കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി. പ്രവര്‍ത്തക ശില്‍പശാലയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോര് കയ്യാങ്കളിയിൽ കാശിച്ചു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡായുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തക ശില്‍പ ശാലയിലാണ് സംഘർഷം അരങ്ങേറിയത്.
പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചെന്നാരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ശില്പശാല തുടങ്ങും മുമ്പേ ജില്ലാ കമ്മറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ.നവീന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറി. തുടർന്ന് പ്രവര്‍ത്തകര്‍ നേതാക്കളെ ചോദ്യം ചെയ്തു.
ഒരു വിഭാഗത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പരാജയപ്പടുത്താന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ശില്പശാല നടത്താനാവാതെ ഉപേക്ഷിച്ചു.
ജില്ലയിലെ പ്രധാന നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ സജീവമല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് കാരണമെന്നാണ് സൂചന. കാസർഗോഡ്ഡ് ബിജെപിക്കകത്തെ ഗ്രൂപ്പ്‌പോരിനെ തുടർന്ന് 2022 ഫെബ്രുവരിയില്‍ പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു.
















