തിരുവനന്തപുരം: മുതിർന്ന കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയെ രണ്ട് തവണ പത്മാ പുരസ്ക്കാര പട്ടികയിൽ നിന്നും കേന്ദ്ര സർക്കാർ തഴഞ്ഞു. പത്മഭൂഷൺ ബഹുമതിക്കായി രണ്ടു തവണ ഗോപിയാശാന നെ സംസ്ഥാന സർക്കാർ ശിപാർശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. 2020, 2021 വർഷങ്ങളിലാണ് കലാമണ്ഡലം ഗോപിയുടെ പേര് പുരസ്കാരത്തിനായി സർക്കാർ നിർദ്ദേശിച്ചത്.
2020ൽ കേരളം നൽകിയ പട്ടിക പൂർണ്ണമായും തള്ളി തള്ളിയ കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം എം.മുന്താസ് അലി, അന്തരിച്ച നിയമപണ്ഡിതൻ പ്രഫ.എൻ.ആർ.മാധവ മേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. 8 പേരടങ്ങുന്ന പട്ടികയാണ് സർക്കാർ ആ വർഷം കേന്ദ്രത്തിന് കൈമാറിയത്.
കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിവർ ഉൾപ്പെട്ട പട്ടികയാണ് 2020ൽ സംസ്ഥാന സർക്കാർ നൽകിയത്.
2021ൽ പത്മഭൂഷണുവേണ്ടി അക്കിത്തം അച്യുതൻ നമ്പൂതിരി (സാഹിത്യം), ടി.പത്മനാഭൻ (സാഹിത്യം), സുഗതകുമാരി (സാഹിത്യം), കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), മധു (സിനിമ), പെരുവനം കുട്ടൻ മാരാർ (ചെണ്ട) എന്നിവരെയാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗായിക കെ.എസ് ചിത്രയ്ക്കാണ് പുരസ്ക്കാരം നൽകിയത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ അവാർഡുകൾ 1954 മുതലാണ് ആരംഭിച്ചത്. ഭാരതരത്നം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൻ. സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മറ്റിയാണ് പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡൻ്റിൻ്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി. ഇവർ തെരഞ്ഞെടുക്കുന്ന പേരുകൾ പ്രധാനമന്ത്രിയുടെയും അംഗീകാരത്തിനായി സമർപ്പിക്കും. പത്മവിഭൂഷണിന് താഴെയാണ് മറ്റ് രണ്ട് പത്മ ബഹുമതികളായ പത്മഭൂഷൻ്റെയും പത്മശ്രീയുടെയും സ്ഥാനം.
















