ബംഗലൂരു: തമിഴ്നാടിനെതിരായ വിദ്വേഷ പ്രസംഗത്തിൽ ബംഗലൂരു നോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.തമിഴ്നാട്ടിൽ നിന്നും ഭീകര പരിശീലനം നേടിയ ആളുകൾ ബംഗലൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശമാണ് ശോഭക്ക് പുലിവാലായിരിക്കുന്നത്. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്.ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.
ബെംഗളൂരിൽ അക്രമം അഴിച്ചുവിടുന്നത് തമിഴ്നാട്ടുകാരും മലയാളികളുമാണ് എന്നാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം. കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് മലയാളികളാണും രമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നുമാണ് ശോഭ ആരോപിച്ചിരുന്നത്. സംഭവം വിവാദമായതോടെ തമിഴ്നാടിനെതിരെയുള്ള പരാമർശം പിൻവലിച്ച് ശോഭ മാപ്പു പറഞ്ഞിരുന്നു.
രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം. എന്നാൽ കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു
അതേസമയം, വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ദലജെക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു. തമിഴ്നാട് മധുര സിറ്റി പൊലീസ് ആണ് കേസെടുത്ത്. ബോധപൂർവ്വം കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്ഐആറിൽ പറയുന്നു.
















