അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റിന് ഫാർമ കമ്പനിയുടെ ഇലക്ടറൽ ബോണ്ട് സംഭാവനയുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ പി ശരത് ചന്ദ്ര റെഡ്ഡി ഡയറക്ടറായ അരബിന്ദോ ഫാർമ ലിമിറ്റഡ് അറസ്റ്റിന് പിന്നാലെ കോടികൾ കേന്ദ്ര ഭരണപ്പാർട്ടിക്ക് സംഭാവന ചെയ്തതായി പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹി മദ്യ അഴിമതിക്കേസിൽ ഇഡി മാപ്പുസാക്ഷിയാക്കിയ ശരത് ചന്ദ്ര റെഡ്ഡിയുടെ അറസ്റ്റിലായി അഞ്ച് ദിവസം കഴിഞ്ഞ് അഞ്ച് കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകൾ ബിജെപിക്ക് സംഭാവന നൽകി. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി പി ശരത് ചന്ദ്ര റെഡ്ഡി അരബിന്ദോ ഫാർമ ലിമിറ്റഡിൻ്റെ ഡയറക്ടർമാരിൽ ഒരാളാണ്. ശരത് ചന്ദ്ര റെഡ്ഡിയുടെ പിതാവ് പി വി രാം പ്രസാദ് റെഡ്ഡിയാണ് കമ്പനി സ്ഥാപിച്ചത്. 2022 നവംബർ 10 നാണ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ശതകോടികളാണ് (30 കോടി) റെഡ്ഡിയുടെ കമ്പനി ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് വഴി നൽകിയത്.
2023 നവംബറിൽ അരബിന്ദോ ഫാർമ ബിജെപിക്ക് ബോണ്ടുകൾ വഴി 25 കോടി രൂപ കൂടി നൽകി. ആകെ 52 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ഇതിൽ 34.5 കോടി ബിജെപിക്കാണ്. ആകെ ബോണ്ട് മുല്യത്തിൻ്റെ 71 ശതമാനം വരുമിത്. റെഡ്ഡിയുടെ കമ്പനി മദ്യനയ കേസിൽ കൂട്ടുപ്രതിയായ കെ.കവിതയുടെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) 15 കോടിയും തെലുങ്കുദേശം പാർട്ടിക്ക് (ടിഡിപി) 2.5 കോടിയും നൽകിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർസ് നേതാവ് കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിതയെ ദില്ലി മദ്യനയ കേസിൽ ഇഡി മാർച്ച് 15 ന് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും കേന്ദ്ര ഏജൻസി അറസ്റ്റു ചെയ്തു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഫെബ്രുവരി മുതൽ ഈ കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ്. 2023 ജൂൺ ഒന്നിനാണ് അറസ്റ്റില്ലാ ശരത്ചന്ദ്ര റെഡ്ഡിയെ മാപ്പുസാക്ഷിയായത്. ഇഡിയുടെ അപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി അംഗീകരിക്കുകയായിരുന്നു.
അരബിന്ദോ ഫാർമയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ശരത് ചന്ദ്ര റെഡ്ഡിയുടേയും ബിആർഎസ് നേതാവ് കെ കവിതയുടേയും നിയന്ത്രണത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ ഡൽഹിയിലെ മദ്യവ്യാപാരത്തിൻ്റെ നിയന്ത്രണം നേടാൻ ആംആദ്‌മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയെന്നായിരുന്നു ഇഡിയുടെ ആരോപണം. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് വാങ്ങിയ കൈക്കൂലി എഎപി ഉപയോഗിച്ചതായും ഇഡി ആരോപിച്ചിരുന്നു.
കേസിൽ മാപ്പുസാക്ഷിയാവുന്ന രണ്ടാമത്തെ വ്യക്തിയാണ് ശരത്ചന്ദ്ര റെഡ്ഡി. 2023 നവംബറിൽ മദ്യവ്യവസായിയും കേസിലെ പ്രതിയുമായ ദിനേശ് അറോറയെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇഡിയുടെ ആവശ്യപ്രകാരം മാപ്പുസാക്ഷിയാക്കുകയും ജാമ്യം നൽകുകയും ചെയ്ത ശരതിനേയും ദിനേശിനേയും ഉപയോഗിച്ച് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ തെളിവുണ്ടാക്കി അവരെ കുടുക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണ് എന്ന വിലയിരുത്തലുകൾ നിലനിൽക്കേയാണ് വിവാദ ബോണ്ട് വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഇഡി കേജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.
ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനുമായി (എപിഐഐസി) 2006ൽ ട്രൈഡൻ്റ് ലൈഫ് സയൻസ് ലിമിറ്റഡുമായുണ്ടാക്കിയ ഭൂമി വിൽപന കരാറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായ ക്വിഡ് പ്രോ ക്വോ (ഉദ്ധിഷ്ട കാര്യത്തിന് ഉപകാരണ സ്മരണ ) കേസിൽ 2012ൽ സിബിഐയും ശരത്ചന്ദ്ര റെഡ്ഡിയെ പ്രതിചേർത്തിരുന്നു.ട്രൈഡൻ്റ് ലൈഫ് സയൻസ് ലിമിറ്റഡിൻ്റെ മാനേജ് ഡയറക്ടറായിരുന്നു ശരത്. ഈ കേസിൻ്റെ വിചാരണ പുരോഗമിക്കുകയാണ്.
ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലാവുകയും പിന്നീട് മാപ്പ് സാക്ഷിയാവുകയും ചെയ്ത ശരത്ചന്ദ്ര റെഡ്ഡിയുടെ കമ്പനി കേന്ദ്ര ഏജൻസി നടപടികൾക്ക് ശേഷം കോടികൾ കേന്ദ്ര ഭരണപ്പാർട്ടിക്ക് സംഭാവന നൽകിയതിൽ ദുരൂഹതയുണ്ട്. ഇന്നലെ നടന്ന അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റുമായി റെഡ്ഡിയുടെ സംഭാവനയ്ക്ക് ബന്ധമുണ്ടെന്ന കാര്യത്തിലേക്കാണ് പുറത്ത് വന്ന വിവരങ്ങൾ വിരൽ ചൂണ്ടുന്നത്.