ന്യൂഡൽഹി: ഒരു വർഷത്തിന് ശേഷമാണ് കോൺഗ്രസ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിടുന്ന വെല്ലുവിളികളടക്കം വിശദീകരിക്കാനാണ് മൂവരും ഇന്ന് മാധ്യമങ്ങളെ കണ്ടത്.
കേന്ദ്ര സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടിലെന്നും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസിൻ്റെ പ്രചാരണത്തെ തകർക്കാൻ ശ്രമം. ഇലക്ട്രൽ ബോണ്ട് വാങ്ങി കൂട്ടുന്ന ബിജെപി കോൺഗ്രസിനെതിരെ ജനാധിപത്യ വിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ പറഞ്ഞു. അന്വേഷണ ഏജൻസികളെ ബിജെപി പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പാർട്ടി അധ്യക്ഷൻ്റെ പ്രതികരണം പ്രതികരണം.
ഭരണഘടനാ വിരുദ്ധമായ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളിലൂടെ ബിജെപി പണം സമാഹരിക്കുന്നുവെന്നും അധികാരത്തിലിരിക്കുന്നവർ എല്ലാ സംവിധാനങ്ങളും കയ്യടക്കി വച്ചിരിക്കുന്നു. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ ആശങ്കയുണ്ടാക്കുന്നു.കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച് അപകടകരമായ കളി കളിക്കുന്നുവെന്നും ഖാർഗേ കുറ്റപ്പെടുത്തി.
സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് സാധ്യമാകില്ല. പരസ്യങ്ങളിലും ബിജെപിയുടെ ഏകാധിപത്യം. ആദ്യമായാണ് ഇങ്ങനെ നടക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യമുള്ള ഓഫീസുകളാണ് ബിജെപിയുടേത്. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസ് പാർട്ടിയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് നിയമവാഴ്ചക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും ഖാർഗെ ആരോപിച്ചു.
ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിരിക്കുന്നുവെന്നും പ്രചാരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചൂണ്ടിക്കാണിച്ചു. സ്ഥാനാർത്ഥികളെ സഹായിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പത്രങ്ങളിൽ പോലും പരസ്യം നൽകാൻ കഴിയുന്നില്ല. നടപടി പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും അറിവോടെ. വിഷയത്തിൽ കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മൗനമെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസിനെതിരെ നടന്നത് ക്രിമിനൽ ആക്രമണം. ഇന്ന് ഇന്ത്യ വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്നത് എറ്റവും വലിയ കള്ളമാണ്. മരവിപ്പിക്കുന്നത് കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടിനെയല്ല ജനാധിപത്യത്തെയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
















