തൊണ്ട വേദനയും വായിലെ ദുർഗന്ധവും: കാരണമെന്താണെന്ന് അറിയാമോ?

ഇടയ്ക്ക് പലർക്കും തൊണ്ടയിൽ പലവിധ അസ്വസ്ഥകൾ അനുഭവപ്പെടും. കാലാവസ്ഥയ്ക്ക് അനുസരിച്ചു തൊണ്ടയിലും മാറ്റങ്ങളുണ്ടാകും. എന്നാൽ ഇത് കൂടാതെ തൊണ്ടയിൽ  ടോണ്‍സിലസ്റ്റ് ഇഫെക്ഷൻ ബാധിക്കും. കുറുനാക്കിന് സമീപം രണ്ട് വശങ്ങളിലായി അല്പം തള്ളിനില്‍ക്കുന്ന ഭാഗമാണ്  ടോൺസിലസ്റ്. 

ലിംഫ് കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ടോണ്‍സില്‍ ഗ്രന്ഥികള്‍ ശരീരത്തിന്റെ പ്രാഥമിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ശ്വാസവായുവിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാം കടന്നുവരുന്ന രോഗാണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സില്‍ ഗ്രന്ഥികളാണ്.

രോഗാണുക്കള്‍ക്കെതിരേ ആന്റിബോഡികള്‍ ഇവ ഉത്പാദിപ്പിക്കും. എന്നാല്‍ ചിലപ്പോള്‍ ടോണ്‍സിലുകള്‍ക്ക് തന്നെ അണുബാധ ഏല്‍ക്കേണ്ടിവരാം. ഇങ്ങനെ ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന അണുബാധയെയാണ് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. ടോണ്‍സിലൈറ്റിസ് കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ കുട്ടികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്.

ലക്ഷണങ്ങള്‍

കഠിനമായ തൊണ്ടവേദനയാണ് ആദ്യ ലക്ഷണം. ഉമിനീര്‍ ഇറക്കുവാന്‍പോലും പ്രയാസമുണ്ടാകുന്നവിധം വേദന അനുഭവപ്പെടും. ഇതോടൊപ്പം പനിയും ഉണ്ടാകാം. കഴുത്തിലെ ചില കഴലകളില്‍ വീക്കവും കാണാറുണ്ട്. വായയില്‍നിന്ന് ദുര്‍ഗന്ധം വരാനുള്ള സാധ്യതയുമുണ്ട്. അണുബാധയുണ്ടായാല്‍ ടോണ്‍സിലുകള്‍ ചുവന്ന് തടിച്ച് കാണപ്പെടും. ആ ഘട്ടത്തില്‍ വായ തുറന്ന് കണ്ണാടിയില്‍ നോക്കിയാല്‍ ടോണ്‍സിലുകള്‍ വ്യക്തമായി തിരിച്ചറിയാനാകും. 

എത്ര വിധം? 

ടോണ്‍സിലൈറ്റിസിനെ അക്യൂട്ട് ടോണ്‍സിലൈറ്റിസ്, ക്രോണിക് ടോണ്‍സിലൈറ്റിസ് എന്നിങ്ങനെ തരംതിരിക്കാറുണ്ട്. പെട്ടെന്ന് വരുന്നതാണ് അക്യൂട്ട് ടോണ്‍സിലൈറ്റിസ്. ഇത് 3-5 ദിവസംകൊണ്ട് ഭേദമാകാറുണ്ട്.
ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ടോണ്‍സില്‍ അണുബാധയെയാണ് ക്രോണിക് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്.

ക്രോണിക് ടോണ്‍സിലൈറ്റിസ് ഉണ്ടായാല്‍ അഡിനോയ്ഡ് ഗ്രന്ഥിയ്ക്കും അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. മൂക്കിന് പിന്നിലായുള്ള ഗ്രന്ഥിയാണ് അഡിനോയ്ഡ്. അഡിനോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന അണുബാധകാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്.

കാരണം 

വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസ് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഏറ്റവുംകൂടുതല്‍ കാണുന്നത് വൈറസ് ബാധയാണ്. ചില രോഗികളില്‍ വൈറസും ബാക്ടീരിയയും ഒരുമിച്ച് ബാധിക്കാനുള്ള സാധ്യതയുമുണ്ട്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകള്‍ തന്നെയാണ് പലപ്പോഴും ടോണ്‍സിലൈറ്റിസിനും കാരണമാകുന്നത്.

ടോണ്‍സിലൈറ്റിസ് വന്നാൽ എന്തൊക്കെ ചെയ്യണം? 

തിളപ്പിച്ച ശേഷം ഇളം ചൂടോടെ വെള്ളം ധാരാളമായി കുടിക്കുക, ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുക. അതുകൊണ്ട് മാറ്റമില്ലെങ്കില്‍ ചികിത്സ തേടണം.

ചികിത്സ

വൈറസുകള്‍ കാരണം ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസിന് വേദന കുറയ്ക്കാനുള്ള മരുന്നുകളാണ് ആവശ്യമായി വരിക. ബാക്ടീരിയകാരണമുള്ള ടോണ്‍സിലൈറ്റിസ് ആണെങ്കില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമായി വരാം.  വളരെ കഠിനമായ ടോണ്‍സിലൈറ്റിസ് ആണെങ്കില്‍ ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ രൂപത്തിലും നല്‍കേണ്ടിവന്നേക്കാം.

ഒച്ചയടപ്പ്

സ്വനപേടകത്തിന് അണുബാധയുണ്ടാകുന്നത് ഒച്ചയടപ്പായി അനുഭവപ്പെടാം. സ്വനപേടകത്തിന് അണുബാധയുണ്ടാകുന്ന രോഗാവസ്ഥയെ ലാരിഞ്ചൈറ്റിസ്  എന്നുപറയുന്നു. വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ട്. മാത്രമല്ല, അലര്‍ജിയും ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇതുകൂടാതെ കൂടുതല്‍ ശബ്ദത്തിലും ദീര്‍ഘനേരവും സംസാരിക്കുന്നവര്‍ക്കും ഒച്ചയടപ്പ് വരാം. വോക്കല്‍ കോഡ് നോഡ്യൂളുകള്‍ ഉണ്ടാകുന്നതും ഒച്ചയടപ്പിന് കാരണമാകാറുണ്ട്.

ഒരു ടോണ്‍സില്‍ മാത്രം വലുതാകുമ്പോള്‍

ടോണ്‍സിലിനെ ബാധിക്കുന്ന അണുബാധ ടോണ്‍സിലിന് ചുറ്റിലുമുള്ള കാപ്്‌സ്യൂള്‍ വിട്ട് ടോണ്‍സിലാര്‍ ബെഡിലെത്തുകയും അവിടെ പഴുപ്പ് കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് പെരിടോണ്‍സിലാര്‍ ആബ്സസ്. ഇത് സാധാരണമായി ഒരു വശത്തുമാത്രമാണ് ഉണ്ടാകുന്നത്.

ഒരു ടോണ്‍സിലിനുമാത്രം പഴുപ്പുണ്ടായി ടോണ്‍സില്‍ ഒരു ഭാഗത്തേക്ക് മാറിനില്‍ക്കുന്ന അവസ്ഥ വരാം. സാധാരണഗതിയില്‍ വായ തുറന്ന് കണ്ണാടിയില്‍ നോക്കിയാല്‍ ചെറുനാക്ക് മധ്യഭാഗത്തായാണ് കാണുക. 

പെരിടോണ്‍സിലാര്‍ ആബ്സസ് വരുമ്പോള്‍ ഒരു ഭാഗത്തെ ടോണ്‍സില്‍ വീര്‍ത്തുവരുകയും അതിന്റെ ഫലമായി ചെറുനാക്ക് മറുവശത്തേക്ക് നീങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് ഗൗരവമായി കാണേണ്ട രോഗാവസ്ഥയാണ്. ഉടന്‍ ചികിത്സ തേടണം. പഴുപ്പ് പൂര്‍ണമായും നീക്കംചെയ്താല്‍മാത്രമേ രോഗം ഭേദമാവുകയുള്ളൂ. ഇതോടൊപ്പം ഇന്‍ജക്ഷനും ആവശ്യമായി വരാറുണ്ട്.

ലക്ഷണം

ശക്തമായ തൊണ്ടവേദന, ഭക്ഷണമിറക്കാന്‍ പ്രയാസം, പനി, വായയിലെ ദുര്‍ഗന്ധം എന്നിവയാണ് ലക്ഷണങ്ങള്‍