ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കം നിർമ്മിച്ച കമ്പനി ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് നൽകിയത് 55 കോടി.സിൽക്യാര-ബാർകോട്ട് തുരങ്കം നിർമിച്ച നവയുഗ എൻജിനിയറിംഗ് കമ്പനി ലിമിറ്റഡാണ് (എൻ.ഇ.സി) കഴിഞ്ഞ വർഷം ബോണ്ടിലൂടെ തുക നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
2023 നവംബർ 12ന് നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടർന്ന് റാറ്റ് മൈനേഴ്സ് രംഗത്തിറങ്ങി നവംബർ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സിൽക്യാര- ബാർകോട്ട് ടണൽ പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നൽകിയത്. 2022ന് നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു
കരാർ കാലാവധി പൂർർത്തിയാക്കാതിന് ശേഷം 2019 ഏപ്രിൽ 19നും 2022 ഒക്ടോബർ പത്തിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറൽ ബോണ്ടുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള എൻഇസി വാങ്ങിയത്. 2018 ഒക്ടോബർ 26ന് 20 അംഗ ഇൻകം ടാക്സ് സംഘം നവയുഗ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ആദായ നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് കമ്പനി ബിജെപിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയത്.