അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടി എംഎൽഎ സ്ഥാനത്തു നിന്നും കേതൻ ഇനാംദാർ രാജിവച്ചു. വഡോദര ജില്ലയിലെ സാവ്‌ളി മണ്ഡലത്തില്‍നിന്നു തുടർച്ചയായി മൂന്നു തവണ എംഎല്‍എയായ കേതൻ സ്പീക്കർക്കു രാജിക്കത്ത് നൽകി.
സ്വന്തം അഭിമാനക്കേക്കൾ വലുതല്ല മറ്റൊന്നും എന്നുള്ള തിരിച്ചറിവിനെ തുടർന്നാണു രാജിയെന്നു കേതൻ ഇനാംദാർ പറഞ്ഞു. തന്റെ രാജി സമ്മർദതന്ത്രമല്ലെന്നും വഡോദര ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി രഞ്ജൻ ഭട്ടിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ജനുവരിയിലും കേതൻ ഇനാംദാർ രാജി പ്രഖ്യാപിച്ചെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല. 182 സീറ്റുള്ള ഗുജറാത്ത് നിയമസഭയിൽ ബിജെപിക്കു നിലവിൽ 156 അംഗങ്ങളുണ്ട്. മേയ് ഏഴിന് ഒറ്റ ഘട്ടമായാണു ഗുജറാത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേതൻ ഉടൻ കോൺഗ്രസിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
















