ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവായ സി.കെ. പത്മനാഭന് അപകടം മനസ്സിലായിട്ടുണ്ട്. വരാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കാണാന്‍ അങ്ങനെ ചില നേതാക്കള്‍ക്ക് മാത്രമേ ഉള്ക്കണ്ണുള്ളൂ. ഇപ്പോഴത്തെ ബി.ജെ.പി രാഷ്ട്രീയം നടത്തുന്ന ആളെക്കൂട്ടല്‍ നാളത്തെ ബി.ജെ.പിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമോയെന്ന ഭയവും സി.കെ. പത്മനാഭന്റെ തുറന്നു പറച്ചിലിലുണ്ട്. കോണ്‍ഗ്രസ്മുക്ത ബിജെപി ഉണ്ടാക്കേണ്ടിവരുമോയെന്ന് ചിന്തിക്കേണ്ട കാലമാണിതെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് സി.കെ പത്മനാഭന് പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയത്തില്‍ ചാട്ടവും ചാഞ്ചാട്ടവും പതിവാണ്. എന്നാല്‍, ചാടിയെത്തുന്നവരെ സംരക്ഷിക്കുമ്പോള്‍ ആ പാര്‍ട്ടിയില്‍ മണ്ണും വെള്ളവും ചുമന്നവരെ മറന്നു പോകുന്ന അവസ്ഥയുണ്ടാകുമോയെന്ന ആശങ്ക കൂടിയാണ് പത്മനാഭന്റെ വാക്കുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. സംഭവിക്കാവുന്ന അപകടം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇക്കാര്യം പരസ്യമായി പറയുന്നതതെന്നും അദ്ദേഹം പറയുന്നുണ്ട്. എല്ലവരെയും കൈനീട്ടി സ്വീകരിക്കുമ്പോള്‍ സ്വന്തം ദഹനശേഷികൂടി കണക്കിലെടുക്കണം. ഇല്ലെങ്കില്‍ അജീര്‍ണം വരുമെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
കേരളത്തില്‍ എങ്ങനെയെങ്കിലും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാന്‍ വേണ്ടി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ കാട്ടിയാണ് നേതാക്കളെ പാട്ടിലാക്കുന്നത്. ഇതിന് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍. എന്നാല്‍, പത്മനാഭന് പറയുന്നത്, അധികാര രാഷ്ട്രീയത്തില്‍ ആകൃഷ്ടരായി വരുന്നവരെ സൂക്ഷിക്കണമെന്നാണ്. പഴയകാലം, പാര്‍ട്ടിക്കു വേണ്ടി ചോര നീരാക്കിയവരുടെ നിശബ്ദ നിലപാടാണ് അദ്ദേഹം പറഞ്ഞത്. അധികാരമല്ല ബിജെപിയുടെ ലക്ഷ്യം. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗംമാത്രമാണ് അധികാരം. അധികാരം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം വന്നാല്‍ ആ ദര്‍ശനത്തിന് സ്ഥാനമില്ലെന്നുമാണ് പത്മനാഭന്റെ മതം.
എന്നാല്‍, ബി.ജെ.പിക്ക് കേന്ദ്രത്തില്‍ അധികാരം കൂടി ഇല്ലെങ്കില്‍ ആരെങ്കിലും അങ്ങോട്ടേക്ക് പോകുമോ എന്നു കൂടി ചിന്തിച്ചു നോക്കിയാല്‍ ഉത്തരം വ്യക്തമാകും. ബി.ജെ.പി എന്ന രാഷ്ട്രീയക്കാരനേക്കാള്‍ ബി.ജെ.പിയുടെ അധികാര രാഷ്ട്രീയമാണ് വരുന്നവരെ ആകര്‍ഷിച്ചിരിക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ ഇല്ലാത്ത വിധം ഒഴുക്കാണ് ബി.ജെ.പിയിലേക്ക് നടക്കുന്നത്. ഇതിനു കാരണം, നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രമാണ്. വ്യക്തികളെ ഇത്രയധികം അംഗീകരിക്കുന്ന പ്രധാനമന്ത്രി എന്ന ഒരു ക്രെഡിറ്റു കൂടി മോദിക്ക് കിട്ടുന്നുണ്ട്. അതിനുള്ള സോഷ്യല്‍ ഇടപെടലുകള്‍ മോദി ഇതിനകം തന്നെ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അതിന്റെ തിരിച്ചു കിട്ടലുകളാണ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പ്രമുഖര്‍ എത്തുന്നത്. കേന്ദ്ര ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസ്സില്‍ നിന്നെത്തിയവര്‍ക്കെല്ലാം അവസരം കൊടുക്കാനുള്ള തിരക്കിലാണ് മോദിയും കേന്ദ്ര നേതൃത്വവും. എന്നാല്‍, കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇതില്‍ സന്തോഷിക്കുകയും വിഷമിക്കുകയും ചെയ്യുകയാണ്. കാരണം, കോണ്‍ഗ്രസ്സിനെ തകര്‍ത്ത് കേരളത്തിലെ പ്രതിപക്ഷമാകാന്‍ ബിജെപിക്കാകുന്നു എന്നതില്‍ സന്തഷിക്കുമ്പോള്, വരുന്ന നേതാക്കളെല്ലാം ബി.ജെ.പിയിലെ നേതാക്കളെ അപ്രസക്തരാക്കിക്കൊണ്ടിരിക്കുന്നു എന്നതിലാണ് വിഷമം.
ഇതു പരിഹരിക്കപ്പെടുമോയെന്നതും സംശയമാണ്. ഏതു വിധേനയും കേരളം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് നരേന്ദ്രമോദി. അതുകൊണ്ടു തന്നെയാണ് മോദി കേരളത്തിലേക്ക് നിരവധി തവണ എത്തിയതും. തന്റെ വ്യക്തി പ്രഭാവം ഒന്നുകൊണ്ടു മാത്രം കോണ്‍ഗ്രസ്സിനെ കാലിയാക്കാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. എന്നാല്‍, ബി.ജെ.പിയെ ഈ വിധത്തിലെങ്കിലും പിടിച്ചു നിര്‍ത്തിയ നേതാക്കളെ തഴയുന്നത് എത്രത്തോളം ദോഷം ചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. നോക്കൂ, ഇതുവരെ ബി.ജെ.പിയിലേക്ക് ചേക്കേറിയ ഏതെങ്കിലും നേതാക്കള്‍ ഭാരത് മാതാകീ ജയ് എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ടോ. ഇല്ലെന്നു തന്നെ തറപ്പിച്ചു പറയാം.
ബി.ജെ.പി പാര്‍ട്ടി ഓഫീസില്‍ പോയി മെമ്പര്‍ഷിപ്പ് വാങ്ങുമ്പോള്‍ പോലും മുദ്രാവാക്യം വിളിക്കുകയോ, പാര്‍ട്ടി കൊടി പിടിക്കുകയോ ചെയ്യാറില്ല.ഇതുതന്നെ അധികാര രാഷ്ട്രീയത്തിന്റെ നിഴലില്‍ നില്ക്കാന് ആഗ്രഹിച്ചു വരുന്നവരാണെന്ന് വ്യക്തമാവുകയാണ്. ബി.ജെ.പിയും നരേന്ദ്രമോദിയും ഇനിയും ഇന്ത്യ ഭരിക്കുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പി പാളയത്തില്‍ എത്തുന്നത്. ഇവരുടെ മനസ്സില്‍ കേന്ദ്ര സഹമന്ത്രി സ്ഥാനമോ, നോമിനേറ്റഡ് എം.പി സ്ഥാനമോ, ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ അധ്യക്ഷ പദവികളോ മാത്രമാണ്. അല്ലാതെ ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വളര്‍ത്താനോ, അവരുടെ രാഷ്ട്രീയ പ്രചാരകര്‍ ആകാനോ താല്‍പ്പര്യമില്ല.
നിശബ്ദമായി ഇരിക്കുക. എന്നാല്‍, ബി.ജെ.പിക്കാരനാണെന്ന് പറയുകയും വേണം. അധികാരം കിട്ടുകയും വേണം. ഇതാണ് ബി.ജെ.പിയിലേക്ക് പോകുന്ന നേതാക്കളുടെയെല്ലാം മനസ്സിലിരുപ്പ്. നോക്കൂ, ടോം വടക്കന്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയുള്ളവരെല്ലാം ബി.ജെ.പിയുടെ അടുക്കളപ്പുറങ്ങളില്‍ ഇരിക്കുകയാണ്. ബി.ജെ.പി മുഖങ്ങളാകാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ലെന്നതാണ് സത്യം. എന്നാല്‍, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നതിന് യാതൊരു തടസ്സവുമില്ല എന്നതാണ് കൗതുകം.