ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിൽ. തൻ്റെ അറസ്റ്റ് തടയണം എന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
കേജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി 8 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഒരു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്.മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു.
വീടിന് പുറത്ത് വന്‍സി സായുധ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല. മദ്യനയ കേസിൽ ബിആർഎസ് നേതാവും മുൻതെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിത അറസ്റ്റിലായി ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇഡി സംഘം ഡൽഹി മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്തത്. ഇഡി നടപടിക്കെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി.
അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് എഎപിയുടെ പ്രതികരണം .അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും എഎപി നേതാക്കൾ വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രിയുടെ വസതിയുടെ പുറത്ത് ആംആദ്മി പാർട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസ് ശ്രമമാരംഭിച്ചു. ഇതിന് ശേഷമാകും അരവിന്ദ് കേജരിവാളിനെ ഇഡി സംഘം കൊണ്ടുപോകുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അറസ്റ്റ് ചെയ്തതിനെതിരെ ഇന്ന് രാത്രി തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ തീരുമാനം. കേജരിവാളും എഎപിയും ഇതിനകം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചുകഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
















