കലാകാരനും വെറുക്കപ്പെട്ടവളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് കേരളം ഇപ്പോള്‍ വിളിച്ചു പറയുന്നത്. ജാതി വിവേചനം നിലനിന്നിരുന്ന കാലത്ത് കറുത്തവന്റെ കുലം നോക്കി ശിക്ഷിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അവിടെ നിന്നും നവോത്ഥാനത്തിന്റെ പാതയില്‍ നവീരിക്കപ്പെട്ട കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ ഇപ്പോഴും കറുത്തനിറത്തെ പരസ്യമായി അധിക്ഷേപിക്കാന്‍ തയ്യാറാകുന്നവരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ അയവിറക്കി ജീവിക്കുന്ന ഇത്തരം വെളുത്ത കലാകാരന്‍മാരെയാണ് ‘വെറുക്കപ്പെട്ടവര്‍’ എന്നു വിളിക്കേണ്ടത്. കലയെ ജീവശ്വാസം പോലെ ഉപാസിക്കുന്ന കറുത്തവരാണ് യഥാര്‍ഥ ‘കലാകാരന്‍മാര്‍’. അവരെ ബഹുമാനിക്കുക തന്നെ വേണം.
നോക്കൂ, കഴിഞ്ഞ ദിവസങ്ങളില്‍ കലാകാരന്‍മാര്‍ക്ക് ഇടയിലുണ്ടായ ചില കായികവിനോദങ്ങള്‍. കലാമണ്ഡലം സത്യഭാമയും. ആര്‍.എല്‍. രാമകൃഷ്ണനുമാണ് രണ്ടറ്റത്തും ഉണ്ടായിരുന്നതും. ഒരാള്‍ കറുത്ത പുരുഷനും, മറ്റൊരാള്‍ വെളുത്ത സ്ത്രീയും. ഇവര്‍ക്കിടയിലെ വിഷയം ഇഴകീറി പരിശധിച്ചാല്‍ മനസ്സിലാകുന്നത്, അവരുടെ ജ്ഞാനമോ, പദവിയോ, കലയോ അല്ല. ഇരുവരുടെയും കുലം തന്നെയാണ്. താഴ്ന്ന ജാതിക്കാരന്റെ വിദ്യാഭ്യാസം എവിടെ നില്‍ക്കണമെന്ന് ശഠിച്ചിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ അങ്ങേത്തലമാണ് ഇവിടെ കാണാനായത്. സംസ്‌കൃത വേദപഠന ക്ലാസ്സില്‍ ഇരിക്കാന്‍ അര്‍ഹതയില്ലാത്തവന്‍, ഒളിഞ്ഞു നിന്നു കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയംഉരുക്കി ഒഴിക്കണമെന്ന വാശിയുള്ള കാലത്തെ ഓര്‍മ്മിപ്പുകയാണ് സത്യഭാമ ഇവിടെ ചെയ്തത്.
നൃത്ത വിദ്യാഭ്യാസം ആരാണ് ചെയ്യേണ്ടതെന്നും, ആര്‍ക്കാണ് യോജിക്കുന്നതെന്നും ജാതി പറയാതെ പറയുകയാണ് സത്യഭാമ ചെയ്തത്. ജാതിയുടെ നൃത്തഭംഗി ചോദ്യം ചെയ്യാന്‍ അവകാശമുള്ളത് ആര്‍ക്കാണ് എന്നതു കൂടി വെളിവാക്കുന്നുണ്ട്. ജാതിയില്‍ കുറഞ്ഞവന്‍ ചെയ്യേണ്ട ജോലികളും, കറുത്തവന്‍ കളിക്കേണ്ട നൃത്തവും ഏതാണെന്ന് പണ്ടേ എഴുതി വെച്ചിട്ടുണ്ടെന്ന് സാരം. അതിനുമപ്പുറം, ജാതിയില്‍ കുറഞ്ഞവനായ കറുപ്പന്‍, എന്തു ജോലി ചെയ്യണണെന്നും, എന്തു കായിക വിനോദം നടത്തണണെന്നും, എന്തു കഴിക്കണണെന്നുമൊക്കെയുള്ള നിശബ്ദ സൂചനകള്‍ സമൂഹത്തില്‍ വന്നു കഴിഞ്ഞു. അതായത്, വര്‍ണ്ണ വിവേചനം ഒരിടവേള എടുത്തിരുന്നതാണ്, അത് തിരിച്ചു വന്നുവെന്നു മാത്രം.
ഭരണാധികാരികള്‍ വഴിയും, വ്യക്തികള്‍ വഴിയുമൊക്കെയാണ് ഒരു സമൂഹത്തിന്റെ കാര്യക്രമങ്ങള്‍ നിശ്ചയിക്കുന്നത് ഇപ്പോഴും. അങ്ങനെയൊരു വ്യക്തിയിലൂടെ പരസ്യമാക്കപ്പെട്ട ജാതി വ്യവസ്ഥയായി സത്യഭാമയുടെ പ്രസ്താവനയെ കാണാം. കാരണം, ഒരു കറുത്തവന്‍ ഭരതനാട്യം നടത്തുന്നത് പെള്ളതള്ള സഹിക്കാത്ത കാര്യമാണെന്നു പച്ചയ്ക്ക് അഭിപ്രായം പറയാന്‍ തോന്നിയ മനസ്സ് ചാതുര്‍വര്‍ണ്യത്തില്‍ മുങ്ങി നില്‍ക്കുകയാണെന്ന് പറയാതെ വയ്യ. ജാതി ചോദിക്കരുത്, പറയരുത് എന്നു പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ നാട്ടില്‍ ജാതിയെ വേര്‍തിരിച്ചു നിര്‍ത്തുന്നതും വിളിച്ചു പറയുന്നതും ജാതിയുടെ പേരില്‍ ഊറ്റംൊള്ളുന്നവര്‍ തന്നെയാണ്.
കമ്യൂണിസ്റ്റ് നേതാക്കള്‍ പോലും ജാതി വാലിന്റെ മേന്‍മയില്‍ നേതാവാകുന്നതും ചാതുര്‍വര്‍ണ്യത്തിന്റെ അന്തര്‍ധാര സജീവമാണെന്നതിന് തെളിവാണ്. കെ. രാധാകൃഷ്ണനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ കഴിയാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും, ദ്രൗപതി മുര്‍മുവിനെ പ്രസിഡന്റാക്കിയാലും അയോദ്ധ്യ പ്രതിഷ്ഠാ ചടങ്ങില്‍ ഉള്‍പ്പെടുത്താത്ത വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരും ചാതുര്‍വര്‍ണ്യത്തിന്റെ അപ്പോസ്തലന്‍മാര്‍ തന്നെയാണ്. എന്നാല്‍, ഈ പ്രസ്ഥാനങ്ങളിലെ ചില വ്യക്തികള്‍ ചാതുര്‍വര്‍ണ്യത്തിന്റെയും പാര്‍ട്ടികളുടെയും പിടിയില്‍ നിന്നും, അവര്‍ എവിടെ നില്‍ക്കുന്നോ അവിടെ നിന്നു കൊണ്ടു കൊണ്ടുതന്നെ മുക്തി നേടിയവരാണെന്ന് പറയാതെ വയ്യ.
അത്തരം ഒറ്റപ്പെട്ടവരുടെ കൂട്ടവും കൂട്ടായ്മകളുമാണ് സമൂഹത്തിലേക്ക് ചാതുര്‍വര്‍ണ്യത്തെ കടത്തിക്കൊണ്ടു വരാന്‍ കുത്സിത ബുദ്ധികള്‍ നടത്തുന്ന ഇടപെടലുകളെ ഫലപ്രദമായി തടയുന്നത്. എന്നാല്‍, ഇത്തരം തടയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശഖ്തി കുറവാണ് എന്നതാണ് സത്യം. അതിലേറെ ശക്തി പ്രാപിച്ചിരിക്കുന്ന ചാതുര്‍വര്‍ണ്യ പ്രചാരകര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിയമത്തെപ്പലും വെല്ലുവിളിക്കാന്‍ പാകത്തിന് ശബ്ദമുയര്‍ത്തുന്നുണ്ട്. ഈ ശബ്ദം ഇന്നല്ലെങ്കില്‍ നാളെ മറ്റെല്ലാ ചെറു ശബ്ദങ്ങളെയും ഇല്ലാതാക്കുമെന്ന് അവര്‍ക്കറിയാം എന്നതാണ് വസ്തുത. കാരണം, ഭരണഘഠനയുടെ കടയ്ക്കല്‍ തന്നെ കത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന കാലമാണിന്ന്.
നോക്കൂ, കേരളത്തിന്റെ സാംസ്‌ക്കാരിക മന്ത്രി സജീ ചെറിയാന്‍ ഇതുവരെ സത്യഭാമാ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാല്‍, പട്ടികജാതി പട്ടിക വര്‍ഗ മന്ത്രി കെ. രാധാകൃഷ്ണന്‍ ഒന്നില്‍ക്കൂടുതല്‍ തവണം അഭിപ്രായം പറയുകയും ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അതിലേറെ വിചിത്രമാണ്. സത്യഭാമ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് പറഞ്ഞത്. കേരളത്തിലെ കെ.പി.സി.സിയോട് ഒന്നു ചോദിക്കട്ടെ, എന്നാണ് കെ.പി.സി.സിഅധ്യക്ഷനായി ഒരു പട്ടികജാതിക്കാരനെയോ പട്ടിക വര്‍ഗക്കാരനെയോ നിങ്ങള്‍ അവറോധിക്കുന്നത്. എന്നാണ് ഒരു പിന്നോക്കക്കാരനായ മുഖ്യമന്ത്രിയെ നിയോഗിക്കുക.
മറുപടിയില്ലാത്ത ചോദ്യം ചോദിച്ച് ശ്വാസം മുട്ടിച്ചതല്ല, കാര്യം പറഞ്ഞതാണ്. കേരളത്തിലെ മണ്ഡലങ്ങളില്‍പ്പോലും ജാതിയും മതവും വര്‍ഗവുമൊക്കെ നോക്കിയാണ് ഇന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. ചെന്നിത്തല നായരും, കുഞ്ഞാലിക്കുട്ടി മുസ്ലീമും, കൊടിക്കുന്നില്‍ സുരേഷ് പിന്നോട്ടക്കാരനും എന്നൊക്കെ വ്യക്തമായി പറയുന്നവരാണ് കോണ്‍ഗ്രസ്. മറ്റു പാര്‍ട്ടിക്കാര്‍ ഇതില്‍ നിന്നും വിഭിന്നരല്ല. ജാതിയുടെ കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ എല്‍.ഡി.എഫും, യു.ഡി.എഫും, ബി.ജെ.പിയും ഒറ്റക്കെട്ടാണ്. അങ്ങനെയുള്ള നാട്ടില്‍ കലാകാരന്‍മാരെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചു കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.
കറുപ്പിനെ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്ന സത്യഭാമയുടെ വാദം പോലും പരസ്യമായി ജാതി പറഞ്ഞിട്ടില്ല എന്ന സ്ട്രാറ്റജിയിലാണ്. എന്നാല്‍, കറുപ്പന്‍ എന്നുദ്ദേശിക്കുന്നത്, പിന്നോക്കക്കാരെയാണെന്ന് പിന്നോക്കക്കാരന് മനസ്സിലാകുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഇതിന്റെ പേരില്‍ ശക്തമായി തര്‍ക്കിക്കാം. കാരണം, അവരെയല്ല പറഞ്ഞതെന്ന് അവര്‍ക്കുമറിയാം, വിളിച്ചവര്‍ക്കുമറിയാം. അതുകൊണ്ടാണ് സത്യഭാമയുടെ ഈ അധിക്ഷഫത്തെ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഏറ്റെടുത്തതും അഡ്രസ് ചെയ്തതും. പറഞ്ഞതാരെയെന്ന് സത്യഭാമയ്ക്കും സമൂഹത്തിനും നന്നായറിയാം. പക്ഷെ, കറുത്തവന്റെ നിലവാരം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്, ആര്‍.എല്‍.വി രാമകൃഷ്ണന്റെ മോഹിനിയാട്ടത്തിലെ യോഗ്യതകളാണ്.
മോഹിനിയാട്ടത്തില്‍ നാലു വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ഒന്നാംറാങ്ക്. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ എംഫില്‍ ( ടോപ് സ്‌കോറര്‍). കേരള കലാമണ്ഡലത്തില്‍ നിന്നും മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി. ദൂരദര്‍ശന്‍ എ. ഗ്രേഡ് ആര്‍ട്ടിസ്റ്റ്. കാലടി സംസ്‌കൃത സര്‍വകലാശാല, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് എന്നിവിടങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍. യു.ജി.സി നെറ്റ് എന്നിവയാണ്. ഇത് ആരും കാണാതെ പോകരുത്. അതേസമയം, സത്യഭാമയുടെ യോഗ്യതകള്‍ കൂടി ഒന്ന് അറിഞ്ഞിരിക്കണം.
കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല തന്നെ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പണ്ടെങ്ങോ കലാമണ്ഡലത്തില്‍ പഠിച്ചിട്ടുണ്ട് എന്നല്ലാതെ, കലാമണ്ഡലവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നിട്ടും, സത്യഭാമയ്ക്ക് ജ്ഞാനം കൂടുതലാകുന്നത്, ജാത്യാലുള്ള മികവും വെളുത്തവളെന്ന അളവുമാണ്. രാമകൃഷ്ണന്റെ അക്കാദമിക് നിലവാരത്തെക്കാള്‍ സമൂഹം ഇതുവരെ സത്യഭാമയ്ക്ക് വിലയിട്ടിരുന്നതും ഇതൊക്കെയാണ്.
കേരളത്തിന്റെ ഭൂതകാല തിരസ്‌ക്കാരങ്ങളെ എണ്ണിയെണ്ണി പറയാനുണ്ട്. മലയാള സിനിമയിലെ ആദ്യനായിക പി.കെ. റോസി മുതല്‍ വിനായകന്‍ വരെയുണ്ട് ആ നീണ്ട നിര. കലാഭവന്‍ മണിയെന്ന അന്വശ്വര നടനെ മലയാളം എങ്ങെയാണ് ട്രീറ്റ് ചെയ്തത്. അപ്പോള്‍ അവയാളുടെ അനുജനെ എന്തു ചെയ്യുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കേരളത്തെ പീഡനകഥകള്‍ കൊണ്ട് നാറ്റിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രിയെ മൂക്കിട്ട് ക്ഷ വരപ്പിച്ചിട്ടും, ഒരു മന്ത്രിയെ രാജി വെപ്പിച്ചിട്ടും, ജയിലില്‍ കിടന്നിട്ടും ഇപ്പോഴും പിടിച്ചു നില്‍ക്കാനാകുന്നത്, ജാതിവാലിന്റെ ഒറ്റ ബലമാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രിയെയും കുടുംബത്തെയും ചക്രശ്വാസം വലിപ്പിക്കുകയും, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായുള്ള ലൈംഗിക കഥകള്‍ പുറത്തു വന്നിട്ടും പിടിച്ചു നിന്നത് അവരുടെ ജാതിയുടെ ശക്തി കൊണ്ടാണ്.
ഈ രണ്ടു വനിതകള്‍ക്കു പകരം ഏതെങ്കിലും പട്ടികജാതിയില്‍പ്പെട്ട സ്ത്രീകളായിരുന്നുവെങ്കില്‍ എന്തായിരിക്കുമായിരുന്നു അവസ്ഥ. അവര്‍ ഇന്ന് ഭൂമിക്കു മുകളില്‍ ഉണ്ടാകുമായിരുന്നില്ലെന്നു മാത്രമല്ല, തികഞ്ഞ അഭിസാരികമാരെന്ന ലേബലും കുത്തിക്കൊടുത്തേനെ സമൂഹം. എന്നാല്‍, ഇതെല്ലാം ചെയ്തിട്ടും വിവാദ നായികമാരായ രണ്ടുപേരും അഭിസാരികമാരേ അല്ല. അവര്‍ ഈ നാടിന്റെ അഭിമാനങ്ങളായിട്ടാണ് നില്‍ക്കുന്നത്. ഇതാണ് ജാതി കേരളത്തില്‍ ഇപ്പോള്‍ കാണിക്കാനാകുന്ന പ്രത്യക്ഷ ഉദാഹരണം.