സിഡ്നി:ഓസ്ട്രേലിയയിലെ സിഡ്നിക്കു സമീപം ഡുബ്ബോയിൽ വീടിനു തീപിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കുണ്ടറ സ്വദേശിനിയായ പെരുമ്പുഴ പുന്നവിള കുടുംബാംഗം പുനക്കന്നൂർ ഷാരോൺ ഭവനിൽ അലക്സാണ്ടർ ഏബ്രഹാമിന്റെയും എൽസി അലക്സാണ്ടറിന്റെയും മകൾ ഷെറിൻ ജാക്സൺ (33) ആണു മരിച്ചത്.പുക ശ്വസിച്ചു ഗുരുതരാവസ്ഥയിൽ ഡുബ്ബോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 22നാണു മരിച്ചത്.21ന് പുലർച്ചെയായിരുന്നു അപകടം.
സംഭവ സമയം ഭർത്താവ് ജാക്സൺ ജോലിക്കു പോയിരുന്നതിനാൽ ഷെറിൻ മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. ഡുബ്ബോ ആശുപത്രിയിൽ നഴ്സ് യൂണിറ്റ് മാനേജർ ആയിരുന്നു. വർഷങ്ങളായി സിഡ്നിയിലാണു താമസം. ടെക്സ്റ്റൈൽ എൻജിനീയറായ ജാക്സൺ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്. ഷോർട്ട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം. സംസ്കാരം പിന്നീട്. സഹോദരി: ഷെറിൽ തോമസ്.