രോഗ പ്രതിരോധശേഷി കൂട്ടാനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും വിറ്റാമിന് ഡി സഹായിക്കും.
വിറ്റാമിന് ഡി ശരീരത്തിന് ആവശ്യമായ രീതിയിൽ ഇല്ലെങ്കിൽ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ഭാരം കൂടുക, രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയവയും ഇതുമൂലം ഉണ്ടാകാം. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത് കാരണമാകും.
വിറ്റാമിന് ഡി ശരീരത്തു ഇല്ലെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
തളർച്ചയും ക്ഷീണവും
വിറ്റാമിൻ ഡിയുടെ കുറവുണ്ട് എന്നതിന്റെ പ്രധാന ലക്ഷണമാണ് തളർച്ചയും ക്ഷീണവും. ഊർജനിലയിൽ വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനാൽതന്നെ അവയുടെ കുറവ് ഊർജനിലയെ ബാധിക്കുകയും ശരീരത്തിന് ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. നന്നായി ഉറങ്ങിയിട്ടും ശരീരത്തിന് ക്ഷീണമോ തളർച്ചയോ തോന്നുന്നുണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.
മസിലുകളിലും എല്ലുകളിലും വേദന
എല്ലുകളുടെ ബലത്തിനും മസിൽ ശക്തിക്കും വിറ്റാമിൻ ഡി ആവശ്യമാണ്. ഇവയുടെ കുറവ് അസ്ഥി വേദന, സന്ധി വേദന, പേശി വേദന എന്നിവയ്ക്ക് കാരണമാകും.
മാനസികാവസ്ഥയിലെ മാറ്റങ്ങളും വിഷാദരോഗവും
മാനസികാവസ്ഥ നിയന്ത്രിക്കുന്നതിലും വിഷാദരോഗം അകറ്റുന്നതിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് വിഷാദം, മാനസികാവസ്ഥ എന്നിവയ്ക്കുള്ള സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ അസ്വസ്ഥത അനുഭവപ്പെടുകയോ മാനസികാവസ്ഥ മാറുകയോ ചെയ്യുന്നുവെങ്കിൽ വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കുക.
മുറിവ് ഉണങ്ങാൻ താമസം
മുറിവുകൾ ഉണങ്ങാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചാൽ അല്ലെങ്കിൽ അണുബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണമാകാം.
മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിൽ സാധാരണമാണെങ്കിലും, അമിതമായ മുടി കൊഴിച്ചിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ അടയാളമാണ്. മുടി കൊഴിച്ചിൽ കൂടുതലാണെങ്കിൽ വിറ്റാമിൻ ഡി പരിശോധിക്കുക.
രോഗപ്രതിരോധശേഷി കുറവ്
രോഗപ്രതിരോധ സംവിധാനത്തിലും അണുബാധകളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നതിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്റെ കുറവ്, ജലദോഷം, പനി, ന്യൂമോണിയ പോലുള്ള ആരോഗ്യ അവസ്ഥകൾക്ക് കാരണമാകും.
അസ്ഥികളുടെ ബലം കുറയുന്നു
വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളുടെ ബലത്തെ ബാധിക്കും. ഓസ്റ്റിയോപൊറോസിസും ഒടിവുകളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും, പ്രത്യേകിച്ച് പ്രായമായവരിൽ. കാൽസ്യം ആഗിരണത്തിന് വിറ്റാമിൻ ഡി ആവശ്യമാണ് ഇവയുടെ അളവ് കുറയുന്നത് അസ്ഥികളുടെ ബലഹീനതയ്ക്കും പെട്ടെന്നുള്ള ഒടിവുകൾ ഇടയാക്കും.
വിറ്റാമിന് ഡി ലഭ്യമാകുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?
പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി.