധാനമന്ത്രി തന്നെയാകും നിശ്ചയിച്ചു നല്‍കിയിരിക്കുക. അതുമല്ലെങ്കില്‍, തെരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച തീയതി പ്രധാനമന്ത്രിക്ക് ഗുണകരമായിരി്കുമോ എന്ന് ചോദിച്ചിട്ടെങ്കിലുമുണ്ടാകും. 

ഇതെല്ലാം, സംശയം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. കാരണം, പ്രധാനമന്ത്രിക്കായി വോട്ട് ചോദിച്ചുകൊണ്ടുള്ള മെസേജ് വന്ന സമയം, ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കു മുമ്പു വന്ന മെസേജും, വോട്ടെടുപ്പിന് കണ്ടെത്തിയ ദിവസവും സംശയങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്. വെള്ളിയാഴ്ചയുടെ പ്രത്യേകത അറിയാത്ത ഭരണാധികാരിയോ, രാജ്യമോ അല്ല ഇന്ത്യ. ഒരു മത വിഭാഗത്തിന് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള് ദിവസത്തില്‍ തന്നെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതിന്റെ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതികളും ലഭിച്ചിട്ടുണ്ട്. 

16ന് പുലര്‍ച്ചെ വന്ന മെസേജ് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ളതായിരുന്നു. വികസിത് ഭാരത് സമ്പര്‍ത്ത് എന്ന പേരിലുള്ള വാട്‌സാപ്പില്‍ നിന്നുമാണ് മെസേജ് വന്നത്. പബ്ലിക് ആന്റ് ഗവണ്‍മെന്റ് സെര്‍വീസ് എന്ന സ്റ്റാറ്റസുള്ള ബിസിനസ് അക്കൗണ്ടാണ്. 9275536905 എന്ന നമ്പരില്‍ നിന്നുമാണ് മെസേജ് വന്നിരിക്കുന്നത്. ഈ വാട്‌സാപ്പിന്റെ ഡിപി(ഡിസ്‌പ്ലേ പിക്ച്ചര്‍) അശോക സ്തംഭത്തിനൊപ്പം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്. വാട്‌സാപ്പില്‍ വന്ന മെസേജില്‍ പറയുന്നത് ഇതാണ്. നമസ്‌ക്കാരം, ഈ കത്ത് അയക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡര്‍ ഷിപ്പിലിരിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റാണ്. 

140 കോടി ജനതയ്ക്ക് കഴിഞ്ഞ പത്തു വര്‍ഷമായി നേരിട്ട് വിവിധ പദ്ധതികളുടെ ഗുണഭോക്തള്‍ ആക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ ഭാവിയിലും ഇന്ത്യയില്‍ ലഭിക്കണം. അതിന് നിങ്ങളുടെ നിര്‍ദേശങ്ങള്‍ വളരെ പ്രധാനമാണ്. അത് വികസിത് ഭാരതിന്റെ പൂര്‍ണ്ണതയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് ഇതിന്റെ പ്രതികരണം നിങ്ങള്‍ എഴുതണം. ഇതാണ് മെസേജിന്റെ ഉള്ളടക്കം. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മെസേജ് വന്നിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ഇലക്ട്രോണിക്‌സ് നികേതന്‍, 6 സി.ജി.ഒ കോംപ്ലക്‌സ്, ലോധി റോഡ് ന്യൂ ഡെല്‍ഹി-110003 എന്ന അഡ്ര്‌സും വാട്‌സാപ്പിലുണ്ട്. 

അസമയത്ത് വന്ന മെസേജ് എന്തിനാണെന്ന് ആര്‍ക്കും പെട്ടെന്നു മനസ്സിലായില്ലെങ്കിലും 16ന് വൈകിട്ടോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴാണ് ബോധ്യമായത്. ഇന്ദ്രപ്രസ്ഥത്തിലേക്ക് മൂന്നാമതും കയറാനുള്ള നരേന്ദ്രമോദിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു മെസെജെന്ന് തിരിച്ചറിഞ്ഞവര്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. മെസേജ് മൊബൈലുകളില്‍ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ടി.എം.സി പ്രതികരിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളോടും പ്രധാനമന്ത്രി മരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയുള്ള സ്ട്രാറ്റജിക്കല്‍ വോട്ടു പിടുത്തമാണ് നടത്തിയിരിക്കുന്നത്. 

പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ലെന്നു മാത്രം. പക്ഷെ, വാട്‌സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്‌സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സര്‍ക്കാരിന് എങ്ങനെ തന്റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടിട്ടുണ്ട്.