ജീവിച്ചിരിക്കുന്നവരേക്കാള്‍ അപകടകാരിയാണ് ‘രക്തസാക്ഷികള്‍’ എന്നൊരു പദപ്രയോഗം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പണ്ടുമുതല്‍ക്കേ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് വെറുതെയല്ല, സമരങ്ങളുടെ തീവ്ര മുഖങ്ങളില്‍ മുന്നണി പോരാളികള്‍ക്ക് ഊര്‍ജ്ജം പകരാന്‍, തലമുറകളെ ഉത്തേജിപിപ്പിക്കാനും രക്തസാക്ഷികള്‍ക്കാവും എന്നു മനസ്സിലാക്കിക്കൊണ്ടാണ്. അതു തന്നെയാണ് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌റിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും പറയാനുള്ളത്. കാരണം, പുറത്ത് നില്‍ക്കുന്ന അരവിന്ദ് കേജ്‌റിവാളിനേക്കാള്‍ അപകടകാരിയാണ് ജയിലില്‍ കിടക്കുന്ന കേജ്‌റിവാള്‍.
പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടവും നിലവില്‍ വന്ന ശേഷമാണ് ഒരു മുഖ്യമന്ത്രിക്കെതിരേ അറസ്റ്റുണ്ടായിരിക്കുന്നത്. ഇതുതന്നെ ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് പറയാതെവയ്യ. ഇത് ബി.ജെപിക്ക് നല്‍കാന്‍ പോകുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് ഇടതു വലതു പാര്‍ട്ടികള്‍ പറയുന്നത്. മദ്യനയ അഴിമതിക്കേസിലാണ് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അശ്വമേഥം നടത്തുന്ന ബി.ജെ.പിയെ ഒറ്റയടിക്ക് തളക്കാനുള്ള ആയുധമാണ് ഈ അറസ്റ്റോടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യത്തിന് വീണു കിട്ടിയിരിക്കുന്നത്.
വ്യാപകമായ പ്രതിഷേധമാണ് അറസ്റ്റിനെതിരെ രാജ്യവ്യാപകമായി ഉയരുന്നത്. ഈ ആയുധം പ്രതിപക്ഷ സഖ്യം എങ്ങനെ ഉപയോഗിക്കും എന്നതു പോലെയിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഭാവി. ഇത്തരമൊരു സാഹചര്യത്തില്‍, ഇനി കോടതി കെജ്‌റിവാളിന് ജാമ്യം അനുവദിച്ചാല്‍ പോലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രധാന പ്രചാരണ വിഷയം കെജ്‌റിവാളിന്റെ അറസ്റ്റ് തന്നെ ആയിരിക്കും. കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി പക വീട്ടുന്ന മോദി സര്‍ക്കാര്‍ ‘പ്രഖ്യാപിത’ അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എ.എ.പിക്ക് പുറമെ കെജ്‌റിവാളിന്റെ അറസ്റ്റ് നടന്നയുടന്‍ രാത്രിതന്നെ തെരുവിലിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആണ്.
കേന്ദ്ര അവഗണനക്കെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ എ.എ.പി നേതാക്കളായ ഡല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും പങ്കെടുത്തതോടെ ശക്തമായ ബന്ധമാണ് രൂപപ്പെട്ടത്. അതുകൊണ്ടു തന്നെ ഡെല്‍ഹി മുഖ്യമന്ത്രിക്കെതിരേ ഇ.ഡി നടത്തിയ അറസ്റ്റിനെതിരേയും ശക്തമാ പ്രതിഷേധം കേരളവും സര്‍ക്കാരും ഉയര്‍ത്തുന്നത്. കൂടുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി.പി.എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിനു പുറമെ, ബംഗാള്‍, ത്രിപുര, തമിഴ്നാട്, ഡല്‍ഹി, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സി.പി.എം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഡി.എം.കെ, കോണ്‍ഗ്രസ്സ്, ശിവസേന ഉദ്ധവ് വിഭാഗം, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി തുടങ്ങിയ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളെല്ലാം അറസ്റ്റിനെ അപലപിച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരെ കടന്നാക്രമിക്കാന്‍ കിട്ടിയ ഒന്നാന്തരം അവസരമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ കെജരിവാളിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തുമ്പോള്‍ പകച്ചു നില്‍ക്കുന്നത് ബി.ജെ.പി പ്രവര്‍ത്തകരാണ്.
തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പത്തെ ഈ അറസ്റ്റ് ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായം സംഘപരിവാര്‍ നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒറ്റ സീറ്റു പോലും ബി.ജെ.പിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്, വിലയിരുത്തപ്പെടുന്നത്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും എ.എ.പി അടങ്ങിയ ഇന്ത്യാ സഖ്യത്തിനാണ് നേട്ടമുണ്ടാകാന്‍ സാധ്യത. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ പോലും ഇന്ത്യാ സഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. എ.എ.പിക്ക് ശക്തമായ അടിത്തറയുള്ള ഗുജറാത്തില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കെജരിവാളിന്റെ അറസ്റ്റ് സഹായിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
80 ലോക്‌സഭാ സീറ്റുകള്‍ ഉള്ള യു.പിയിലും 42 ലോകസഭ സീറ്റുകള്‍ ഉള്ള ബീഹാറിലും 39 ലോകസഭ സീറ്റുകള്‍ ഉള്ള തമിഴ്നാട്ടിലും ബി.ജെ.പിക്ക് എതിരെ ശക്തമായ വികാരം അഴിച്ചുവിടാനാണ് ഇന്ത്യാ സഖ്യം ശ്രമിക്കുന്നത്. 48 ലോകസഭ സീറ്റുകള്‍ ഉള്ള മഹാരാഷ്ട്രയിലും പ്രതിപക്ഷ സഖ്യം ശക്തരാണ്. ഈ സംസ്ഥാനങ്ങള്‍ കൈവിട്ടാല്‍ മൂന്നാം ഊഴമെന്ന മോദിയുടെ സ്വപ്നമാണ് അതോടെ അവസാനിക്കുക. അതേസമയം, കെജരിവാള്‍ രാജിവെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണമെന്ന ആവശ്യം കടുപ്പിക്കാനാണ് ബിജെപി നീക്കം. കെജരിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ഭരണ സംവിധാനം തകര്‍ന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ കെജരിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. കെജരിവാളിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചാല്‍ പകരം സംവിധാനം എ.എ.പി ഏര്‍പ്പെടുത്തിയില്ലങ്കില്‍ രാഷ്ട്രപതി ഭരണത്തിനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്.