ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കേജരിവാളിന് പിന്തുണയുമായി ബിജെപി വിരുദ്ധ ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ . ഇൻഡ്യ മുന്നണിയുടെ ശക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയപ്പെടുത്തിയതിൻ്റെ തെളിവാണ് ഡൽഹി മുഖ്യമന്ത്രിയുയട അറസ്റ്റെന്ന് കോൺഗ്രസ് .ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
മോദി സർക്കാറിനോടുള്ള ജനങ്ങളുടെ എതിർപ്പ് വർധിക്കുന്നതിൽ പരിഭ്രാന്തിയിലായ ബിജെപി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഇൻഡ്യ സഖ്യത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജൻസി അറസ്റ്റു ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ പ്രതിജ്ഞാബദ്ധരായ മുഴുവൻ പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിടുകയാണെന്നും സിപിഎം വിമർശിച്ചു.
കൂറുമാറി ബിജെപിയിൽ എത്തുന്നവരെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയും ചെയ്യുന്നു. ഡൽഹിയിലും രാജ്യത്തുടനീളവും നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകരോട് സിപിഎം ആഹ്വാനം ചെയ്തു.
പ്രതിപക്ഷത്തെ തളർത്താനുള്ള നരേന്ദ്ര മോദി സർക്കാറിൻ്റെ ശ്രമമാണ് കെജ്രിവാളിൻ്റ അറസ്റ്റിൽ പ്രതിഫലിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതുവഴി സാമ്പത്തിക ഭീകരതയാണ് സർക്കാർ നടപ്പാക്കുന്നതെന്നും രാജ ചൂണ്ടിക്കാട്ടി.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് ആം ആദ്മി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ്. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. അൽപം താമസമുണ്ടായാലും നീതി നടപ്പാകുമെന്നും സത്യം പുലരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളെ ജയിലിലടക്കാൻ സാധിക്കുമെങ്കിലും ജനങ്ങളെ ജയിലിലാക്കാൻ സാധിക്കില്ലെന്ന് സമാജ്‍വാദി പാർട്ടി ദേശിയ അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിൽജനങ്ങൾ ബിജെപിയെ പാഠം പഠിപ്പിക്കും. വ്യാജ കേസുകളെടുക്കുന്നതിൽ ബിജെപിക്ക് ബ്രഹ്മാണ്ഡ റെക്കോഡാണുള്ളത്. ജനാധിപത്യത്തെ ദുർബലമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.
കേജരിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തിന് കളങ്കമാണെന്ന് നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല പറഞ്ഞു. ഭരണകക്ഷിയുടെ പരിഭ്രാന്തിയാണ് ഇത് വ്യക്തമാക്കുന്നത്. തന്റെ പാർട്ടി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
















