മോഹിനീ സൗന്ദര്യം കരകവിഞ്ഞൊഴുകുന്ന ശ്രീമതി സത്യഭാമ ടീച്ചര്‍ക്ക് ധൈര്യമുണ്ടോ രാമന്റെ കൂടെ ഒന്ന് ആടി തോല്‍പ്പിക്കാന്‍. വെല്ലുവിളിക്കുന്നത്, കലാഞ്ജലി ഫൗണ്ടേഷന്‍ ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായ സൗമ്യ സുകുമാരനാണ്. ഇന്ന് രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്തിന്റെ സാംസ്‌ക്കാരി ഇടനാഴായായ മാനവീയം വീഥിയില്‍ ആര്‍.എല്‍.വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സൗമ്യ സുകുമാരന്റെ മോഹിനിയാട്ടം ഉണ്ടാകും. സത്യഭാമ ടീച്ചര്‍ കൊച്ചു കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആക്ഷേപിക്കുന്നവരാണെന്ന് സൗമ്യ സുകുമാരന്‍ അന്വേഷണത്തോടു പറഞ്ഞു. നാട്യശാസ്ത്രത്തില്‍ കറുത്തവര്‍ നൃത്തം ചെയ്യാന്‍ പാടില്ല എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ല.
ടീച്ചര്‍ക്ക് രാമനെ (രാമകൃഷ്ണന്‍) ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. മോഹിനിയാട്ടത്തില്‍ കൃഷ്ണനെയും, മഹാദേവനെയും ഒക്കെയാണ് അവതരിപ്പിക്കുന്നത്. കൃഷ്ണന്റെയും മഹാദേവന്റെയും നിറം എന്താണെന്ന് ടീച്ചര്‍ക്ക് അറിയാത്തതു കൊണ്ടാണോ. ടീച്ചര്‍ക്ക് ഫ്രസ്റ്റുറേഷനാണ്. തനിക്കു കിട്ടാത്തത് മറ്റൊരാള്‍ക്കും കിട്ടാന്‍ പാടില്ല. അങ്ങനെ കിട്ടുന്നവരോട് ടീച്ചര്‍ക്ക് അടങ്ങാത്ത ദേഷ്യവുമുണ്ട്. സൗന്ദര്യമാണ് മോഹിനിയാട്ടത്തിന്റെ മാനദണ്ഡമെന്ന് പറയാനാകില്ല. സ്റ്റേജില്‍ കയറുന്നവര്‍ക്ക് മേക്കപ്പ് ഇടുന്നത്, സൗന്ദര്യം കൂട്ടാനല്ല. കണ്ണിന്റെ ചലനങ്ങളും, മുഖത്തിന്റെ ഭാവവും മനസ്സിലാക്കാനാണ്.
കലാകാരനും, പ്രക്ഷകരും തമ്മില്‍ ഒരു അകലമുണ്ടാകും. ഈ അകലത്തില്‍ കലാകാരന്റെ മുഖത്തും കണ്ണിനും ഉണ്ടാകുന്ന ചലങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കാനാണ്. പിന്നെ സൗന്ദര്യം ഘടകമാകുന്നത്, മത്സരങ്ങള്‍ക്കാണ്. അത് അത്ര വലിയ പ്രശ്‌നവുമല്ല. ബുദ്ധി പൂര്‍വ്വം, വിവേകം, ധൈര്യം, ആരോഗ്യം എന്നിവയുണ്ടെങ്കില്‍ മറ്റൊന്നും നാട്യത്തിനെ ബാധിക്കില്ല. ടീച്ചറിനെ ഇനി കലാമണ്ഡലം സത്യഭാമ എന്ന് വിശേഷിപ്പിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. പ്രായം കൊണ്ടും പ്രതിഭ കൊണ്ടും നിങ്ങള്‍ എന്നെക്കാളും ഒത്തിരി മുതിര്‍ന്ന വ്യക്തിത്വമായതു കൊണ്ട് ആ എല്ലാ ബഹുമാനവും നിലനിര്‍ത്തി പറയട്ടെ, നിങ്ങള്‍ ഈ പ്രസ്താവനകള്‍ ഒക്കെ ആരോപിക്കുന്ന രാമകൃഷ്ണന്‍ എന്ന ഞങ്ങളുടെ ‘രാമന്‍’ സംസ്‌ക്കാരം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും വിനയം കൊണ്ടും നിങ്ങളെക്കാള്‍ എത്രയോ ഉന്നതിയില്‍ ആണെന്ന് അറിയുമോ.
ലോകനിര്‍ത്തകിമാരെല്ലാം കൂടുതല്‍ ശതമാനവും കൃഷ്ണ ഭക്തരാണ്. അവര്‍ ആടുന്ന ലീലകള്‍ അധികവും കൃഷ്ണലീലകളാണ്. മോഹിനിയാട്ടത്തില്‍ പോലും ഏറ്റവും മനോഹരമായ ആട്ടക്കഥകള്‍ എല്ലാം കൃഷ്ണന്റെ വാഴ്ത്തുപാട്ടുകളും ലീലാവിലാസങ്ങളുമാണ്. യാദവ കുലത്തില്‍ പിറന്ന കാര്‍വര്‍ണന്റെ നിറമുള്ള കൃഷ്ണനെ ആരാധിക്കുന്നു. ആ കുലത്തില്‍ പിറന്ന മനുഷ്യനെ അംഗീകരിക്കാന്‍ കഴിയുന്നില്ല. കുലവും നിറവും അല്ല പ്രശ്‌നം കുശുമ്പും അസൂയയും കൊണ്ട് സഹിക്കാന്‍ പറ്റാത്ത മനസ്സുകളാണ്. ഭരതമുനി നാട്യശാസ്ത്രം സൃഷ്ടിച്ചത് എന്തിനാണെന്ന് ടീച്ചര്‍ക്ക് അറിയുമോ?. വേദങ്ങള്‍ നാലും ശൂദ്ര ജാതിക്കാര്‍ക്ക് നിഷിദ്ധമാണല്ലോ ബ്രാഹ്‌മണര്‍ മുതല്‍ ശൂദ്രന്‍ അടക്കം എല്ലാ ജാതിക്കാര്‍ക്കും പ്രയോജനപ്പെടുമാറാണ് അഞ്ചാമതൊരു വേദം ബ്രഹ്‌മാവ് സൃഷ്ടിച്ചത്.
നാട്യശാസ്ത്രം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ആള്‍ ആയിരിക്കുമല്ലോ നിങ്ങളും. ചുരുക്കിപ്പറഞ്ഞാല്‍ യാതൊരുവിധ അറിവോ പാണ്ഡിത്യമോ ഇല്ലാതെയാണ് നിങ്ങള്‍കലാമണ്ഡലം എന്ന ശ്രേഷ്ഠ സ്ഥാപനത്തിന്റെ പേര് പോലും അഭിമാനപൂര്‍വ്വം അലങ്കാരത്തിന് അണിഞ്ഞിരിക്കുന്നത്. സത്യഭാമ ടീച്ചറിന്റെ കളരിയില്‍ ടീച്ചര്‍ ശിഷ്യഗണങ്ങളോട് ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ നേരിട്ട് കേട്ടിട്ടുള്ള ആളാണ് ഞാന്‍. അങ്ങനെയൊരു അനുഭവം ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. കലാകാരന്മാരും സാമൂഹിക സാംസ്‌കാരിക നായകന്മാരും സമൂഹത്തോട് ഏറെ പ്രതിബദ്ധതയുള്ള വിഭാഗത്തില്‍ പെട്ടവരാണ്.
ഒരു അധ്യാപിക എന്ന നിലയിലും നൃത്തത്തെ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയിലും എന്റെ ഒരു എളിയ അഭ്യര്‍ത്ഥനയാണ് ദയവുചെയ്ത് ടീച്ചര്‍ അധ്യാപനം മതിയാക്കണം. അത് ഈ സമൂഹത്തോട് ടീച്ചറുടെ ഒരു വലിയ ഉത്തരവാദിത്തമാണ്. വിശ്രമ ജീവിതം നല്ല ഒരു മാനസിക രോഗ വിദഗ്ദ്ധനെ കാണാന്‍ കൂടി നിര്‍ദേശിക്കുന്നു. വീട്ടില്‍ വളര്‍ത്തുന്ന പട്ടികളോട് നിങ്ങള്‍ കാണിക്കുന്ന ഔദാര്യത്തിന്റെ പകുതി മനുഷ്യ വര്‍ഗ്ഗത്തോട് കാണിക്കുണമെന്നും
സൗമ്യ സുകുമാരന്‍ പറയുന്നു.
* എന്താണ് നാട്യശാസ്ത്രം
നാട്യ വിദ്യയെ സംബന്ധിച്ച് ഭാരതീയര്‍ക്ക് ലഭിച്ച മഹത്തായ ഒരു ശാസ്ത്ര ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. 36 അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
നാട്യ ശാസ്ത്ര ആരംഭത്തില്‍ ബ്രഹ്‌മാവിനെയും മഹേശ്വരനെയും തലകുനിച്ച് നമസ്‌കരിക്കുന്നതിന് കാരണം നാട്യ വേദ കര്‍ത്താവ് ബ്രഹ്‌മാവും ആദ്യത്തെ നടന്‍ മഹേശ്വരനും (ശിവന്‍ )ആകുന്നതിനാല്‍.
* നാട്യവേദം ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി ഉണ്ടായി
ത്രേതായുഗത്തില്‍ സ്വധര്‍മ്മ വിമുക്തരായ നിവാസികള്‍ക്ക് ധര്‍മ്മ ബോധം ജനിപ്പിക്കാന്‍ വേണ്ടി ദേവന്മാരുടെ പ്രേരണാര്‍ത്ഥം ബ്രഹ്‌മാവ് നാട്യവേദം നിര്‍മ്മിക്കുന്നു. വേദങ്ങള്‍ ലോക അനുഗ്രഹത്തിനു വേണ്ടി ബ്രഹ്‌മാവില്‍ നിന്നും ഉണ്ടായതാണ്. വേദങ്ങള്‍ 4, വേദാീഗങ്ങള്‍ 6. വേദങ്ങള്‍ ശൂദ്ര ജാതിക്കാര്‍ക്ക് നിഷിദ്ധമാണല്ലോ. ബ്രാഹ്‌മണര്‍ മുതല്‍ ശൂദ്രടക്കം എല്ലാ ജാതിക്കാര്‍ക്കും പ്രയോജനപ്പെടുമാറ് അഞ്ചാമതൊരു വേദം ബ്രഹ്‌മാവ് സൃഷ്ടിക്കേണ്ടിവന്നു. ചുരുക്കിപ്പറഞ്ഞാല്‍ സുഖദുഃഖ സമ്മിശ്രമായ ത്രേതായുഗത്തില്‍ ദുഃഖപരിഹാരത്തിനു വേണ്ടി ഉണ്ടായതാണ് നാട്യവേദം.
* നാട്യശാസ്ത്രം ഉണ്ടാകുന്നത്
സര്‍വ്വ വേദങ്ങളുടെയും തത്വങ്ങള്‍ ഒപ്പം സ്മരിച്ചുകൊണ്ടു വേണമല്ലോ അഞ്ചാമതൊരു വേദസൃഷ്ടി നടത്താന്‍. സൃഷ്ടി നടത്താന്‍ സങ്കല്പം ഉണ്ടാകണം. ധര്‍മ്മാദി പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിക്കുന്നതും ഹൃദ്യത നിമിത്തം ഏതു ജനങ്ങള്‍ക്കും അഭിലഷിക്കത്തക്കതും കീര്‍ത്തി ഉണ്ടാക്കുന്നതും ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രത്യക്ഷമായി കാണാവുന്നതുകൊണ്ട് വ്യക്തമായി മനസ്സിലാക്കാവുന്നതും ഭാവി ലോകത്തിന് എല്ലാ കര്‍മ്മങ്ങളെയും തുടര്‍ച്ചയായി കാണിച്ചു കൊടുക്കുന്നതും ഗീത നൃത്ത വാദ്യകള്‍ ആയ സകല കലാശാസ്ത്ര വിഷയങ്ങളും ചേര്‍ന്നതും ചിത്രം, കൊത്തുപണി മുതലായ സര്‍വ്വ ശില്പങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതും ഇതിവൃത്ത വിശേഷങ്ങളെ അവലംബിക്കുന്നതുമായി സങ്കല്‍പ്പിച്ചതിനു ശേഷം ബ്രഹ്‌മാവ് എല്ലാ വേദങ്ങളെയും അനുസ്മരിച്ച് നാലു വേദങ്ങളുടെയും അംഗങ്ങള്‍ ചേര്‍ത്ത് നാട്യവേദം നിര്‍മ്മിച്ചു.
ധര്‍മ്മം
അര്‍ത്ഥം
കാമം
മോക്ഷം എന്നീ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളുടെ സിദ്ധിയാണ് നാട്യത്തിന്റെ ഫലം. നാട്യദര്‍ശനത്തിന് പ്രേക്ഷകരെ പ്രേരിപ്പിക്കേണ്ടതില്ല. നാലുവേദങ്ങളില്‍ നിന്നുള്ളനാട്യത്തിന്റെ അംഗനിഷ്പത്തി. വാക്കുകളുടെ ഉച്ചാരണഭേദം ഋഗ്വേദ ത്തില്‍ നിന്നും ഗീതം സാമവേദത്തില്‍ നിന്നും അഭിനയങ്ങള്‍ യജുര്‍വേദത്തില്‍ നിന്നും രസങ്ങള്‍ അഥര്‍വ്വ വേദത്തില്‍ നിന്നും. വാക്ക്യോചാരണഭിനയാദികളാണ് നാട്യ വേദത്തിന്റെ അംഗങ്ങള്‍. ( പാട്യം, ഗീതം, അഭിനയം, രസം – നാട്യാംഗങ്ങള്‍)
* നാട്യ വേദത്തിന്റെ പ്രയോഗം
ബുദ്ധി സാമര്‍ത്ഥ്യം, വിവേകം, ധൈര്യം, ആരോഗ്യം എന്നീ ഗുണങ്ങള്‍ തികഞ്ഞവര്‍ നാട്യവേദം പരിശീലിക്കണം എന്നാണ് ബ്രഹ്‌മാവിന്റെ ഉപദേശം. ബുദ്ധി സാമര്‍ത്ഥ്യം ഉണ്ടെങ്കിലേ പടിച്ചുറപ്പിക്കാന്‍ കഴിയൂ, ഊഹാപോഹ പൂര്‍വ്വകം തത്വം മനസ്സിലാക്കാന്‍ വിവേകം വേണം. ധൈര്യമില്ലെങ്കില്‍ സഭാകമ്പം കൊണ്ട് ഒന്നും പ്രയോഗിക്കാന്‍ കഴിയുകയില്ല. നൃത്താഭിനയാധികള്‍ക്ക് ദേഹബലം അത്യാവശ്യമാണ് ഇങ്ങനെ സങ്കല്‍പ്പിച്ചാണ്. പുത്ര സംഘത്തോടുകൂടി നാട്യംപ്രയോഗിക്കാന്‍ ബ്രഹ്‌മാവ് ഭരതമുനിയോട് നിര്‍ദേശിച്ചു. അതിന്‍പ്രകാരം ഭരതമുനി ബ്രഹ്‌മാവില്‍ നിന്നും നാട്യവേദം പഠിക്കുകയും പുത്രന്മാരെ പ്രയോഗ രീതി പരിശീലിപ്പിക്കുകയും ചെയ്തു.