ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ സന്ദേശം പങ്കുവച്ച് ഭാര്യ സുനിത . സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബിജെപിയിൽനിന്നുള്ളവരെ വെറുക്കരുതെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. അരവിന്ദ് കേജരിവാളിൻ്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലാണ് സുനിത ഭർത്താവിൻ്റെ സന്ദേശം വായിച്ചത്.
‘‘സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നതു തുടരണം. ബിജെപിയിൽനിന്നുള്ള ആളുകളെ വെറുക്കരുത്. അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരാണ്. ഞാൻ താമസിയാതെ പുറത്തുവരും. എന്റെ വാഗ്ദാനങ്ങൾ നിറവേറ്റും. നമ്മുടെ രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്തുന്ന ഒരുപാട് ശക്തികളുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മഹത്തായതുമായ രാജ്യമായി നമ്മുടെ രാജ്യത്തെ വളർത്തേണ്ടതുണ്ട്’’ – അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
പുറത്തായാലും അകത്തായാലും രാജ്യത്തെ സേവിക്കുന്നതിനു വേണ്ടിയാണു താൻ ജീവിതം സമർപ്പിച്ചിട്ടുള്ളത്. രക്തത്തിലെ ഓരോ തുള്ളിയും രാജ്യത്തിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. എന്നും വാഗ്ദാനങ്ങൾ താൻ പാലിച്ചിട്ടുണ്ടെന്നു പറഞ്ഞ കേജ്‌രിവാൾ സ്ത്രീകൾക്ക് ആയിരം രൂപ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പും നൽകി. പോരാടുന്നതിനു വേണ്ടിയാണു താൻ ജനിച്ചത്. ഭാവിയിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ അദ്ദേഹം പറയുന്നു.
देशवासियों के लिए जेल से अरविंद केजरीवाल का संदेश। https://t.co/Q9K6JjSjke
— Arvind Kejriwal (@ArvindKejriwal) March 23, 2024
അതേസമയം, മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡൽഹി റോസ് അവന്യൂ കോടതി തള്ളിയിരുന്നു. ഈമാസം 28 വരെയാണ് അരവിന്ദ് കേജരിവാളിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടത്.
















