അധികാരത്തിൽ ഇരിക്കേ അറസ്റ്റിലായ ആദ്യ മുഖ്യമന്ത്രിയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജരിവാൾ. അറസ്റ്റിന് പിന്നാലെ ആര് പാർട്ടിയെ നയിക്കും ഇന്ദ്രപ്രസ്ഥ നഗരത്തിൻ്റെ അധികാരതാക്കോൽ ആർക്ക് കൈമാറും എന്ന ചർച്ചകളാണ് നിലവിൽ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ അടക്കം നടത്തിക്കൊണ്ടിരിക്കുന്നത്. കേജരിവാൾ എന്ന ഗ്രഹത്തിന് ചുറ്റും മാത്രം കറങ്ങിയ ഉപഗ്രഹം എന്ന നിലയിലാണ് പല മാധ്യമങ്ങളും എഎപിയെ വിലയിരുത്തുന്നത്.
കേജരിവാളിൻ്റെ അറസ്റ്റോടെ രാജ്യ തലസ്ഥാനം നിലവിലെ ഡൽഹി മുഖ്യമന്ത്രി ജയിലിൽ കിടന്ന് ഭരണം നടത്തും എന്നാണ് എഎപി നേതാക്കൾ പറയുന്നത്. അത് പ്രായോഗികമല്ലെന്ന് അവർക്ക് തന്നെ വ്യക്തമാണ്. കേജരിവാളിന് ജാമ്യമോ അനുകൂല വിധിയോ ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന് പദവി രാജിവയ്ക്കേണ്ടി വരും. അത് നിലവിൽ പരസ്യമായി പാർട്ടി അംഗീകരിച്ചിട്ടില്ലെങ്കിലും രഹസ്യമായി അത് പാർട്ടി തന്നെ അംഗീകരിക്കുന്നു. രാജിവയ്ക്കാതെ ഉറച്ച് നിന്നാൽ ലെഫ്.ഗവർണർ മന്ത്രിസഭയെ പിരിച്ചുവിട്ട് വീണ്ടും ജനവിധി തേടുന്നതിലേക്ക് എത്തും കാര്യങ്ങൾ. അതിന് നിലവിൽ എഎപിയും ഒരുക്കമല്ല. കേജരിവാളിൻ്റെ പിൻഗാമിയായി ഡൽഹി ഭരിക്കേണ്ട വ്യക്തിയെ അടുത്ത ദിവസങ്ങളിൽ തന്നെ പാർട്ടി പ്രഖ്യാപിക്കും എന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന സൂചന.
ജാമ്യം നേടി അരവിന്ദ് കേജരിവാൾ പൂർവാധികം ശക്തിയോടെ തിരിച്ചെത്തുമെന്നുതന്നെയാണ് എഎപി പ്രതീക്ഷിക്കുന്നത്. കേജരിവാളിൻ്റെ ഭാര്യയായ സുനിതയെ പകരക്കാരിയായി കൊണ്ടുവരുമെന്ന കിംവദികൾക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങൾക്ക് തിരിച്ചടിയായി എഎപി കേന്ദ്രങ്ങൾ നിലവിൽ ഉടൻ ഡൽഹി മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്തായാലും കേജരിവാളിന് പകരമായി സുനിത മുഖ്യമന്ത്രി പദത്തിൽ എത്തില്ലെന്നാണ് അന്വേഷണത്തിന് ലഭിക്കുന്ന സൂചന. തൻ്റെ അറസ്റ്റിന് ശേഷം ഭാര്യയെ ഉയർത്തി തിരിച്ചടി നൽകാമെന്ന കോൺഗ്രസ് പല തവണ പ്രായോഗിച്ച ,നിലവിൽ ബിജെപിയും ഇടതുപക്ഷവും പ്രയോഗിച്ച് കൊണ്ടിരിക്കുന്ന കുടുംബത്തെ ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയതന്ത്രത്തിന് എതിർ നിലപാടാണ് സാക്ഷാൽ കേജരിവാൾ തന്നെ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
നിലവിൽ തനിക്ക് പകരം ഭാര്യയെന്ന നിലപാടിനെ അംഗീകരിച്ചാൽ തരിപ്പണമാകുന്നത് പാർട്ടിയുടെ നിലപാടാണെന്ന് മറ്റാരേക്കാൾ നന്നായിട്ട് കേജരിവാളിനറിയാം. കേജരിവാളിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയിലെ രണ്ടാം പേരുകാരി അതിഷി മർലെന ഉൾപ്പെടെയുള്ളവർക്ക് സുനിതയെ ഉപയോഗിച്ച് നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കണമെന്ന് അഭിപ്രായമുള്ളപ്പോൾ പാർട്ടിയുടെ ഗോഡ്ഫാദർ തൻ്റെ തീരുമാനം അവരെ അറിയിച്ചു കഴിഞ്ഞതായിട്ടാണ് സൂചന.
പാർട്ടിയിൽ സെക്കൻ്റ് കമാൻഡൻ്റ് ആയി കേജ്‌രിവാൾ തന്നെ പ്രതിഷ്ഠിച്ച അതിഷി മർലെനെയായിരിക്കും ഇനി മന്ത്രിസഭയെ നയിക്കുക എന്ന സൂചന അറസ്റ്റിലായ ദേശീയ കൺവീനർ ബന്ധപ്പെട്ടവർക്ക് നൽകിക്കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിധം. നിലവിലെ ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപി രാഘവ് ചദ്ദ എന്നിവരുടെ പേരുകൾ അവഗണിച്ചാണ് കേജരിവാൾ തീരുമാനം ഏറ്റവും വേണ്ടപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്. നിലവിൽ ലഭിക്കുന്ന സൂചനപ്രകാരം അതിഷി മർലെനയായിരിക്കും കേജരിവാളിൻ്റെ അഭാവത്തിൽ പകരക്കാരിയായി ഡൽഹി ഭരിക്കുക.
ആരാണ് അതിഷി മർലെന
2019 ൽ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നു. അതിഷി മാര്‍ലെന എന്നായിരുന്നു സ്ഥാനാർത്ഥിയുടെ പേര് പേര്.എഎപി വനിതാ നേതാവും പാർട്ടി വക്താവുമായിരുന്നു അന്ന് അതിഷി മര്‍ലെന.
മര്‍ലെന എന്ന പേര് ബിജെപി ആയുധമാക്കി.ഒരു ഇന്ത്യക്കാരിക്ക് ഇങ്ങനെയൊരു പേര് എങ്ങനെവരുമെന്നാണ് അവരുടെ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് അതിഷിയുടെ പാരമ്പര്യവും സംസ്കാരവും. മര്‍ലെനഎന്ന പേര് ഭാരതീയമല്ല എന്ന ആരോപണം സത്യമായിരുന്നു. സമ്പന്നരും പാവപ്പെട്ടവരും എന്ന രണ്ടു വിഭാഗക്കാര്‍ മാത്രമാണ് ലോകത്തുള്ളതെന്ന് വിശ്വസിച്ച രണ്ടുപേരുടെ പേരുകളില്‍നിന്നാണ് ആ പേര് ഉദ്ഭവിക്കുന്നത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരും ലോകനേതാക്കളുമായ കാള്‍ മാര്‍ക്സിലെ മാര്‍ ഉം വ്ലാദിമര്‍ ലെനിനിലെ ലേനയും. ഇങ്ങനെയൊരു പേര് അതിഷിക്കു നല്‍കിയത് മാതാപിതാക്കളും ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങും ത്രിപ്ത വാഹിനിയുമായിരുന്നു.
ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ അച്ഛനമ്മമാര്‍. മാര്‍ക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് അവര്‍ മകളുടെ പേരിനൊപ്പം മര്‍ലെനഎന്നുകൂടി ചേര്‍ത്തതും. “അതിഷിയുടെ മതത്തെക്കുറിച്ചു കോൺഗ്രസും ബിജെപിയും അസത്യം പ്രചരിപ്പിക്കുന്നതിൽ ഏറെ ആശങ്കയുണ്ട്. ബിജെപി, കോൺഗ്രസ് പ്രവർത്തകരേ, നിങ്ങളുടെ എതിർ സ്ഥാനാർഥിയുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്. ഒരു രജപുത്ര വനിത. ഝാൻസിയിലെ റാണി..അവർ ജയിക്കും പുതിയ ചരിത്രം സൃഷ്ടിക്കും”-പേര് തെറ്റിധാരണയ്ക്ക് ഇടയാക്കുകയും അതിഷി വിദേശിയാണെന്ന പ്രചാരണം വ്യാപകമാകുകയും ചെയ്തപ്പോള്‍ അന്നത്തെഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഗൗതം ഗംഭീറിനോട് 4.77 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട് അവർ മൂന്നാം സ്ഥാനത്തായി.
തുടർന്ന് 2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്ന് അതിഷി മത്സരിച്ചു. 11,422 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി ധരംബീർ സിങ്ങിനെ പരാജയപ്പെടുത്തി. വിവാദമായ മദ്യനയ അഴിമതിക്കേസിൽ ഡൽഹിഉപമുഖ്യമന്ത്രി മനീഷ് സിസോദിയ , ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ എന്നിവരുടെ രാജിക്ക് ശേഷം 2023 മാർച്ച് 9 ന് സൗരഭ് ഭരദ്വാജിനൊപ്പം അരവിന്ദ് കേജരിവാൾ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. നിലവിൽ ഡൽഹി സർക്കാരിൽ ധനമന്ത്രിയാണ്. ഡൽഹി സർക്കാരിലെ ഏക വനിതാ മന്ത്രിയും ഏറ്റവും കൂടുതൽ വകുപ്പുകൾ വഹിക്കുന്നതും മന്ത്രിയും അതിഷിയാണ്. ധനം, ജലം, വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി, റവന്യൂ, നിയമം, ആസൂത്രണം, സേവനങ്ങൾ, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി, വിജിലൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്.
1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്പ്രിങ്ഡെയ്ല്‍ സ്കൂളില്‍നിന്ന്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം. ഒന്നാം റാങ്കുകാരിയായി ബിരുദം സ്വന്തമാക്കിയ അവര്‍ നേരെ പോയത് ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശയിലേക്ക്. 2003-ല്‍ ഉന്നതനിലയില്‍ ബിരുദാനന്തര ബിരുദം. ഓക്സഫഡിലും തിരിച്ച് ഇന്ത്യയിലെത്തി റിഷിവാലി സ്കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനുശേഷം സുഖവും സൗകര്യവും ആഡംബരവും നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് അതിഷി സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി.
മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തില്‍ ജൈവകൃഷിയുമായി തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കണ്ണില്‍പ്പെട്ട അതിഷി ഡല്‍ഹിയില്‍ എത്തിയത് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായി. നിര്‍ഭയ സംഭവത്തില്‍ ഉള്‍പ്പെടെ അധികാര ശക്തികള്‍ക്കെതിരെ രൂക്ഷമായ പൗരത്വ പ്രക്ഷോഭത്തിലെ അംഗമായി. ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായ അതിഷി ഡല്‍ഹിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനൊപ്പം രാജ്യതലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലായിരുന്നു അതിഷിയുടെ പ്രവര്‍ത്തനങ്ങള്‍.